ജൂലൈ 7-നായിരുന്നു തുടക്കം. പിന്നീട് ആഗസ്റ്റ് 7-ന് അത് തുടര്‍ന്നു. സ്‌കാള്‍ഫാരിലാ 'റെപ്പുബ്ലിക്ക' എന്ന സ്വന്തം പത്രത്തില്‍ വിശ്വാസത്തിന്റെ വെളിച്ചത്തെക്കുറിച്ച് ലേഖനം എഴുതി. കൂടെ ഫ്രാന്‍സിസ് പാപ്പായോട് കുറെ ചോദ്യങ്ങളും. സെപ്തംബറില്‍ പാപ്പാ മറുപടി കൊടുത്തു. സ്‌കാള്‍പാരി അത് പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് ഫ്രാന്‍സിസ് പാപ്പാ സ്‌കോള്‍ഫാരിയെ ഫോണെടുത്ത് വിളിച്ചത്-മുഖാമുഖം സംസാരിക്കാന്‍. എവുജേനിയോ സ്‌കാള്‍ഫാരിയും ഫ്രാന്‍സിസ് പാപ്പായും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച.
ഫ്രാന്‍സിസ് പാപ്പാ എന്നോടു പറഞ്ഞു: ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ യുവാക്കളുടെ തൊഴിലില്ലായ്മയും വയോധികരുടെ ഏകാന്തതയുമാണ്. വൃദ്ധര്‍ക്ക് പരിഗണനയും സൗഹൃദവും കരുതലും വേണം. യുവാക്കള്‍ക്കും ഇതൊന്നും കിട്ടുന്നില്ല. ഇതിനെക്കാള്‍ അപകടകരമാണ് പ്രതീക്ഷപോലും അവര്‍ക്ക് ഇല്ലാതായിരിക്കുന്നു എന്നത്. ഈ കാലഘട്ടം അത്തരം പ്രതീക്ഷകളെപ്പോലും തകര്‍ത്തുകളഞ്ഞിരിക്കുന്നു. ഇപ്രകാരം തങ്ങള്‍ക്കു ലഭിക്കേണ്ടതു ലഭിക്കും എന്ന പ്രതീക്ഷകളെപ്പോലും തകര്‍ത്തുകളഞ്ഞ ഒരു കാലത്ത് നമുക്ക് ജീവിക്കാനാകുമോ? ഭൂതകാലത്തിന്റെ ഓര്‍മ്മകളില്ലാതെയും ഒരു നല്ല ഭാവിയോ, കുടുംബമോ നിര്‍മ്മിക്കാനോ ഉള്ള താല്‍പര്യംപോലും ഇല്ലാതെയും നമുക്ക് എങ്ങനെ മുമ്പോട്ടു പോകാനാകും? എന്റെ അഭിപ്രായത്തില്‍ സഭ നേരിടുന്ന ഏറ്റവും അടിയന്തരപ്രശ്‌നം ഇതാണ്. സ്‌കാള്‍ഫാരി: സര്‍ക്കാരും, രാഷ്ട്രീയക്കാരും കൈകാര്യം ചെയ്യേണ്ട രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നമല്ലേ ഇതെന്നാണ് എന്റെ ചോദ്യം.
പാപ്പാ: നിങ്ങള്‍ പറയുന്നത് ശരിയാണ്. പക്ഷേ അതു സഭയെയും ബാധിക്കുന്നവയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇതു കൂടുതല്‍ബാധിക്കുന്നത് സഭയെയാണ്. കാരണം ഇവ മുറിപ്പെടുത്തുന്നത് ഒരുവന്റെ ശരീരത്തെ മാത്രമല്ല. ആത്മാവിനെകൂടിയാണ്. ആത്മാവിനെയും ശരീരത്തെയും സഭ ഒരേപോലെ പരിഗണിക്കേണ്ടതുണ്ട്. സ്‌കാള്‍ഫാരി: സഭ പരിഗണിക്കണം എന്ന് അങ്ങു പറയുന്നു. ഇതിനര്‍ത്ഥം സഭ ഇവയെ ഒന്നും ഇപ്പോള്‍ പരിഗണിക്കുന്നില്ല എന്നാണോ? സഭയെ ആ വഴിക്ക് അങ്ങ് നയിക്കും എന്നാണോ?
പാപ്പാ: ഒരു പരിധിവരെ ഇത്തരം കാര്യങ്ങളെപ്പറ്റി സഭ ബോധവതിയാണ്. എന്നാല്‍ വേണ്ടുവോളം ബോധവതി അല്ല താനും. പൂര്‍ണ്ണമായും അങ്ങനെ ആകണം എന്നാണ് എന്റെ ആഗ്രഹം. സഭ ഇന്ന് നേരിടുന്ന ഒരു പ്രശ്‌നം ഇതാണ് ഏറ്റവും അടിയന്തര സ്വഭാവത്തോടെ ക്രിയാത്മകമായി ഇടപെടേണ്ട പ്രശ്‌നവും ഇതുതന്നെ.
മാര്‍പാപ്പായുമായുള്ള എന്റെ കൂടിക്കാഴ്ച സാന്താ മാര്‍ത്തയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍വച്ചാണ് നടന്നത്. ഒരു മേശയും അതിനു ചുറ്റും അഞ്ചോ, ആറോ കസേരകളും, ചുമരില്‍ ഒരു പെയ്ന്റിങ്ങും മാത്രമുള്ള ഒരു ചെറിയ മുറി. ഈ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത് എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും മറക്കാത്ത ഒരു ഫോണ്‍ വിളിയാണ്.
ഞാന്‍ എന്റെ പത്ര ഓഫീസില്‍ ഇരിക്കുന്നു. സമയം ഏകദേശം ഉച്ചകവിഞ്ഞ് 2.30. ഓഫീസിലെ ഫോണ്‍ ശബ്ദിക്കുന്നു. സെക്രട്ടറി ഫോണ്‍ എടുക്കുന്നു. അയാള്‍ ഏറെ പരിഭ്രമിച്ച ശബ്ദത്തോടെ എന്നോടു പറഞ്ഞു: പാപ്പാ വിളിക്കുന്നു. ഞാന്‍ റിസീവര്‍ കൈയിലെടുത്തു. ഹലോ എന്നു പറഞ്ഞു. അപ്പുറത്തുനിന്നും കേള്‍ക്കുന്നത് മാര്‍പ്പാപ്പായുടെ ശബ്ദമാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല:ഹലോ ഇത് ഫ്രാന്‍സിസ് പാപ്പായാണ്. ആ ശബ്ദം എന്റെ കാതില്‍ പതിച്ചപ്പോള്‍ എന്തു പറയണം എന്നറിയാതെ ഞാന്‍ അത്ഭുതംകൊണ്ട് ആകെ തരിച്ചുപോയി. എന്നിട്ടും ഞാന്‍ പറഞ്ഞുപാപ്പാ എന്നെ വിളിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. പാപ്പാ പറഞ്ഞു:എന്തിനാണ് അത്ഭുതപ്പെടുന്നത്? എന്നെ കാണണം എന്നു പറഞ്ഞ് നിങ്ങള്‍ എനിക്കൊരു കത്തയച്ചിരുന്നില്ലേ? എനിക്കും അങ്ങനെ ഒരാഗ്രഹം തോന്നി. നമ്മള്‍ തമ്മിലൊരു കൂടിക്കാഴ്ച ഉറപ്പിക്കുന്നതിനാണ് ഞാന്‍ വിളിച്ചത്. അങ്ങനെ ആ ഫോണ്‍ സംഭാഷണത്തിനൊടുവില്‍ അടുത്ത ചൊവ്വാഴ്ച സെപ്തംബര്‍ 24-ാം തീയതി മൂന്നു മണിക്ക് സാന്താ മാര്‍ത്തയില്‍ വച്ച് കാണാം എന്നു തീരുമാനിച്ചു. ആ ഫോണ്‍ സംഭാഷണം എങ്ങനെ അവസാനിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ചോദിച്ചു.''എനിക്ക് ഫോണിലൂടെ അങ്ങയെ ആലിംഗനം ചെയ്യാമോ? മറുപടി ഉറച്ചതായിരുന്നു.''തീര്‍ച്ചയായും ഞാന്‍ നിങ്ങളെയും ആലിംഗനം ചെയ്യുന്നു. അങ്ങനെയാണ് ഈ കൂടിക്കാഴ്ച സാധ്യമായത്. ഹസ്തദാനം ചെയ്ത് ഞങ്ങളിരുവരും മേശയ്ക്ക് അപ്പുറവും ഇപ്പുറവുമായി ഇരുന്നു.
പാപ്പാ: താങ്കളെ അറിയാവുന്ന എന്റെ ചില സഹപ്രവര്‍ത്തകര്‍ പറഞ്ഞു. താങ്കള്‍ താങ്കളുടെ ആശയങ്ങളിലേക്കു എന്നെ മാറ്റിയെടുക്കും എന്ന്.
സ്‌കാള്‍ഫാരി: അത് രസകരമായിരിക്കുന്നല്ലോ. എന്റെ സുഹൃത്തുക്കളും പറഞ്ഞു പാപ്പാ എന്നെ മാനസാന്തരപ്പെടുത്തുമെന്ന്.
പാപ്പ: (ചിരിച്ചുകൊണ്ട്) ഒരാളെ മാനസാന്തരപ്പെടുത്തുക എന്നത് ശുദ്ധ അസംബന്ധമാണ്. നമ്മള്‍ പരസ്പരം അറിയണം; പരസ്പരം കേള്‍ക്കണം. അങ്ങനെ നമുക്ക് ചുറ്റുമുള്ള ലോകത്തെപ്പറ്റിയുള്ള നമ്മുടെ അറിവ് വര്‍ദ്ധിപ്പിക്കണം. പലപ്പോഴും ഒരു കൂടിക്കാഴ്ച കഴിഞ്ഞാല്‍ മറ്റൊരു കൂടിക്കാഴ്ചയെപ്പറ്റി ആലോചിക്കാന്‍ ഞാന്‍ പറയും. കാരണം പരസ്പരമുള്ള സംവാദങ്ങളില്‍നിന്നാണ് പുതിയ ആശയങ്ങളും ആവശ്യങ്ങളും രൂപപ്പെടുക. പരസ്പരം അിറയുക അറിയുക, അങ്ങനെ ആശയങ്ങളുടെ വലയം വലുതാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരസ്പരം അടുക്കുകയും അകലുകയും ചെയ്യുന്ന വിരുദ്ധവീഥികള്‍ നിറഞ്ഞതാണീ ലോകം. എന്നാല്‍ ഈ വഴികളെല്ലാം നന്മയിലേക്ക് നയിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.
സ്‌കാള്‍ഫാരി: നന്മയെപ്പറ്റി ലോകത്തില്‍ ഒരു ഏകവീക്ഷണമുണ്ടോ? ഉണ്ടെങ്കില്‍ ആരാണത് തീരുമാനിക്കുന്നത്?
പാപ്പാ: നന്മയെയും തിന്മയെയുംപറ്റി നമുക്കോരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണുള്ളത്. ഓരോരുത്തനും നന്മയെന്നു കരുതുന്നതിലേക്ക് എത്തിച്ചേരാന്‍ അവനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മുടെ കടമ.
സ്‌കാള്‍ഫാരി: മനസ്സാക്ഷി സ്വയാധികാരമുള്ളതാണെന്ന് എനിക്കയച്ച കത്തില്‍ അങ്ങ് പറഞ്ഞിരുന്നല്ലോ. അതുകൊണ്ട് ഓരോരുത്തരും അവനവന്റെ മനഃസാക്ഷിയെ അനുസരിക്കണമെന്നും. മാര്‍പ്പാപ്പാ എടുക്കുന്ന ധീരമായ തീരുമാനങ്ങളിലൊന്ന് ഇതാണെന്ന് ഞാന്‍ കരുതുന്നു.
പാപ്പാ: ഞാനത് വീണ്ടും ആവര്‍ത്തിക്കുന്നു. നന്മയെയും തിന്മയെയും പറ്റി ഓരോരുത്തനും അവനവന്റേതായ കാഴ്ചപ്പാടുണ്ട്. ഓരോരുത്തനും അവനവന്റെ കാഴ്ചപ്പാടിലെ നന്മയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും തിന്മയ്‌ക്കെതിരായി നില്ക്കുകുയം വേണം. ലോകത്തെ, ഒരിക്കല്‍കൂടി നന്മയുടെസ്ഥലമാക്കാന്‍ അതു മതിയാകും.
സ്‌കാള്‍ഫാരി: സഭ അതു ചെയ്യുന്നുണ്ടോ?
പാപ്പാ: അതാണ് സഭയുടെ ദൗത്യം. ജനങ്ങളുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങള്‍ തിരിച്ചറിയുകയും നമ്മാലാവും വിധം അവ സാധിച്ചുകൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യുക. 'അഗാപ്പേ' എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?
സ്‌കാള്‍ഫാരി: എനിക്കറിയാം.
പാപ്പാ: ക്രിസ്തു പഠിപ്പിച്ചതുപോലെ അത് പരസ്‌നേഹമാണ്. അത് മന:പരിവര്‍ത്തനമെന്ന, സ്‌നേഹമാണ്. അയര്‍ക്കാരനുവേണ്ടിയുള്ള സ്‌നേഹമാണത്. പൊതുനന്മയെ പുഷ്ടിപ്പെടുത്തുന്നതാണത്.
സ്‌കാള്‍ഫാരി: അതായത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.
പാപ്പാ: അതുതന്നെ.
സ്‌കാള്‍ഫാരി: യേശുക്രിസ്തു തന്റെ പ്രഭാഷണത്തില്‍ പറഞ്ഞിട്ടുണ്ട്. പരസ്‌നേഹത്തിലൂടെ മാത്രമേ ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയൂ എന്ന്. അത് ശരിയല്ലേ?
പാപ്പാ: നിങ്ങള്‍ക്കു തെറ്റിയിട്ടില്ല. ദൈവപുത്രന്‍ മനുഷ്യഹൃദയങ്ങളില്‍ വസിക്കുന്നത് സാഹോദര്യത്തിന്റെ വികാരം കുത്തിവയ്ക്കാനാണ്. എല്ലാവരും ഒരേ പിതാവിന്റെ മക്കളാണ്. അതിനാല്‍ സോഹദരന്മാരുമാണ്. ക്രിസ്തു ദൈവത്തെ 'ആബാ,' 'പിതാവേ' എന്നാണ് വിളിച്ചത്. ഞാന്‍ നിങ്ങള്‍ക്ക് വഴികാണിച്ചുതരാം എന്നാണ് ക്രിസ്തു പറഞ്ഞത്. എന്റെ പിന്നാലെവരിക. നിങ്ങള്‍ക്ക് പിതാവിനെ കണ്ടെത്താനാവും. അപ്പോള്‍ നിങ്ങളെല്ലാം ആ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് നിങ്ങളില്‍ സന്തോഷിക്കുകയും ചെയ്യും. നമുക്ക് ഓരോരുത്തര്‍ക്കും മറ്റുള്ളവരോടുള്ള സ്‌നേഹമാണ് 'അഗാപ്പേ'. നമ്മുടെ അടുത്തു നില്‍ക്കുന്നവരോടും, അകന്നുനില്‍ക്കുന്നവരോടും ഉള്ള സ്‌നേഹം. അതുമാത്രമാണ് യേശു നമുക്കു തന്ന രക്ഷയിലേയ്ക്കും സൗഭാഗ്യത്തിലേയ്ക്കുമുള്ള ഏക വഴി.
സ്‌കാള്‍ഫാരി: നമ്മള്‍ പറഞ്ഞതുപോലെ അയല്‍ക്കാരനോടുള്ള സ്‌നേഹം തന്നോടുതന്നെയുള്ള സ്‌നേഹത്തിന് തുല്യമാണെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ 'ആത്മാനുരാഗം' എന്നു വിളിക്കപ്പെടുന്നത് പരസ്‌നേഹത്തെപ്പോലെതന്നെ ഗുണപരവും വിലയുള്ളതുമാണെന്ന് വരുകയല്ലേ.
പാപ്പാ: 'ആത്മാനുരാഗം' എന്ന വാക്ക് എനിക്കിഷ്ടമല്ല. അത് ഉദ്ദേശിക്കുന്നത് ആത്മരതിയെയാണ്. അത് സ്വയംപൂജയാണ്. അതിലുള്‍പ്പെട്ടിരിക്കുന്ന വ്യക്തിക്കും അയാളുമായി ബന്ധപ്പെട്ടവര്‍ക്കും, അയാള്‍ ഉള്‍പ്പെടുന്ന സമൂഹത്തിനും അതു ഗുണം ചെയ്യില്ല. യഥാര്‍ത്ഥപ്രശ്‌നം അതൊരുതരം മാനസികവിഭ്രാന്തിയാണ് എന്നതാണ്. ഇത് പിടിപെട്ടിരിക്കുന്ന പലരും അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമാണ്. മിക്കപ്പോഴും അധികാരികള്‍ ആത്മാനുരാഗികളാണ്.
സ്‌കാള്‍ഫാരി: പലപ്പോഴും സഭയുടെ അധികാരികളും അങ്ങനെയായിരുന്നു?
പാപ്പാ: ഞാന്‍ അതിനെപ്പറ്റി എന്താണ് ചിന്തിക്കുന്നത് എന്നറിയാമോ? സഭാമേലദ്ധ്യന്മാര്‍ പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട്-കൊട്ടാരവിദൂഷകരുടെ മുഖസ്തുതികളില്‍ കോള്‍മയിര്‍കൊള്ളുന്ന ആത്മാനുരാഗികള്‍. ഈ കൊട്ടാരവിദൂഷകരാണ് പേപ്പസ്സിയുടെ കുഷ്ഠരോഗം.
സ്‌കാള്‍ഫാരി: പേപ്പസിയുടെ കുഷ്ഠരോഗം. അതാണ് അങ്ങ് ഉപയോഗിച്ച പ്രയോഗം. കൊട്ടാരവിദൂഷകര്‍ ആരാണ്? കൂരിയയാണോ?
പാപ്പാ: അല്ല. കൂരിയായെ പൊതുവില്‍ അങ്ങനെ പറയാനാവില്ല. കൂരിയായില്‍ വിദൂഷക സംഘങ്ങളുണ്ട്. സൈന്യത്തില്‍ ക്വാര്‍ട്ടര്‍മാസ്റ്ററുടെ ഓഫീസ് എന്നു പറയുന്നതു പോലെയാണത്. പരിശുദ്ധസിംഹാസനത്തെ സേവിക്കുന്ന ശുശ്രൂഷകളെ നിയന്ത്രിക്കുക എന്നതാണ് അതിന്റെ ദൗത്യം. പക്ഷേ, അതിനൊരു കുറവുണ്ട്. അത് വത്തിക്കാന്‍ കേന്ദ്രീകൃതമാണ്. വത്തിക്കാന്റെ താല്പര്യങ്ങള്‍ മാത്രമേ അതു കാണുന്നുള്ളൂ; സംരക്ഷിക്കുന്നുള്ളൂ. അത് പലപ്പോഴും ഭൗതികതാല്‍പര്യങ്ങളാണുതാനും. വത്തിക്കാന്‍കേന്ദ്രീകൃതമായ വീക്ഷണം ചുറ്റുമുള്ള ലോകത്തെ അവഗണിക്കുന്നു. ഞാന്‍ ഈ കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല. ഇതു മാറ്റാന്‍ എന്നെക്കൊണ്ട് ആവുന്നതെല്ലാം ഞാന്‍ ചെയ്യും. ദൈവജനത്തിന്റെ കൂട്ടായ്മയായി സഭ മാറണം. ആത്മാക്കളുടെ ശുശ്രൂഷാചുമതലയുള്ള വൈദികരും മെത്രാന്മാരും ദൈവജനശുശ്രൂഷയില്‍ വ്യാപൃതരാകണം. ഇതാണ് സഭ. ഇതു തന്നെയാണ് പരിശുദ്ധസിംഹാസനവും (പേപ്പസി). എങ്കിലും അതിന് അതിന്റേതായ കര്‍ത്തവ്യങ്ങളുണ്ട്. എന്നാല്‍ ഈ കര്‍ത്തവ്യങ്ങള്‍ സഭയുടെ സേവനത്തിനുള്ളതായിരിക്കണം. സഭയുടെ പരിശീലനം കിട്ടിയില്ലായിരുന്നെങ്കില്‍ ദൈവത്തിലും ദൈവപുത്രനിലും ഞാന്‍ വിശ്വസിക്കുമായിരുന്നില്ല. അര്‍ജന്റീനപോലെ ഒരു രാജ്യത്ത് ജീവിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ എന്നെപറ്റിയോ; എന്റെ വിശ്വാസത്തെപ്പറ്റിയോ ബോധവാനാകുമായിരുന്നില്ല.
സ്‌കാള്‍ഫാരി: വളരെ ചെറുപ്രായത്തില്‍ തന്നെ അങ്ങേക്ക് ദൈവവിളി കിട്ടി അല്ലേ?
പാപ്പാ: ഇല്ല. അത് അത്ര ചെറുപ്രായത്തിലൊന്നും ആയിരുന്നില്ല. ഞാന്‍ പഠിച്ച് ഒരു ജോലി സമ്പാദിച്ച് കാശുണ്ടാക്കണം എന്നതായിരുന്നു എന്റെ കുടുംബത്തിന്റെ ആഗ്രഹം. ഞാന്‍ യൂണിവേഴ്‌സിറ്റിയില്‍ പോയി. അവിടെ ഞാന്‍ ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ഒരു അധ്യാപിക ഉണ്ടായിരുന്നു. അവര്‍ ഒരു കടുത്ത കമ്മ്യൂണിസ്റ്റുകാരിയായിരുന്നു. അവര്‍ പലപ്പോഴും പാര്‍ട്ടിരേഖകള്‍ എന്നെ വായിച്ചുകേള്‍പ്പിക്കുമായിരുന്നു. ചില കമ്മ്യൂണിസ്റ്റ്പുസ്തകങ്ങളും അവര്‍ എനി ക്ക് വായിക്കാന്‍ തന്നു. അതുകൊണ്ട് ഭൗതികവാദത്തെ അടുത്തറിയാന്‍ എനിക്കു സാധിച്ചു. അര്‍ജന്റീനയിലെ ഏകാധിപത്യഭരണകൂടം പിന്നീടവരെ കഠിനതടങ്കലില്‍ പാര്‍പ്പിക്കുകയും പീഡിപ്പിക്കുകയും അവസാനം വധിക്കുകയും ചെയ്തു.
സ്‌കാള്‍ഫാരി: അങ്ങ് കമ്മ്യൂണിസത്തില്‍ ആകൃഷ്ടനായോ?
പാപ്പാ: ടീച്ചറുടെ ഭൗതികവാദത്തിന് എന്റെമേല്‍ സ്വാധീനം ചെലുത്താനായില്ല. എന്നാല്‍ അതിനെക്കുറിച്ച് ധീരയും സത്യസന്ധയുമായ ഒരു വനിതയിലൂടെ പഠിക്കാന്‍ കഴിഞ്ഞത് വളരെ സഹായകമായി. സമൂഹത്തെപ്പറ്റിയുള്ള ചില കാഴ്ചപ്പാടുകള്‍ എനിക്കവരില്‍ നിന്നു പഠിക്കാന്‍ കഴിഞ്ഞു. പിന്നീട് ഈ കാഴ്ചപ്പാടുകള്‍ ഞാന്‍ സഭയുടെ സാമൂഹ്യ പ്രമാണങ്ങളിലും കണ്ടു.
സ്‌കാള്‍ഫാരി: ജോണ്‍ പോള്‍ മാര്‍പാപ്പാ നിരോധിച്ച വിമോചനദൈവശാസ്ത്രം ലാറ്റിന്‍ അമേരിക്കയില്‍ വളരെ ശക്തമായിരുന്നില്ലേ?
പാപ്പാ: ശരിയാണ് അതിന്റെ വക്താക്കളില്‍ പലരും അര്‍ജന്റീനക്കാരാണ്.
സ്‌കാള്‍ഫാരി: മാര്‍പാപ്പാ അതിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് ശരിയാണെന്നു കരുതുന്നുണ്ടോ?
പാപ്പാ: അവരുടെ ദൈവശാസ്ത്രത്തിന് രാഷ്ട്രീയമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ അവരില്‍ പലരും നല്ല ദൈവവിശ്വാസികളും വളരെ ഉയര്‍ന്ന മനുഷ്യസ്‌നേഹികളുമായിരുന്നു എന്നു നാം ഓര്‍ക്കണം.
സ്‌കാള്‍ഫാരി: എന്റെ സാംസ്‌കാരികചുറ്റുപാടുകളെക്കുറിച്ച് ഞാന്‍ അങ്ങയോടു പറയട്ടെ. ഉത്തമകത്തോലിക്കാവിശ്വാസമുള്ള ഒരു അമ്മയാണ് എന്നെ വളര്‍ത്തിയത്. എന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ വേദപാഠത്തിന് എനിക്ക് രൂപതയില്‍ ഒന്നാം സ്ഥാനമായിരുന്നു. എല്ലാ മാസാദ്യവെള്ളിയാഴ്ചയും ഞാന്‍ കുമ്പസാരിച്ച് കുര്‍ബ്ബാന സ്വീകരിക്കുമായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ഞാനൊരു ഉത്തമകത്തോലിക്കാ വിശ്വാസിയായിരുന്നു. എന്നാല്‍ ഹൈസ്‌കൂളില്‍ പ്രവേശിച്ചതോടെ കാര്യങ്ങള്‍ തലകീഴായ് മറിഞ്ഞു. മറ്റു തത്വശാസ്ത്രപുസ്തകങ്ങളുടെ കൂടെ ഞാന്‍ ദെക്കാര്‍ട്ടിന്റെ 'ഉശരെീൗൃലെ ീി ാലവേീറ' വായിച്ചു. ''ഞാന്‍ ചിന്തിക്കുന്നു; അതുകൊണ്ട് ഞാന്‍ ഉണ്ട്.''എന്ന വാചകം എങ്കില്‍ തുളച്ചു കയറി. ഈ പുസ്തകം ഒരു പുതിയ ലോകം എനിക്കു തുറന്നു തന്നു- വ്യക്തിയാണ് മനുഷ്യവംശത്തിന്റെ അടിസ്ഥാനഘടകം, സ്വതന്ത്രചിന്തയുടെ ഇരിപ്പിടം.
പാപ്പാ: ദെക്കാര്‍ട്ട് ഒരിക്കലും ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നില്ലല്ലോ!.
സ്‌കാള്‍ഫാരി: അതു ശരിയാണ്. എന്നാല്‍ വ്യത്യസ്തമായൊരു കാഴ്ചയുടെ അടിസ്ഥാന ശിലകള്‍ എന്നില്‍ പാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നീട് ഞാന്‍ ആ പാത പിന്തുടരാന്‍ ഇടയായി. ഞാന്‍ വായിച്ച പുസ്തകങ്ങളെല്ലാം അതിനെ പിന്തുണച്ചു. അങ്ങനെ ഞാന്‍ മറ്റൊരു സ്ഥലത്ത് എത്തുകയും ചെയ്തു.
പാപ്പാ: ഞാന്‍ മനസ്സിലാക്കുന്നതനുസരിച്ച് നിങ്ങള്‍ ഒരു അവിശ്വാസിയാണ്. എന്നാല്‍ പുരോഹിതവിരോധിയായല്ല താനും. അത് രണ്ടും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്.
സ്‌കാള്‍ഹാരി: ശരിയാണ്. ഞാന്‍ വൈദികവിരോധിയല്ല. എന്നാല്‍ അധികാരപ്രമത്തത ബാധിച്ച ചില പുരോഹിതരെ കാണുമ്പോള്‍ ഞാന്‍ വൈദികവിരോധിയായി മാറും.
പാപ്പാ: (ചിരിച്ചുകൊണ്ട്) അതുപിന്നെ അങ്ങനെ ചില വൈദികരെ കണ്ടുമുട്ടിയാല്‍ ഞാനും വൈദികവിരോധിയാകും. വൈദികരുടെ അധികാരപ്രമത്തതയ്ക്ക് ക്രിസ്തീയതയുമായി ബന്ധമൊന്നുമില്ല.
സ്‌കാള്‍ഹാരി: ഞാന്‍ അങ്ങയോട് വ്യക്തിപരമായി ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ! അങ്ങയുടെ ഹൃദയത്തോട് ഏറ്റവും അടുപ്പമുള്ള വിശുദ്ധര്‍ ആരാണ്? എങ്ങനെയാണ് അവര്‍ അങ്ങയുടെ മതാനുഭവത്തെ രൂപപ്പെടുത്തിയത്?
പാപ്പാ: സെന്റ് പോളാണ് നമ്മുടെ മതത്തിന്റെയും വിശ്വാസപ്രമാണത്തിന്റെയും മൂലക്കല്ലിട്ട വ്യക്തി. പൗലോസിനെ ഒഴിവാക്കിക്കൊണ്ട് ഒരാള്‍ക്ക് ബോധപൂര്‍വ്വം ക്രിസ്ത്യാനിയായിരിക്കാന്‍ കഴിയില്ല. യേശുവിന്റെ പ്രബോധനങ്ങളെ പൗലോസ് വിശ്വാസപ്രമാണത്തിന്റെ ഘടനയിലേക്കു രൂപാന്തരപ്പെടുത്തി. നൂറ്റാണ്ടുകളിലൂടെ അനേകം ചിന്തകരും ദൈവശാസ്ത്രജ്ഞരും അതിനോട് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെങ്കിലും 2000 വര്‍ഷത്തിനുശേഷവും പൗലോസിന്റെ ഘടന ഇന്നും ശക്തമായി നിലനില്‍ക്കുന്നു. പൗലോസ് കഴിഞ്ഞാല്‍ സെന്റ് അഗസ്റ്റിന്‍, ബനഡിക്ട്, തോമസ് അക്വിനാസ്, വിശുദ്ധ ഇഗ്നേഷ്യസ്. പിന്നെ സെന്റ് ഫ്രാന്‍സിസും. ഞാന്‍ അത് വിവരിക്കേണ്ട ആവശ്യമുണ്ടോ?
സ്‌കാള്‍ഫാരി: (ആത്മഗതം) പാപ്പായെ ഫ്രാന്‍സിസ് എന്ന് വിളിക്കാന്‍ ഞാന്‍ എന്നെ തന്നെ അനുവദിക്കുകയാണ്. എന്തെന്നാല്‍ അദ്ദേഹം തന്നെയാണ് തന്റെ സംസാരരീതികൊണ്ടും പുഞ്ചിരികൊണ്ടും പ്രസന്നതകൊണ്ടും സഹിഷ്ണുതകൊണ്ടും എന്നെ അതിനു ധൈര്യപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ മുഖഭാവം കൂടുതല്‍ അപ്രിയകരമായ ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കാന്‍ എന്നെ പ്രചോദിപ്പിക്കുന്നു. അതുകൊണ്ട് ഞാന്‍ ചോദിച്ചു. വിശുദ്ധ പൗലോസിന്റെ പ്രാധാന്യവും സഭയുടെ നിര്‍മ്മിതിയില്‍ അദ്ദേഹത്തിന്റെ പങ്കും വിശദീകരിച്ചുവല്ലോ? എന്നാല്‍ അങ്ങു പറഞ്ഞ വിശുദ്ധരില്‍ ആരാണ് അങ്ങയുടെ ആത്മാവിനോട് ഏറ്റവും ചേര്‍ന്നു നില്ക്കുന്നത്?
പാപ്പാ: നിങ്ങള്‍ എന്നോട് വിശുദ്ധര്‍ക്ക് റാങ്കുകള്‍ നിശ്ചയിക്കാന്‍ പറയുകയാണോ? എന്നാല്‍ അത്തരം സ്ഥാനക്രമീകരണം കായികവിനോദങ്ങള്‍ക്കോ മറ്റോ ചേരുന്നതാണ്. അര്‍ജന്റീനയിലെ ഏറ്റവും നല്ല ഫുട്‌ബോള്‍ കളിക്കാരുടെ പേരുകള്‍ മുന്‍ഗണനക്രമത്തില്‍ ഞാന്‍ നിങ്ങളോട് പറയാം. എന്നാല്‍ വിശുദ്ധരുടെ കാര്യത്തില്‍….
സ്‌കാള്‍ഹാരി: എന്റെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞു മാറുകയാണോ?
പാപ്പാ: ഞാന്‍ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയല്ല. കാരണം വിശുദ്ധരടു#െ സാസംക്കാരികവും മതപരവുമായ പ്രാധാന്യത്തെപ്പറ്റിയുള്ള ഒരു മുന്‍ഗണനാക്രമീകരണമല്ല നിങ്ങള്‍ ചോദിച്ചത്. മിറച്ച് എന്റെ ആത്മാവിനോട് ഏറ്റവും ചേര്‍ന്നു നില്ക്കുന്ന വിശുദ്ധന്‍ ആരാണ് എന്നാണ്. അതിന് ഞാന്‍ പറയും അഗസ്റ്റിനും, ഫ്രാന്‍സിസും.
സ്‌കാള്‍ഹാരി: അങ്ങയുടെ സന്യാസസഭയുടെ സ്ഥാപകനായ ഇഗ്നേഷ്യസ് ഇല്ലേ?
പാപ്പാ: തീര്‍ച്ചയായും എനിക്ക് ഏറ്റവും കൂടുതല്‍ അടുത്ത് അിറയാവുന്ന വിശുദ്ധന്‍ ഇഗ്നേഷ്യസാണ്. അദ്ദേഹമാണ് ഞങ്ങളുടെ സഭാസ്ഥാപന്‍. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്‍ലോ മരിയ മര്‍ത്തീനീയും ഈ സന്യാസസഭയില്‍നിന്നു തന്നെയാണ് വരുന്നതെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ. മാര്‍പാപ്പായോടുള്ള വിധേയത്വം, വിദ്യാഭ്യാസപ്രവര്‍ത്തനം, സാംസ്‌കാരികപ്രവര്‍ത്തനം, മിഷനറിപ്രവര്‍ത്തനം ഇവയിലെല്ലാം പുളിമാവുപോലെ പ്രവര്‍ത്തിക്കുന്നവരാണ് ഈശോസഭക്കാര്‍. സഭാസ്ഥാപകനായ ഇഗ്നേഷ്യസ് നവീകരണക്കാരനും മിസ്റ്റിക്കുമായിരുന്നു.
സ്‌കാള്‍ഫാരി : മിസ്റ്റിക്കിന് സഭയില്‍ ഉന്നതസ്ഥാനമുണ്ടെന്ന് അങ്ങ് കരുതുന്നുണ്ടോ?
പാപ്പാ : സഭയില്‍ മിസ്റ്റിക്കുകളുടെ സ്ഥാനം അടിസ്ഥാനപരമായിരുന്നു. മിസ്റ്റിക്കുകള്‍ ഇല്ലാത്ത മതം വെറുമൊരു തത്വശാസ്ത്രമാണ്.
സ്‌കാള്‍ഫാരി : അങ്ങേയ്ക്ക് ഒരു മിസ്റ്റിക് വിളിയുണ്ടോ?
പാപ്പാ : (ചിരിച്ചുകൊണ്ട്) എന്തു തോന്നുന്നു.
സ്‌കാള്‍ഫാരി : അങ്ങനെയുണ്ടെന്നെനിക്ക് തോന്നുന്നില്ല.
പാപ്പാ : നിങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുന്നു (ചിരിക്കുന്നു). എനിക്ക് മിസ്റ്റിക്കുകളെ ഇഷ്ടമാണ്. ഫ്രാന്‍സീസ് പല തലങ്ങളിലും മിസ്റ്റിക്കായിരുന്നു. പക്ഷേ എനിക്കതിനുള്ള ദൈവവിളി ഉണ്ടെന്നു തോന്നുന്നില്ല. മിസ്റ്റിക് എന്ന പദത്തെ നമ്മള്‍ അതിന്റെ യഥാര്‍ത്ഥ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്. പ്രവൃര്‍ത്തികളില്‍നിന്നും, വസ്തുക്കളില്‍നിന്നും അജപാലനദൗത്യത്തില്‍നിന്നുപോലും ഉരിഞ്ഞുമാറ്റപ്പെട്ട്, രൂപാന്തരീകരണം സംഭവിച്ച് അഭൗമസൗഭാഗ്യങ്ങളോട് താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന വ്യക്തിയാണ് മിസ്റ്റിക്. ജീവിതം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ക്ഷണികമായ നിമിഷങ്ങളാണവ.
സ്‌കാള്‍ഫാരി : എപ്പോഴെങ്കിലും അങ്ങേക്കതു സംഭവിച്ചിട്ടുണ്ടോ?
പാപ്പാ : അപൂര്‍വ്വമായി. ഉദാഹരണത്തിന് കര്‍ദ്ദിനാള്‍ തിരുസംഘം എന്നെ മാര്‍പ്പാപ്പായായി തിരഞ്ഞെടുത്തപ്പോള്‍, ഞാനതു സ്വീകരിക്കുന്നതിനുമുന്‍പ് അടുത്ത മുറിയില്‍ തനിച്ച് കുറച്ചുനേരം ചെലവഴിക്കാമോ എന്നു ഞാന്‍ ചോദിച്ചു. അപ്പോള്‍ എന്റെ തല ശൂന്യമായിരുന്നു. എന്തെന്നില്ലാത്ത ആകാംക്ഷ എന്നെ പിടികൂടി. അതിനെ മറികടക്കാനും ശാന്തമാകാനുമായി ഞാന്‍ കണ്ണുകളടച്ച് എല്ലാ ചിന്തകളും അകറ്റി നിര്‍ത്തി. സ്ഥാനം സ്വീകരിക്കണമോ വേണ്ടയോ എന്ന ചിന്തപോലും ഞാന്‍ ഒഴിവാക്കി. അങ്ങനെ കുറേനേരം കണ്ണടച്ചിരുന്നപ്പോള്‍ ആകുലതകളോ വികാരങ്ങളോ അനുഭവപ്പെട്ടില്ല. ഒരു നിമിഷാര്‍ദ്ധത്തില്‍ വലിയൊരു പ്രകാശം എന്നില്‍ വന്നു നിറഞ്ഞു. അത് ഒരു നിമിഷാര്‍ദ്ധമേ ഉണ്ടായിരുന്നുള്ളു. എന്നാലും അത് ദീര്‍ഘസമയം നിലനിന്നതുപോലെ എനിക്ക് തോന്നി. പിന്നീട് ആ പ്രകാശം അപ്രത്യക്ഷമായി. ഞാന്‍ എഴുന്നേറ്റ് കര്‍ദ്ദിനാള്‍മാര്‍ യോഗം കൂടിയിരുന്ന മുറിയിലേക്ക് പോയി. സമ്മതപത്രത്തില്‍ ഒപ്പുവച്ചു. കര്‍ദ്ദിനാള്‍ കാമര്‍ലെങ്കോ അതില്‍ ഒപ്പുവയ്ക്കുകയും സെന്റ് പീറ്റേഴ്‌സിലേക്കുള്ള ബാല്‍ക്കണിയിലൂടെ പുതിയ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന് ലോകത്തെ അറിയിക്കുകയും ചെയ്തു.
സ്‌കാള്‍ഫാരി: (ഞങ്ങള്‍ ഒരു നിമിഷം നിശബ്ദരായിരുന്നു). പിന്നീട് ഞാന്‍ ചോദിച്ചു. അങ്ങേയ്ക്ക് ഏറ്റവും പ്രിയമുള്ള വിശുദ്ധരെപ്പറ്റിയാണ് നമ്മള്‍ സംസാരിച്ചുകൊണ്ടിരുന്നത്. എന്തുകൊണ്ടാണ് സെന്റ് അഗസ്റ്റിന്‍ അങ്ങേയ്ക്ക് പ്രിയമുളള വിശുദ്ധനായത് ?
പാപ്പാ: എന്റെ മുന്‍ഗാമിക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. സെന്റ് അഗസ്റ്റിന്‍ തന്റെ ജീവിതകാലത്ത് പല പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയും അദ്ദേഹത്തിന്റെ പ്രമാണികനിലപാടുകള്‍ പല പ്രാവശ്യം മാറ്റുകയും ചെയ്ത വ്യക്തിയാണ്. ജൂതര്‍ക്കെതിരെ അദ്ദേഹം കടുത്ത വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതിനോട് ഞാന്‍ യോജിക്കുന്നില്ല. അദ്ദേഹം ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അപാരമായ പാണ്ഡിത്യവും ആത്മീയതയും വെളിവാക്കുന്ന പുസ്തകമാണ് കണ്‍ഫെഷന്‍സ് (കുമ്പസാരങ്ങള്‍). ആ പുസ്തകം മിസ്റ്റിസിസത്തിന്റെ ചില വെളിപ്പെടുത്തലുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പലരും പറയുന്നതുപോലെ അദ്ദേഹം വി. പൗലോസിന്റെ പിന്‍തുടര്‍ച്ചക്കാരനല്ല. സഭയെയും വിശ്വാസത്തെയും പൗലോസില്‍നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം കാണുന്നത്. പൗലോസും അഗസ്റ്റിനും തമ്മില്‍ - കുറഞ്ഞത് നാലു നൂറ്റാണ്ടുകളുടെയെങ്കിലും വ്യത്യാസമുണ്ട്.
സ്‌കാള്‍ഫാരി : എന്താണ് ആ വ്യത്യാസം?
പാപ്പാ : രണ്ട് കാര്യങ്ങളിലാണ് ആ വ്യത്യാസം കാണുന്നത്. ദൈവത്തിന്റെ അപരിമേയതയ്ക്കു മുന്‍പില്‍ അഗസ്റ്റിന്‍ അശക്തനായിട്ടുണ്ട്. ദൈവംതരുന്ന കൃപയാണ് വിശ്വാസത്തിന്റെ അടിസ്ഥാനഘടകമെന്നതായിരുന്നു രണ്ടാമത്തെ കാര്യം. ദൈവകൃപയില്ലാത്ത ഒരാള്‍ കളങ്കമില്ലാത്തവനോ ഭയമില്ലാത്തവനോ ആയിരിക്കാം. എന്നാല്‍ ആ വ്യക്തിയെ ദൈവകൃപയുള്ള വ്യക്തിയുമായി തുലനം ചെയ്യാനാവില്ല. ഇതാണ് അഗസ്റ്റിന്റെ ജീവിതത്തെപ്പറ്റിയുള്ള ഉള്‍ക്കാഴ്ച.
സ്‌കാള്‍ഫാരി : അങ്ങേയ്ക്ക് ദൈവകൃപാനുഗ്രഹം ഉണ്ടായിട്ടുണ്ടോ?
പാപ്പാ : അത് ആര്‍ക്കും അറിയാനാകില്ല. കൃപ, ജ്ഞാനത്തിന്റെ ഭാഗമല്ല. യുക്തിയുടെ ഭാഗമല്ല. അത് ഒരു ആത്മീയവെളിച്ചമാണ്. അവബോധമാണ്. നിങ്ങള്‍ അറിയുകപോലും ചെയ്യാതെ അത് നിങ്ങളിലേക്ക് പ്രവേശിക്കും.
സ്‌കാള്‍ഫാരി : വിശ്വാസമില്ലാതെയോ? ഒരു അവിശ്വാസിക്കും ഇത് സംഭവിക്കുമോ?
പാപ്പാ : ദൈവകൃപ ആത്മാവുമായി മാത്രമാണ് ബന്ധപ്പെട്ടിരിക്കുന്നത്.
സ്‌കാള്‍ഫാരി : എനിക്ക് ആത്മാവില്‍ വിശ്വാസമില്ല.
പാപ്പാ : നിങ്ങള്‍ക്കാത്മാവില്‍ വിശ്വാസമില്ലായിരിക്കാം. എന്നാല്‍ നിങ്ങള്‍ക്കൊരാത്മാവുണ്ട്.
സ്‌കാള്‍ഫാരി : അങ്ങ് പറഞ്ഞിരുന്നു എന്നെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുക എന്നത് അങ്ങയുടെ ഉദ്ദേശമല്ലെന്ന്. അങ്ങനെ ആഗ്രഹിച്ചാലും അങ്ങ് അതില്‍ വിജയിക്കുമെന്നും ഞാന്‍ കരുതുന്നില്ല.
പാപ്പാ : എന്തായാലും എനിക്കങ്ങനെ ഒരു ഉദ്ദേശ്യമില്ല. അതു സംഭവിക്കുന്നത് നമുക്കറിയാന്‍ കഴിയില്ല.
സ്‌കാള്‍ഫാരി : സെയിന്റ് ഫ്രാന്‍സീസോ.............?
പാപ്പാ : അദ്ദേഹം മഹാനാണ്. കാരണം അദ്ദേഹം എല്ലാമാണ്. പ്രവര്‍ത്തിക്കാനും, പടുത്തുയര്‍ത്താനും കഴിവുള്ളവന്‍. ഒരു സന്യാസസഭയുടെ സ്ഥാപകന്‍, സഞ്ചാരി, മിഷനറി, കവി, പ്രവാചകന്‍, മിസ്റ്റിക് അങ്ങനെ എല്ലാമാണ്. അദ്ദേഹം തന്നില്‍തന്നെ തിന്മയെ കണ്ടെത്തുകയും അതിനെ പറിച്ചെറിയുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹം പ്രകൃതിയെ സ്‌നേഹിച്ചു - മൃഗങ്ങളെ, പൂക്കളെ, പക്ഷികളെ, മത്സ്യങ്ങളെ, ചന്ദ്രനെ, സൂര്യനെ, നക്ഷത്രങ്ങളെ, അതിനെല്ലാമുപരി മനുഷ്യനെ, കുട്ടികളെ, സ്ത്രീകളെ, വൃദ്ധരെ സ്‌നേഹിച്ചു. നമ്മള്‍ ആദ്യം സംസാരിച്ച അഗാപ്പേയുടെ തിളങ്ങുന്ന ഉത്തമ ഉദാഹരണമാണ് ഫ്രാന്‍സീസ്.
സ്‌കാള്‍ഫാരി : അങ്ങ് കൃത്യമായി ഫ്രാന്‍സീസിനെ വിവരിച്ചിരിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അങ്ങയുടെ പൂര്‍വ്വികര്‍ ആരും ആ പേര് സ്വീകരിക്കാതിരുന്നത്. ഞാന്‍ കരുതുന്നു അങ്ങേയ്ക്കുശേഷവും ആ പേര് ഇനിയും ആരും തിരഞ്ഞെടുക്കാന്‍ പോകുന്നില്ലെന്ന്.
പാപ്പാ : അത് നമുക്കറിഞ്ഞുകൂടാ. എനിക്കുമുന്‍പ് ആരും ആ പേര് തിരഞ്ഞെടുത്തില്ല. ഇനി ഭാവിയെക്കുറിച്ച്.......... അത് നമ്മള്‍ ഊഹിക്കേണ്ട. ഇവിടെ നമ്മള്‍ ഏറ്റവും വലിയപ്രശ്‌നത്തെയാണ് അഭിമുഖീകരിക്കുന്നത്.......... എന്തെങ്കിലും കുടിക്കാനെടുക്കട്ടെ............
സ്‌കാള്‍ഫാരി : നന്ദി ഒരുഗ്ലാസ് വെള്ളം (അദ്ദേഹം എഴുന്നേറ്റുപോയി വാതില്‍ തുറന്ന് പുറത്തുനിന്നിരുന്ന ആരോടോ രണ്ടുഗ്ലാസ് വെള്ളം ആവശ്യപ്പെട്ടു. തിരിച്ചുവന്ന് എന്നോട് ചോദിച്ചു. കാപ്പി എടുക്കട്ടെ? ഞാന്‍ വേണ്ട എന്നു പറഞ്ഞു. വെള്ളം കൊണ്ടുവന്നു. ഞങ്ങളുടെ സംഭാഷണത്തിന്റെ അവസാനത്തില്‍ എന്റെ ഗ്ലാസിലെ വെള്ളം ഒരുപക്ഷേ തീര്‍ന്നുപോയേക്കാം. അദ്ദേഹത്തിന്റെ ഗ്ലാസ് അപ്പോഴും നിറഞ്ഞുതന്നെയിരിക്കും. അദ്ദേഹം മുരടനക്കി തൊണ്ട ശരിയാക്കി വീണ്ടും പറഞ്ഞുതുടങ്ങി.)
പാപ്പാ : ഫ്രാന്‍സീസ് രൂപപ്പെടുത്താന്‍ ആഗ്രഹിച്ചത് ഒരു ഭിക്ഷുസമൂഹത്തെയാണ്-അലഞ്ഞുതിരിയുന്ന സന്യാസസമൂഹത്തെ. പരസ്പരം കണ്ടുമുട്ടാനും, സംസാരിക്കാനും, ശ്രദ്ധിക്കാനും, ലോകം മുഴുവന്‍ സ്‌നേഹവും വിശ്വാസവും പടര്‍ത്താനുമാഗ്രഹിക്കുന്ന മിഷണറിമാരെ. മറ്റുള്ളവരുടെ സംരക്ഷണം ഏറ്റെടുക്കുന്ന ഒരു ദരിദ്രസഭയെയായിരുന്നു ഫ്രാന്‍സീസ് സ്വപ്നം കണ്ടത്. സ്വന്തം താത്പര്യങ്ങള്‍ക്കു വേണ്ടിയല്ലാതെ മറ്റുള്ളവരെ സഹായിക്കാന്‍വേണ്ടി മാത്രം ഭൗതികസമ്പത്ത് സ്വീകരിക്കുന്ന സഭയെ. 800 വര്‍ഷം കടന്നു പോയി. എന്നിട്ടും ദരിദ്രയും മിഷനറിയുമായ ആ ആദര്‍ശ സഭ ഇന്നും പ്രസക്തമായി നില്‍ക്കുന്നു. ഈ സഭയെയാണ് യേശുവും ശിഷ്യരും പ്രഘോഷിച്ചത്.
സ്‌കാള്‍ഫാരി : നിങ്ങള്‍ കത്തോലിക്കര്‍ ഇപ്പോഴും ലോകത്തില്‍ ന്യൂനപക്ഷമാണ്. പോ പ്പിന്റെ അടുക്കളമുറ്റമാണ് ഇറ്റലിയെങ്കിലും ഇവിടത്തെ അവസ്ഥയും അതു തന്നെയാണ്. കണക്കുകള്‍ പ്രകാരം യഥാര്‍ത്ഥകത്തോലിക്കാവിശ്വാസികള്‍ 8% മുതല്‍ 15% വരെയേ ഉള്ളൂ. ലോകജനസംഖ്യയില്‍ ഒരു ബില്യണോ അതില്‍ അല്‍പം കൂടുതലോ കത്തോലിക്കര്‍ ഉണ്ടാകാം. ബാക്കിയുള്ള എല്ലാ ക്രൈസ്തവസഭകളും കൂടിച്ചേര്‍ന്നാല്‍ അത് ഒന്നര ബില്യണ്‍ വന്നേക്കാം. എന്നാല്‍ ഭൂമിയിലെ ജനസംഖ്യ 6 മുതല്‍ 7 ബില്യണ്‍ വരെയാണ്. നിങ്ങള്‍ ശരിക്കും ന്യൂനപക്ഷം തന്നെയാണ്.
പാപ്പാ : ഞങ്ങള്‍ എപ്പോഴും ന്യൂനപക്ഷമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിഷയം അതല്ല. വ്യക്തിപരമായി എനിക്കുതോന്നുന്നത് ന്യൂനപക്ഷമായിരിക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ ശക്തി എന്നാണ്. ഞങ്ങള്‍ പുളിമാവാണ്. അത് കുറച്ചുമതി. മൊത്തം മാവിനെ ആ കുറച്ചു പുളിമാവ് പാകപ്പെടുത്തും. കത്തോലിക്കര്‍ ലോകജനതയില്‍ പുളിമാവ് ആകേണ്ടവരാണ്. ആ പുളിമാവ് അതുണ്ടാക്കുന്ന മരങ്ങളെക്കാള്‍, പൂക്കളെക്കാള്‍, ധാന്യങ്ങളെക്കാള്‍ എത്ര ചെറുതാണ്. അതുകൊണ്ട് ചെറുതായിരിക്കുക. പുളിമാവായിരിക്കുക. അതാണ് വേണ്ടത്. ഞങ്ങളുടെ ആത്യന്തികലക്ഷ്യം മതപരിവര്‍ത്തനമത്രെ പക്ഷേ മറ്റുള്ളവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും സങ്കടങ്ങളും നിരാശകളും കേള്‍ക്കുക എന്നത് ഞങ്ങളുടെ ഉതരവാദിത്തമാണ്. നമ്മുടെ ചെറുപ്പക്കാരില്‍ നമുക്ക് പ്രത്യാശ പുന:സ്ഥാപിക്കാം. വൃദ്ധരെ സഹായിക്കാം. ഭാവിയോട് തുറവിയുള്ളവരാകാം. സ്‌നേഹം പ്രചരിപ്പിക്കാം. ദരിദ്രരുടെ ഇടയില്‍ നമുക്ക് ദരിദ്രരാകാം; പുറംതള്ളപ്പെട്ടവരെ നമുക്ക് തിരിച്ചെടുക്കാം; സമാധാനം പ്രഘോഷിക്കാം. പോള്‍ ആറാമനും ജോണ്‍ 23-ാമനും ചേര്‍ന്നു രൂപം കൊടുത്ത രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നവചൈതന്യത്തോടെ ഭാവിയിലേക്ക് നോക്കാനും ആധുനികസംസ്‌കാരത്തോട് തുറവിയോടെ വര്‍ത്തിക്കാനും തീരുമാനിച്ചു. ആധുനികസംസ്‌കാരത്തോടുള്ള തുറവി എക്യുമെനിസത്തിനും അവിശ്വാസികളുമായുള്ള സംഭാഷണത്തിനും വഴിതുറക്കുമെന്ന് കൗണ്‍സില്‍ പിതാക്കന്‍മാര്‍ തിരിച്ചറിഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ ദിശയില്‍ കാര്യങ്ങള്‍ വളരെ കുറച്ചുമാത്രമേ മുന്നോട്ടുപോയുള്ളു. അതിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹവും എളിമയും എനിക്കുണ്ട്.
സ്‌കാള്‍ഫാരി : ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ. ആധുനികസമൂഹം വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അത് സാമ്പത്തികപ്രതിസന്ധി മാത്രമല്ല. സാമൂഹികവും ആത്മീയവും കൂടിയാണ്. ഈ സംഭാഷണത്തിന്റെ ആദ്യത്തില്‍ അങ്ങ് വര്‍ത്തമാനകാലത്തിന്റെ ഭാരത്താല്‍ ഞെരുങ്ങിപ്പോകുന്ന ഒരു തലമുറയെക്കുറിച്ചു പറഞ്ഞല്ലോ. ഞങ്ങള്‍ അവിശ്വാസികള്‍ക്കുപോലും ഒരു ഭാരം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് വിശ്വാസികളുമായും അവരെ പ്രതിനിധീകരിക്കുന്ന നല്ല വ്യക്തികളുമായും സംഭാഷണം ആവശ്യമായി വരുന്നത്.
പാപ്പാ : വിശ്വാസികളെ പ്രതിനിധീകരിക്കുന്നവരില്‍ ഏറ്റവും നല്ലവന്‍ ഞാനാണോ എന്ന് എനിക്കറിയില്ല. പക്ഷേ ദൈവം എന്നെ സഭയുടെയും പത്രോസിന്റെ രൂപതയുടെയും തലവനായി നിയമിച്ചു. എന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ഞാനെന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കും.
സ്‌കാള്‍ഫാരി : അങ്ങ് ചൂണ്ടിക്കാണിച്ചതനുസരിച്ച് യേശു പറഞ്ഞത് നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്നാണ്. ഇത് സഭയില്‍ സംഭവിച്ചിട്ടുണ്ടോ?
പാപ്പാ : നിര്‍ഭാഗ്യവശാല്‍ ഇല്ല. സ്വാര്‍ത്ഥത കൂടുകയും അതുവഴി മറ്റുള്ളവരോടുള്ള സ്‌നേഹത്തിന് തകര്‍ച്ച സംഭവിക്കുകയും ചെയ്തിരിക്കുന്നു.
സ്‌കാള്‍ഫാരി : അപ്പോള്‍ ഈ ലക്ഷ്യമാണ് നമുക്ക് പൊതുവായുള്ളത്- സ്വയം സ്‌നേഹത്തിന്റെയും അപരനോടുള്ള സ്‌നേഹത്തിന്റെയും തീവ്രത തുല്യമാക്കുക. അങ്ങയുടെ സഭ ഇങ്ങനെയൊരു പ്രക്രിയയ്ക്ക് സജ്ജമാണോ?
പാപ്പാ : നിങ്ങള്‍ക്കെന്താണ് തോന്നുന്നത്?
സ്‌കാള്‍ഫാരി : എനിക്കു തോന്നുന്നു സഭയുടെ അധികാരഘടനയിലും വത്തിക്കാന്‍ മതിലുകള്‍ക്കുള്ളിലും ഭൗതികഅധികാരത്തോടുള്ള തീക്ഷ്ണമായ സ്‌നേഹം ഇപ്പോഴും ശക്തമാണെന്ന്. അങ്ങ് സ്വപ്നം കാണുന്ന ദരിദ്രയും മിഷനറിയുമായ സഭയുടെമേല്‍ സ്ഥാപനാത്മകമായ സഭ ആധിപത്യം ചെലുത്തുന്നു.
പാപ്പാ : വാസ്തവത്തില്‍ അത് അങ്ങനെയാണ്. മാത്രമല്ല ഈ ഒരു തലത്തില്‍ നമുക്ക് അത്ഭുതങ്ങളൊന്നും പ്രവര്‍ത്തിക്കാനും സാധിക്കില്ല. ഫ്രാന്‍സീസിന്റെ കാലത്തുപോലും റോമന്‍ ഹയറാര്‍ക്കിയോടും പോപ്പിനോടും ദീര്‍ഘമായ ചര്‍ച്ചകള്‍ അദ്ദേഹത്തിനു നടത്തേണ്ടിവന്നു- സഭാനിയമങ്ങല്‍ അനുവദിച്ചുകിട്ടാന്‍. അവസാനമാണ് ഫ്രാന്‍സീസിന്റെ സമൂഹത്തിന് അനുവാദം ലഭിച്ചത്. അതും ഏറെ തിരുത്തലോടുകൂടെയും; ഏറെ ഒത്തുതീര്‍പ്പുകള്‍ക്കുശേഷവും.
സ്‌കാള്‍ഫാരി : അങ്ങേയ്ക്കും ആ വഴി തന്നെയാണോ പിന്‍തുടരാനുള്ളത്?
പാപ്പാ : ഞാന്‍ അസ്സീസ്സിയിലെ ഫ്രാന്‍സീസല്ല. അതുകൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ ശക്തിയോ പരിശുദ്ധിയോ ഇല്ല. പക്ഷേ ഞാന്‍ റോമിന്റെ ബിഷപ്പും, കത്തോലിക്കാസഭയുടെ മാര്‍പ്പാപ്പയുമാണ്. ഞാന്‍ മാര്‍പാപ്പായായതിനുശേഷം തീരുമാനിച്ച ആദ്യത്തെ കാര്യം എന്റെ ഉപദേശകരായി എട്ടു കര്‍ദ്ദിനാള്‍മാരെ നിയമിക്കുക എന്നതായിരുന്നു. അവര്‍ കൊട്ടാരവിദൂഷകരല്ല. മറിച്ച് ബുദ്ധിമാന്മാരും ഞാനുമായി സമാനചിന്താഗതി പുലര്‍ത്തുന്നവരുമാണ്. ഇതൊരു പുതിയ സഭയുടെ ആരംഭമാണ്. പിരമിഡിന്റെ ആകൃതിയിലല്ല ഇതിന്റെ ഘടന. മറിച്ച് എല്ലാവരും ഒരുമിച്ച് നീങ്ങേണ്ട സമതലഭൂമിയുടെ സ്വഭാവമാണ്. കര്‍ദ്ദിനാള്‍ മര്‍ത്തീനി കൗണ്‍സിലിനെയും സിനഡിനെയും കുറിച്ച് സംസാരിച്ചപ്പോള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അങ്ങനെ ഒരു സമതല ഭൂമിയിലേക്കുള്ള .യാത്ര ആയാസകരവും ദൈര്‍ഘ്യമേറിയതും ആയിരിക്കുമെന്ന്. പക്ഷേ ആ യാത്ര തുടങ്ങിയേ പറ്റൂ. സൗമ്യമായും എന്നാല്‍ ദൃഡമായും, പിടിവിടാതെയുമായിരിക്കും ആ യാത്ര തുടങ്ങുന്നത്.
സ്‌കാള്‍ഫാരി : രാഷ്ട്രീയത്തെക്കുറിച്ച്............?
പാപ്പാ : അത് എന്തിനാണ് ചോദിക്കുന്നത്. ഞാന്‍ നേരത്തെ പറഞ്ഞല്ലോ സഭ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന്.
സ്‌കാള്‍ഫാരി : കുറച്ചുനാള്‍മുമ്പ് അങ്ങ് കത്തോലിക്കരോട് പൗരബോധത്തോടെ രാഷ്ട്രീയത്തിലിടപെടാന്‍ അഭ്യര്‍ത്ഥിച്ചിരുന്നല്ലോ?
പാപ്പാ : ഞാന്‍ അത് അഭ്യര്‍ത്ഥിച്ചത് കത്തോലിക്കരോടുമാത്രമല്ല. നല്ലത് ആഗ്രഹിക്കുന്ന എല്ലാവരോടുംകൂടിയാണ്. ഞാന്‍ പറയുന്നത് പൗരധര്‍മ്മങ്ങളില്‍ അതിപ്രധാനമാണ് രാഷ്ട്രീയമെന്നാണ്. അതിന് അതിന്റെതായ പ്രവര്‍ത്തനമേഖലകള്‍ ഉണ്ട്. പക്ഷെ അത് മതത്തിന്റെ മേഖലകളല്ല. രാഷ്ട്രീയസ്ഥാപനങ്ങല്‍ മതനിരപേക്ഷമാണ്. അവ എല്ലാം തന്നെ മതനിരപേക്ഷമായ പൊതുമണ്ഡലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്റെ മുന്‍ഗാമികളെല്ലാം വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരുന്നത് ഇതുതന്നെയാണ്. പറയുന്നശൈലിയില്‍ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളു. എന്റെ വിശ്വാസമനുസരിച്ച് കത്തോലിക്കര്‍ പൗരബോധത്തോടെ രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ അവര്‍ മതപരമായ ജീവിതത്തില്‍നിന്ന് സ്വായത്തമാക്കിയ മൂല്യങ്ങളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുമെന്നാണ്. മൂല്യങ്ങള്‍ പ്രചരിപ്പിക്കുക എന്ന ധര്‍മ്മത്തിനപ്പുറത്തേക്ക് സഭ പോകില്ല. ചുരുങ്ങിയപക്ഷം ഞാനിവിടെയുള്ളിടത്തോളം കാലമെങ്കിലും.
സ്‌കാള്‍ഫാരി : എന്നാല്‍ എപ്പോഴും അങ്ങനെ ആയിരുന്നില്ലല്ലോ സംഭവിച്ചുകൊണ്ടിരുന്നത്?
പാപ്പാ : ശരിയാണ്. അത് അങ്ങനെയായിരുന്നില്ല. ഒരു പ്രസ്ഥാനം എന്ന നിലയില്‍ ഭൗതികത സഭയില്‍ എപ്പോഴും ആധിപത്യം നേടിയിട്ടുണ്ട്. പല സഭാംഗങ്ങള്‍ക്കും മുതിര്‍ന്ന സഭാനേതാക്കള്‍ക്കും അങ്ങനെതന്നെയാണെന്ന് തോന്നുന്നുമുണ്ട്. ഞാനിനി നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ. ഒരു മതേതരവാദിയും നിരീശ്വരവാദിയുമായ നിങ്ങള്‍ എന്തിലാണ് വിശ്വസിക്കുന്നത്? നിങ്ങള്‍ ഒരെഴുത്തുകാരനും ചിന്തകനുമാണ്. അതുകൊണ്ട് നിങ്ങള്‍ എന്തിലെങ്കിലും വിശ്വസിക്കുന്നുണ്ടാകണം. നിങ്ങള്‍ക്കൊരു മൂല്യസംഹിതയും ഉണ്ടാകണം. സത്യസന്ധത, അന്വേഷണം, പൊതുനന്മ തുടങ്ങിയ വളരെ പൊതുവായ ഉത്തരങ്ങള്‍ പ്രധാനമുള്ളവയാണെങ്കിലും അതല്ല ഞാന്‍ പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ അഭിപ്രായത്തില്‍ ലോകത്തിന്റെ, പ്രപഞ്ചത്തിന്റെ സത്ത എന്താണ്? കുട്ടികള്‍ പോലും ചോദിക്കും ഞാന്‍ ആരാണ്? ഞാന്‍ എവിടെനിന്നു വരുന്നു? എവിടേയ്ക്കു പോകുന്നു എന്ന്? നിങ്ങള്‍ സ്വയം ഈ ചോദ്യം ചോദിക്കാറില്ലേ?
സ്‌കാള്‍ഫാരി : എന്നോട് ഈ ചോദ്യം ചോദിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ സത്തയില്‍ വിശ്വസിക്കുന്നു. അത് ചെറിയ അണുവില്‍ മുതല്‍ പ്രപഞ്ചത്തിലാകമാനമുണ്ട്.
പാപ്പാ : ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷെ എന്റെ ദൈവം ഒരു കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാ ദൈവമില്ല. വെറും ദൈവമേയുള്ളു. പിന്നെ ഞാന്‍ യേശുക്രിസ്തുവിലും അവന്റെ മനുഷ്യാവതാരത്തിലും വിശ്വസിക്കുന്നു. അവനാണ് എന്റെ ഗുരുവും ഇടയനും. എന്നാല്‍ ദൈവം എന്റെ പിതാവാണ്. എന്റെ വെളിച്ചവും സൃഷ്ടാവുമാണ്. ഇതാണ് ഞാന്‍ വിശ്വസിക്കുന്ന സത്ത. ഇപ്പോള്‍ നമ്മള്‍തമ്മില്‍ വലിയ അന്തരമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
സ്‌കാള്‍ഫാരി : നമ്മുടെ ചിന്തയില്‍ നമ്മള്‍ വ്യത്യസ്തരാണ്. എന്നാല്‍ ചിന്തയുടെയും ജന്മവാസനയുടെയും അടിസ്ഥാനത്തില്‍ മനുഷ്യജീവികളെന്ന നിലയില്‍ നമ്മള്‍ സമാനരുമാണ്.
പാപ്പാ : നിങ്ങള്‍ സത്തയെന്നു വിളിക്കുന്ന ജീവിതപ്രമാണത്തെ നിര്‍വ്വചിക്കാനാവുമോ?
സ്‌കാള്‍ഫാരി : സത്ത ഊര്‍ജ്ജമാണ്. ഊര്‍ജ്ജം ക്ഷരമില്ലാത്തതാണ്; അതോടൊപ്പം നിരാകാരവുമാണ്. ഊര്‍ജ്ജത്തില്‍ നിന്നാണ് രൂപങ്ങള്‍ ഉടലെടുക്കുന്നത്. അവ രൂപമെടുക്കുകയും നശിക്കുകയും ചെയ്യുന്നു. എന്നാലും അവയുടെ ഊര്‍ജ്ജം നശിപ്പിക്കപ്പെടുന്നില്ല. മനുഷ്യനായിരിക്കാം ചിന്തിക്കാന്‍ കഴിയുന്ന ഏക ജീവി.
പാപ്പാ : നിങ്ങളുടെ തത്വചിന്തയുടെ സംക്ഷിപ്തരൂപം എനിക്കു നിങ്ങള്‍ തരണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. നിങ്ങള്‍ പറഞ്ഞിടത്തോളംകൊണ്ട് ഞാന്‍ തൃപ്തനാണ്. എന്നെ സംബന്ധിച്ചിടത്തോളം ദൈവം എന്നത് അന്ധകാരത്തെ നീക്കുന്ന വെളിച്ചമാണ്. അത് ഇരുട്ടിനെ ലയിപ്പിച്ചുകളയുന്നില്ലെങ്കിലും അന്ധകാരത്തെ വെളിച്ചമാക്കുന്നു. ആ വെളിച്ചത്തിന്റെ ഒരു കിരണം നമ്മില്‍ ഓരോരുത്തരിലുമുണ്ട്. നിങ്ങള്‍ക്ക് ഞാന്‍ അയച്ച കത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു. കാലം ചെല്ലുമ്പോള്‍ മനുഷ്യകുലം അറ്റുപോകും. എന്നാല്‍ ദൈവികവെളിച്ചം ഒരിക്കലും കെട്ടുപോകുന്നില്ല. ആ ദിവ്യവെളിച്ചം എല്ലാവരിലും അപ്പോള്‍ നിറയുന്നു. എല്ലാം കീഴടക്കുന്നു.
സ്‌കാള്‍ഫാരി : ശരിയാണ്. ഞാന്‍ ഓര്‍ക്കുന്നു. കത്തില്‍ അങ്ങ് പറഞ്ഞിരുന്നു. വെളിച്ചം എല്ലാ ആത്മാക്കളിലും നിറയുന്നുവെന്ന്. അതിനെ എനിക്കിങ്ങനെ പറയാമോ? അതീന്ദ്രിയമായ ഒന്നിനെക്കാള്‍ നമ്മില്‍തന്നെ അന്തര്‍ലീനമായ ഒന്നിന്റെ രൂപമാണ് ഇതു തരുന്നതെന്ന്.
പാപ്പാ : അതീന്ദ്രിയത നിലനിര്‍ത്തുന്നതിനു കാരണം ഓരോ ജീവിയിലും നിറഞ്ഞിരിക്കുന്ന ആ ദിവ്യ വെളിച്ചമാണ്. നമുക്കിനി ഇന്നത്തെ കാലത്തിലേക്ക് തിരിച്ചു വരാം. നമ്മുടെ ചര്‍ച്ച ഒരു പടി മുന്നോട്ടുപോയിരിക്കുന്നു. നമ്മള്‍ ജീവിക്കുന്ന ലോകത്ത് പരസ്‌നേഹത്തേക്കാള്‍ സ്വാര്‍ത്ഥത കൂടിവരുന്നു. അതുകൊണ്ട് നല്ലത് ആഗ്രഹിക്കുന്നവരെല്ലാം തങ്ങളാല്‍ കഴിയുംവിധം പരസ്‌നേഹം വളര്‍ത്തിയെടുക്കാന്‍ ബാദ്ധ്യസ്ഥരാണ്. പരസ്‌നേഹം സ്വാര്‍ത്ഥതയ്ക്കു തുല്യമാകുന്നതുവരെയോ അത് സ്വാര്‍ത്ഥതയെ മറികടക്കുന്നതുവരെയോ ഈ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്.
സ്‌കാള്‍ഫാരി : അങ്ങനെ വീണ്ടും രാഷ്ട്രീയം ചര്‍ച്ചയിലേക്ക് വരുന്നു.
പാപ്പാ : തീര്‍ച്ചയായും എനിക്കുതോന്നുന്നത് കടിഞ്ഞാണില്ലാത്ത ക്യാപിറ്റലിസം ശക്തരെകൂടുതല്‍ ശക്തരാക്കുകയും, നിസ്സഹായരെ കൂടുതല്‍ നിസ്സഹായരാക്കുകയും ചെയ്യുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ തീര്‍ത്തും ഒഴിവാക്കുകയും ചെയ്യുന്നു. നമുക്ക് വലിയ സ്വാതന്ത്ര്യം വേണം. വിവേചനം യാതൊരു തരത്തിലും പാടില്ലതാനും. നമുക്ക് നിയമങ്ങള്‍ വേണം. രൂക്ഷമായ അസമത്വം അവസാനിപ്പിക്കാന്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഇടപെടലും ആവശ്യമാണ്.
സ്‌കാള്‍ഫാരി :അങ്ങ് ആഴമേറിയ വിശ്വാസത്തിന് ഉടമയാണ്. അങ്ങ് ദൈവകൃപയാല്‍ സ്പര്‍ശിക്കപ്പെട്ടവനാണ്. സഭയുടെ അജപാലനത്തെയും, വിശ്വാസപ്രചാരണത്തെയും ഒരു പുതിയ വഴിയിലേക്ക് നയിക്കാന്‍ അങ്ങ് ആഗ്രഹിക്കുന്നു. അങ്ങ് സംസാരിക്കുന്നതും, അങ്ങ് സംസാരിക്കുന്നതില്‍നിന്ന് ഞാന്‍ മനസ്സിലാക്കുന്നതും വച്ചുനോക്കുമ്പോള്‍ അങ്ങ് വിപ്ലവകാരിയായ മാര്‍പ്പാപ്പാ ആയിരിക്കും. ഇപ്പോള്‍തന്നെ അങ്ങ് അങ്ങനെയാണ്. പകുതി ഈശോസഭക്കാരനും, പകുതി ഫ്രാന്‍സിസ്‌ക്കനും. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ചേരുവ. അതിനുപുറമേ മന്‍സോണി, ഹോള്‍ഡെര്‍ലിന്‍, ലിയോപാര്‍ഡി, ദോസ്‌തോവിസ്‌കി എന്നീ എഴുത്തുകാരെയും ഫെന്നിനി, റോസിലിനി അള്‍ഡോ ഫബ്രിസി എന്നീ സംവിധായകരെയും ഇഷ്ടപ്പെടുന്നു.
പാപ്പാ: അവരെ ഞാന്‍ ഇഷ്ടപ്പെടാന്‍ കാരണം ഞാന്‍ ചെറുപ്പം മുതല്‍ തന്നെ എന്റെ മാതാപിതാക്കളോടൊപ്പം അവരുടെ സിനിമകള്‍ കണ്ടിട്ടുണ്ട്. അവരുടെ പുസ്തകള്‍ വായിച്ചിട്ടുണ്ട്.
സ്‌കാള്‍ഫാരി: അങ്ങേയ്ക്കു കാണാന്‍ ഈയിടെ ഇറങ്ങിയ രണ്ടു സിനിമകള്‍ ഞാന്‍ ശുപാര്‍ശ ചെയ്യട്ടെ. വീവാ ലിബര്‍ത്ത എന്ന സിനിമയും ഫെല്ലിനിയെപ്പറ്റി ഇട്ടോറേ സ്‌കോള ചെയ്ത സിനിമയും അങ്ങേയ്ക്ക് ഇഷ്ടപ്പെടും. അധികാരത്തെപ്പറ്റി പറയുകയാണെങ്കില്‍ എനിക്ക് 20 വയസ്സുള്ളപ്പോള്‍ ഒന്നരമാസം ഒരു ഈശോസഭാധ്യാനമന്ദിരത്തില്‍ ഞാന്‍ ധ്യാനത്തില്‍ പങ്കെടുത്തു. നാസികള്‍ റോമില്‍ ഉണ്ടായിരുന്ന കാലമായിരുന്നു അത്. ഞാന്‍ നിര്‍ബന്ധിതസൈനികസേവനത്തില്‍നിന്ന്‌വിട്ടുനിന്നു. വധശിക്ഷയ്ക്ക് അര്‍ഹമായൊരു കുറ്റമാണത്. മുഴുവന്‍ സമയവും ആത്മീയ പരിശീലനത്തിന് തയ്യാറാകണമെന്ന വ്യവസ്ഥയില്‍ ഈശോസഭക്കാര്‍ അത് പിടിക്കപ്പെടാതിരിക്കാന്‍ ഞങ്ങളെ ഒളിപ്പിച്ചുവച്ചു.
പാപ്പാ: (ചിരിയോടെ) ഒന്നരമാസത്തെ നിരന്തരമായ ആത്മീയപരിശീലനം അനുഭവിക്കു ക എന്നത് അസാധ്യം തന്നെയല്ലേ? (കൂടുതല്‍ കൗതുകത്തോടും സ്‌നേഹത്തോടും കൂടി പാപ്പാ ചോദിച്ചു) അടുത്തതവണ കാണുമ്പോള്‍ ഇതില്‍ കൂടുതല്‍ നേരം സംസാരിക്കാം. ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്തു. വാതിലിലേയ്ക്കുള്ള പടികള്‍ കയറി. എന്നെ അനുഗമിക്കേണ്ടെന്ന് ഞാന്‍ പാപ്പായോടു പറഞ്ഞെങ്കിലും അദ്ദേഹം എന്നോടൊപ്പം വന്നു. സംസാരിച്ചുകൊണ്ട് ഞങ്ങള്‍ നടന്നു. പാപ്പാ പറഞ്ഞു അടുത്ത പ്രാവശ്യം കാണുമ്പോള്‍ താങ്കള്‍ക്കിഷ്ടമാണെങ്കില്‍ സഭയില്‍ സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ച് സംസാരിക്കാം. സഭ സ്‌ത്രൈണമാണ്. അല്ലെങ്കില്‍ നമുക്ക് പാസ്‌കലിനെ കുറിച്ചു സംസാരിക്കാം ആ മഹാത്മാവിനെപറ്റി നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്നറിയാന്‍ എനിക്കു താല്‍പര്യമുണ്ട്. ഞങ്ങള്‍ പുറം വാതിലിനടുത്തെത്തി. പാപ്പാ പറഞ്ഞു.''നിങ്ങളുടെ കുടുംബത്തിലെ എല്ലാവര്‍ക്കും എന്റെ അനുഗ്രഹം പ്രാര്‍ത്ഥനയും കൊടുക്കണം. എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അവരോട് പറയണം. എന്നെ ഓര്‍ക്കണം. ഇടയ്ക്കിടയ്ക്ക് എന്നെ ഓര്‍ക്കണം.''
ഞങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്തു അദ്ദേഹം അദ്ദേഹത്തിന്റെ രണ്ടു വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ചു നിന്നു-എന്നെ അനുഗ്രഹിക്കുന്നതുപോലെ. ഞാന്‍ അദ്ദേഹത്തിന്റെ നേരെ കൈവീശി യാത്ര പറഞ്ഞു.
ഇതാണ് ഫ്രാന്‍സിസ് പാപ്പാ. സഭ അദ്ദേഹത്തെപ്പോലെ ആകുകയാണെങ്കില്‍, അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ സഭ ആകുകയാണെങ്കില്‍ അത് ഒരു ഐതിഹാസി മാറ്റമായിരിക്കും.