ഭാരതത്തിന്റെ രാഷ്ട്ര പിതാവായ ഗാന്ധിജിയെപ്പോലെ ജീവിതം ക്രീസ്തീയസന്ദേശമാക്കി വത്തിക്കാനിലെ ഗാന്ധിയായി മാറുകയാണ് ഫ്രാന്‍സിസ് പാപ്പാ. അദ്ദേഹത്തിന്റെ ജീവിത അനുദിനം അടുത്ത് നിന്ന് കാണുന്ന ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് സംസാരിക്കുന്നു.

ബിഷപ് ജോസഫ് കളത്തിപ്പറമ്പില്‍ / ജോസ് ക്ലെമന്റ് പാപ്പായോടൊത്ത് താമസിക്കുന്ന അനുഭവം?

കത്തോലിക്കാ സഭയുടെ പരമാചാര്യനായ പരിശുദ്ധ പിതാവുമൊന്നിച്ചുള്ള താമസത്തില്‍ വലിയൊരകല്‍ച്ചയാണ് ആദ്യം തോന്നിയിരുന്നത്. സഭയിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ചുള്ള അവബോധമാണ് ആ അകല്‍ച്ചയ്ക്കും ആദരവിന്റെ ഭയത്തിനുമിടയാക്കിയത്. സാന്‍ത മാര്‍ത്താ ഭവനിലെ താമസം ക്രമേണ അകല്‍ച്ചയെ കുറയ്ക്കാന്‍ തുടങ്ങി. പാപ്പായുടെ ലളിത ജീവിതവും പരസ്പര സമ്പര്‍ക്കവും ഒരു കുടുംബാന്തരീക്ഷം പ്രദാനം ചെയ്തു. ഒരു കൂരയ്ക്കു താഴെ ഞങ്ങള്‍ 50 പേരുടെ താമസത്തില്‍ ഫ്രാന്‍സിസ് പാപ്പാ ഞങ്ങളില്‍ ഒരുവനായിത്തീരുകയായിരുന്നു. ആ ബന്ധം അകല്‍ച്ചകളില്ലാതെ വലിയ അനുഭവമായി മാറി.

പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്ലാനറി അസംബ്വി നടക്കവേ 50 പേരടങ്ങുന്ന പ്രതിനീധകളുടെ യോഗത്തില്‍ പാപ്പാ പങ്കെടുത്ത് വ്യക്തിപരമായി ഓരോരുത്തരോടും സംവദിച്ച് ഇഴയടുപ്പം കൂട്ടിയ അനുഭവം മറക്കാനാവില്ല. തുറന്ന മനോഭാവത്തോടെയുള്ള ലളിതവും ഹൃദ്യവുമായ പെരുമാറ്റം എല്ലാവിധ ഭയപ്പാടുകളെയും ദൂരയകറ്റുന്നതായിരുന്നു.

സഭയില്‍ മറ്റുള്ളവരോടുള്ള പാപ്പായുടെ മനോഭാവം?
സഭയില്‍ എല്ലാവരും തുല്യരാണെന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. വലുപ്പചെറുപ്പങ്ങളുടെ അളവുകളൊന്നും ആ മഹത്തായ ജീവിതത്തിലില്ല. വൈദികനായിരിക്കുമ്പോഴും ബുവേനോസ് ഐരേസിന്റെ മെത്രാനും മെത്രാപ്പോലീത്തായും കര്‍ദ്ദിനാളുമൊക്കെയായിരുന്നപ്പോഴും താന്‍ എന്തായിരുന്നുവോ അതുതന്നെയാണ് പാപ്പാ സ്ഥാനത്തെത്തിയിട്ടും പിന്‍തുടരുത്. വലിയൊരു വികാരിയച്ചനെപ്പോലെ തോളില്‍ തട്ടി ഹൃദ്യമായി പെരുമാറുന്ന ഒരു വലിയ ഇടയനാണ് ഫ്രാന്‍സിസ് പാപ്പാ.

വത്തിക്കാന്‍ വിട്ട് പാപ്പാ വിശ്രമത്തിന് പോകാറുണ്ടോ?
ദിവസവും രാവിലെ 7ന് അര്‍പ്പിക്കുന്ന ബലിയില്‍ പാപ്പായായിരിക്കും മുഖ്യകാര്‍മ്മികന്‍. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലോ മറ്റോ ഔദ്യോഗികബലിയര്‍പ്പണം ഉണ്ടെങ്കില്‍ മാത്രമേ പാപ്പാ ഇവിടെ ബലിയര്‍പ്പിക്കാതിരിക്കുകയുള്ളൂ. വേനല്‍ക്കാല അവധിയായ ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ മാത്രം ഈ ടൈം ടേബിളില്‍ മാറ്റമുണ്ടാകും. അപ്പോള്‍ ഇത്തരം സന്ദര്‍ശനങ്ങളൊന്നും ഉണ്ടാകില്‍. ഈ സമയത്ത് മുന്‍ പാപ്പാമാര്‍ വത്തിക്കാനില്‍ നിന്നും ഏതാണ്ട് 60 കിലോമീറ്റര്‍ ദൂരത്തുള്ള കാസ്റ്റല്‍ ഗാണ്ടോള്‍ഫോ കോട്ടയിലെ വേനല്‍ക്കാല വസതിയിലോ. അലപ്രദേശത്തുള്ള 'വാള്‍ദോസ്താ'യിലോ വിശ്രമിക്കാനായി പോകുന്ന പതിവാണുണ്ടായിരുന്നത്. എന്നാല്‍ ഫ്രാന്‍സിസ് പാപ്പാ ഒരിടത്തേക്കും വിശ്രമത്തിനായി പോകുന്നില്ല. റോമന്‍ കൂരിയ ഒരിക്കലും അടച്ചിടാത്തതിനാല്‍ ഒഫീഷ്യല്‍സ് പല തവണയായി അവധിക്കു പോകും. പക്ഷേ പാപ്പാ വത്തിക്കാന്‍ വീട്ട് വിശ്രമത്തിന് പോകാന്‍ തയ്യാറല്ല.

ഫ്രാന്‍സിസ് പാപ്പാ മൂലം വത്തിക്കാനില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍?
പേപ്പസിയെക്കുറിച്ചുള്ള കണക്കുകൂട്ടലകളും ധാരണകളും മാറ്റിമറിച്ചുവെന്നതാണ് പ്രധാന മാറ്റം. എല്ലാവര്‍ക്കും സംലഭ്യനായ ഒരു പാപ്പായായി കത്തോലിക്കാ സഭയുടെ തലവന്‍ മാറുകയെന്ന അവസ്ഥ ഫ്രാന്‍സിസ് പാപ്പാ പ്രായോഗിക തലത്തിലാക്കി. ഇതിന് തെളിവാണ് ബുധനാഴ്ചകളില്‍ ഓഡിയന്‍സിനായി തിങ്ങിക്കൂടന്ന ജനങ്ങളുടെ ബാഹുല്യം. എന്‍പതിനായിരം മുതല്‍ ഒരു ലക്ഷംവരെ വിശ്വാസികളാണ് ഓരോ ബുധനാഴ്ചകളിലെയും പൊതു സന്ദര്‍ശകര്‍. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് നടക്കുന്ന ആഞ്ചലൂസി (ത്രികാലജപം)ല്‍ പങ്കെടുക്കാനെത്തുന്നവരുടെയും സംഖ്യ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ജനക്കൂട്ടത്തിനടയിലേക്ക് തുറന്ന ജീപ്പിലാണ് പാപ്പാ കടന്നുചെല്ലുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഓരോ ഗ്രൂപ്പിനേയും പ്രത്യേകം കണ്ട് ആശംസകള്‍ നേരാന്‍ പാപ്പാ ശ്രമിക്കാറുണ്ട്. കുഞ്ഞുങ്ങളെ ചുംബിച്ചും താലോലിച്ചും വൃദ്ധജനങ്ങളെ തലോടിയും സാന്ത്വനിപ്പിച്ചുമാണ് പാപ്പാ ജനസമൂഹത്തെ അഭിവാദ്യം ചെയ്യുന്നത്.

മറ്റു വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?
സമീപഭാവിയില്‍ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. കാനന്‍ നിയമപ്രകാരം സഭാ ശുശ്രൂഷയ്ക്കായി നിയോഗിതരാകുന്ന അജപാലകര്‍ക്ക് 75 വയസാണ് വിരമിക്കല്‍ പ്രായം (പാപ്പാ ഒഴികെ). വത്തിക്കാന്‍ സെക്രട്ടറിയേറ്റിലും കൂരിയായിലും പൊന്തിഫിക്കല്‍ കമ്മീഷനുകളിലും പ്രായപരിധി കഴിഞ്ഞു നില്‍ക്കുന്ന എല്ലാ തസ്തികകളിലും നേതൃമാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോനയുടെ (78) രാജി സ്വീകരിച്ച് പകരം ആര്‍ച് ബിഷപ് പിയേത്രോ പരോളിനെ (58) പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു കഴിഞ്ഞു.

വത്തിക്കാന്‍ ബാങ്കിലെ പ്രശ്‌നങ്ങളെ അന്വേഷിക്കാന്‍ ആരെയാണ് നിയോഗിച്ചിരിക്കുന്നത്?
ലോകയുവജന സംഗമത്തിന് റിയോയിലെത്തിയ പാപ്പാ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തില്‍ വത്തിക്കാന്‍ ബാങ്കിലെ പ്രശ്‌നങ്ങളേയും മാറ്റങ്ങളേയും കുറിച്ച് അവര്‍ ചോദിച്ചപ്പോള്‍ ഫ്രാന്‍സിസ് പാപ്പാ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. അദ്ദേഹം പറഞ്ഞു. എനിക്കുതന്നെ അതില്‍ വ്യക്തതയില്ല. കാരണം അഞ്ച് അംഗ കര്‍ദ്ദിനാള്‍ സംഘത്തെയും ഏഴ് അംഗ അല്മായ സംഘത്തെയും ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനുകളായി നിയോഗിച്ചിരിക്കുകയാണ്. കമ്മീഷനംഗങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അത് പഠിച്ചതിനു ശേഷമേ വ്യക്തമായി പ്രതികരിക്കാനാവൂ. ഏതായാലും ഒക്‌ടോബര്‍ മാസത്തില്‍ ഈ മാറ്റങ്ങള്‍ക്ക് കാതോര്‍ക്കാനാവും. ആദ്യമായാണ് ഒരു അല്മായ സംഘത്തെ വത്തിക്കാനില്‍ അന്വേഷണ കമ്മീഷനായി നിയോഗിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

വത്തിക്കാനില്‍ നിന്ന് കേരളസഭയെ നോക്കുമ്പോള്‍?
ഒരു ഞായറാഴ്ച പാപ്പാ ആഞ്ചലൂസ് ചൊല്ലവേ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തിങ്ങിക്കൂടിയ .യുവജനങ്ങള്‍ ആര്‍ത്തുവിളിച്ചു പറഞ്ഞു: 'വീവാ ഇന്‍ പാപ്പാ' 'വീവ്വാ ഇന്‍ പാപ്പാ' (പാപ്പാ നീണാള്‍ വാഴട്ടെ). ഇതു ശ്രദ്ധിച്ച ഫ്രാന്‍സിസ് പാപ്പാ ഉടനെ അവരോടു പറഞ്ഞ്: 'വീവാ ജേസു' 9യേശു നീണാള്‍ വാഴട്ടെ) എന്നാര്‍ത്തു വിളിക്കുക. അതാണ് ഏറ്റവും പ്രധാനമായത്. പറയുക മാത്രമല്ല അവരെക്കൊണ്ട് അപ്രകാരം നിരവധി തവണ വിളിപ്പിച്ചു. തുടര്‍ന്നു പറഞ്ഞു: 'ഈശോയെ നല്‍കുക. ഈശോയെ എല്ലായിടത്തും ഉയര്‍ത്തിപ്പിടിക്കുക.' ലളിത ജീവിതത്തിലൂടെ ലോകത്തുള്ള കോടാനുകോടി ജനതയ്ക്ക് തന്റെ ജീവിത സന്ദേശം പാപ്പാ പകര്‍ന്നുകൊടുക്കുമ്പോള്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ മറ്റൊരു'ഗാന്ധി'യായി മാറുകയാണ്. കേരളസഭയും പ്രാവര്‍ത്തികമാക്കേണ്ടത് ഇതുതന്നെയാണ്. സഭ ലാളിത്യത്തിലേക്ക് ഇറങ്ങി വരണം. യേശുവിനെ എല്ലായിടത്തേക്കും എല്ലാവരിലേക്കും പകര്‍ന്നുകൊടുക്കുന്നവളായിത്തീരണം.

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കിടയിലേക്കിറങ്ങി ചെല്ലാനുള്ള പാപ്പായുടെ ആഹ്വാനത്തെ എങ്ങനെ വീക്ഷിക്കുന്നു?
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഏഷ്യന്‍ ബിഷപ്‌സ് സിനഡിനു ശേഷം പ്രസിദ്ധീകരിച്ച 'ഏഷ്യയിലെ സഭ' എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ പറയുന്നത് ഇത്തരുണത്തില്‍ ശ്രദ്ധേയമാമ്: 'പാവപ്പെട്ടവരോട്, വിശക്കുന്നവരോട്, ദാഹിക്കുന്നവരോട്, കിടപ്പാടമില്ലാത്തവരോട്, വസ്ത്രമില്ലാത്തവരോട്, വൈദ്യസഹായം ലഭ്യമല്ലാത്തവരോട് പരിഗണനാര്‍ഹമായ സ്‌നേഹവും കരുതലും കാണിക്കുന്നില്ലായെങ്കില്‍ ധനവാന്റെ പടിക്കല്‍ കിടന്ന ലാസറിനെ കണ്ടില്ലെന്നു നടിച്ച ധനവാനെപ്പോലെയായിത്തീരും നമ്മളും.' വാഴ്ത്തപ്പട്ട ജോണ്‍ പോള്‍ രണ്ടാമന്റെ ഈ പ്രഖ്യാപനം ഫ്രാന്‍സിസ് പാപ്പാ ജീവിതശൈലിയാക്കി പ്രാവര്‍ത്തികമാക്കുകയാണ്. തന്റെ പരമാചര്യ ശുശ്രൂഷയുടെ തുടക്കം മുതലേ പാര്‍ശ്വവത്കക്രിക്കപ്പെട്ടവരുടെ ഇടയിലേക്കും പുറമ്പോക്കുകളിലേക്കും മാത്രമല്ല. ബ്രസീലിലെ 'ഫവേലാസി' (ചേരി)ലേക്കുള്ള പാപ്പായുടെ യാത്ര. ഇത് പ്രാവര്‍ത്തികമാക്കുകന്നതായിരുന്നു. ലാമ്പേദൂസാ ദ്വീപിലേക്കുള്ള പാപ്പായുടെ ആദ്യസന്ദര്‍ശനവും അവരോടൊത്ത് ബലിയര്‍പ്പിച്ചതും പുറമ്പോക്കുളിലേക്കുള്ള ഇറങ്ങിച്ചെല്ലലായിരുന്നു. പ്രഘോഷണത്തേക്കാളുപരി പറയാന്‍ ഉദ്ദേശിക്കുന്നവയും പറയുന്നവയും യഥാര്‍ത്ഥ ജീവിതത്തിലൂടെ പകര്‍ന്നു കൊടുക്കുകയാണ് പാപ്പാ ചെയ്തുകൊണ്ടിരിക്കുന്നത്.

കേരള സഭയില്‍ വരുത്തേണ്ട മാറ്റങ്ങള്‍?
കേരളസഭ ലാളിത്യത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് കടന്നുവരണം. സാമൂഹിക വിപത്തുകള്‍ക്കെതിരെയു ധൂര്‍ത്തിനും ആഘോഷങ്ങള്‍ക്കെതിരെയും കൈസിബിസി സംയുക്ത ഇടയലേഖനങ്ങള്‍ പുറത്തിറക്കാറുണ്ട്. പക്ഷേ ഇവ പ്രാവര്‍ത്തികമായി നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളും വേണം. തുടരന്വേഷണങ്ങള്‍ നടക്കാറില്ല. പ്രായോഗികമാക്കണം. ഉള്ളില്‍ നിന്നു വരുന്ന ലാളിത്യത്തിലേക്ക് കേരളസഭ മടങ്ങണം.

കേരളത്തില്‍ സ്ത്രീകള്‍ക്ക് ഏതൊക്കെ മേഖലകളില്‍ കൂടുതല്‍ ഭാഗഭാഗിത്വം നല്‍കാനാകും?
പ്രാദേശിക സഭകളില്‍, ഇടവകകളില്‍ സ്ത്രീ പ്രാതിനിധ്യത്തിന് തുടക്കം കുറിക്കണം. കാനന്‍ നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള കടമകളും അവകാശങ്ങളും നല്‍കി സ്ത്രീകളെ പാരിഷ് കൗണ്‍സിലുകളിലേക്കും ഇതര ശുശ്രൂഷാ, സംഘടനാ നേതൃത്വങ്ങളിലേക്കും വളര്‍ത്തിക്കൊണ്ടുവരണം. രൂപതകളില്‍ പാസ്റ്ററല്‍ കൗണ്‍സിലുകളിലും പങ്കാളിത്ത പ്രാധീനിധ്യം വര്‍ധിപ്പിക്കണം. സംഘടനകളിലൂടെ ഇവരെ പ്രവര്‍ത്തനയോഗ്യരാക്കി ട്രെയിനിംഗുകള്‍ നല്‍കി ഉയര്‍ത്തിക്കൊണ്ടു വരണം. മംഗലാപുരം രൂപത വിഭജിച്ച് ഉഡുപ്പി രൂപത നിലവില്‍ വന്നപ്പോള്‍ അവിടത്തെ മെത്രാന്‍ രൂപതയുടെ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്ററാക്കി നിയമിച്ചത് ഒരു സന്യാസിനിയെയാണ്. ഭാരതത്തില്‍ തന്നെ ഇത് ആദ്യ നിയമനമായിരിക്കും.

കുടിയേറ്റക്കാരുടെ ഉന്നമനത്തിനായി എന്തൊക്കെയാണ് അങ്ങ് ചെയ്യുന്നത്?
കുടിയേറ്റകാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി മാത്രമല്ല ഈ കാര്യാലയം പ്രവര്‍ത്തിക്കുന്നതെന്ന തിരിച്ചറിവുണ്ടാകുന്നത് നല്ലതാണ്. ഔാമി ങീയശഹശ്യേ എവിടെയെല്ലാമുണ്ടോ അവര്‍ക്കെല്ലാം വേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. അതായത് ജിപ്‌സികള്‍, സര്‍ക്കസുകാര്‍, കപ്പല്‍-വിമാന യാത്രക്കാര്‍. തെരുവോരവാസികള്‍, ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കൊക്കെ വേണ്ടികൂടിയാണ് ഈ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടു പോകുന്നത്.

പ്രാദേശിക സഭകളുമായി ബന്ധപ്പെട്ടാണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. വിവിധ ആവശ്യങ്ങളായിരിക്കും പ്രാദേശിക സഭകള്‍ക്കുണ്ടാകുന്നത്. അതുകൊണ്ട് ഏകോപനം പ്രാദേശിക സഭകള്‍ വഴി നിര്‍വ്വഹിക്കുന്നു. ഇതിന് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോമാര്‍ മധ്യസ്ഥരാകുന്നു. മനുഷ്യക്കടത്തിന്റെ കാര്യത്തിലും ശ്രദ്ധയുന്നുന്നുണ്ട്. യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യൂജിയസ് (ഡചഒഇഞ). ന്‌റര്‍നാഷണല്‍ എന്നിവവഴിയാണ് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത്. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും സംരക്ഷണങ്ങളെക്കുറിച്ച് നിരവധിതവണ ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചിട്ടുണ്ട്. സിറി#ായക്കാര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടേയെന്ന ആവശ്യവും പാപ്പാ ഉണര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പാപ്പാ അതീവ ശ്രദ്ധാലുവാണെന്ന് പൂര്‍ണ്ണബോധ്യം എനിക്കുണ്ട്. ഇതിന് ഉദാഹരണമാണ് പാപ്പായുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'കോര്‍ ഊനും' (ീില വലമൃ)േ 'ഉപവിയുടെ പ്രവര്‍ത്തനങ്ങള്‍' എന്ന പ്രസ്ഥാനത്തില്‍ നിന്നും അതിന്റെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ സാരാ വഴി നല്ലൊരു തുക സിറിയയിലേക്ക് സഹായമായി എത്തിച്ചത്.

കൗണ്‍സിലിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ?
കുടിയേറ്റക്കാരുടെ ഉന്നമനത്തിനായി 2014 -ല്‍ റോമില്‍വച്ച് കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള ലോക കോണ്‍ഗ്രസ് സംഘടിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങളിലാണ് പൊന്തിഫിക്കല്‍ കൗണ്‍സില്‍. 400 പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ കോണ്‍ഗ്രസ് അഞ്ച് വര്‍ഷത്തിലൊരിക്കലാണ് സംഘടിപ്പിക്കുന്നത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭുഖണ്ഡങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികള്‍ക്ക് താമസം, ഭക്ഷണം, യാത്രാ ചെലവ് തുടങ്ങിയവ ഒരുക്കേണ്ടതുണ്ട്. ഇതൊരു ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്.
കുടിയേറ്റക്കാരുടെ സംരക്ഷണവും, മറ്റിതര പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തുക, പ്രാദേശിക സഭകളിലേക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കുക. അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക.ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ പ്രായോഗികമാക്കുന്നതിനുള്ള നടപടികളുണ്ടാക്കുക തുടങ്ങിയവയാണ് ഈ വേള്‍ഡ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രത്യേകിച്ച് ക്രിസ്ത്യാനികളായവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ?
കുടിയേറ്റ തൊഴിലാളികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക സഭകളില്‍ കൂടുതല്‍ ജാഗ്രതയും അവബോധവും ഉണ്ടാകണം. അതിനായി നൂതന പദ്ധതികള്‍ രൂപതാതലത്തിലും ഇടവകതലങ്ങളിലും ഒരുക്കാന്‍ ശ്രമിക്കണം. കാനഡയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടക്കുന്നുണ്ട്. അവിടെ രൂപതാതലത്തിലും ഇടവകതലങ്ങളിലും പ്രത്യേക പ്രോഡക്ടുകളുണ്ട്. ഒരു കുടുംബത്തെയോ, വ്യക്തിയേയോ രൂപതയോ, ഇടവകയോ ദത്തെടുത്ത് സംരക്ഷിക്കുന്ന രീതിയാണിത്. ദത്തെടുക്കുന്ന മാത്രമല്ല മാന്യമായ വേതന വ്യവസ്ഥകളില്‍ അവര്‍ ഉള്‍പ്പെട്ടിട്ടുന്നോ. മനുഷ്യത്വരഹിതമായി അവരോട് പെരുമാറുന്നുണ്ടോ തുടങ്ങിയ കാര്യങ്ങലിലും ശ്രദ്ധയൂന്നുന്നു. അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആരെങ്കിലുമുണ്ടെന്ന് ബോധ്യമുണ്ടാകുമ്പോള്‍ ആരാചകത്വ അവസ്ഥ അവസാനിക്കും. ഇക്കൂട്ടരുടെ ആധ്യാത്മികാവശ്യങ്ങളില്‍ വൈദികര്‍ പാസ്റ്ററല്‍ കെയര്‍ നല്‍കുന്നതും വലിയൊരു കാര്യമാണ്. ഒരു പരിധിവരെ അന്യസംസ്ഥാന തൊഴിലാളികളെ മറ്റൊരു തരത്തില്‍ കാണാനിടയാക്കുന്നതും അവര്‍ വഴിതെറ്റിപ്പോകുന്നതും നമ്മുടെ ശ്രദ്ധയും സംരക്ഷണവും ഇല്ലാതെയാകുമ്പോവാണ്. ഇടവക വൈദികര്‍ ഇത്തരം തൊഴിലാളികളെ കാണാനും അവരുമായി സമ്പര്‍ക്കം പുലര്‍ത്താനും തയ്യാറാകണം. സദ്വാര്‍ത്ത പ്രഘോഷണത്തിന്റെ മറ്റൊരു മുഖമാണിത്.

പാപ്പായുടെ ലളിതജീവിതം. ദാരിദ്ര ശൈലി ഇതിന്റെ വെളിച്ചത്തില്‍ കേരളസഭാ നേതൃത്വത്തിന് ശൈലിമാറ്റം ആവശ്യമാണോ?
ഉറപ്പിച്ചു പറയാനാകും ശൈലിമാറ്റം അനിവാര്യമാണ്. ഫ്രാന്‍സിസ് പാപ്പായുടെ ജീവിതശൈലി പോലെതന്നെ കേരളസഭാ നേതൃത്വങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ആടുകളുടെ 'ചൂട്' അിറയുന്ന ഇടയന്മാരാകണമെന്ന പാപ്പായുടെ വാക്കുകള്‍ തന്നെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ആഹ്വാനമാണ്. എല്ലാവര്‍ക്കും സംലഭ്യനായ ഒരു പാപ്പായാണ് ഫ്രാന്‍സിസ് പാപ്പാ. പുറമ്പോക്കുകളിലേക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കിടയിലേക്കും ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെടുന്നതും മാതൃക കാണിക്കുന്നതും അനുകരണീയമാണ്. അജപാലന ശുശ്രൂഷ അധികാരമെന്നതിനേക്കാളുപരിയായി ശുശ്രൂഷാനുഭവമാക്കി മാറ്റണം.