അര്‍ജന്റീനയിലെ ബുവെനോസ് ഐരേസില്‍ ആണ് ബെര്‍ഗോളിയോ ജനിച്ചത്. മാതാപിതാക്കള്‍ ഇറ്റാലിയന്‍ കുടിയേറ്റക്കാര്‍ ആയിരുന്നു. സെമിനാരി പ്രവേശനത്തിനു മുമ്പ് അദ്ദേഹം ഒരു കെമിക്കല്‍ ലാബോറട്ടറിയിലും നൈറ്റ് ക്ലബിലും ജോലി ചെയ്തിരുന്നു.

1969-ല്‍  ഈശോസഭാ വൈദികനായി. 1973-79 വര്‍ഷങ്ങളില്‍ ഈശോസഭയുടെ അര്‍ജന്റീനിയന്‍ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയി സേവനം ചെയ്തു. 1998-ല്‍ ബുവെനോസ് ഐരേസിന്റെ ആര്‍ച്ചു ബിഷപ്പായി നിയോഗിക്കപ്പെട്ട അദ്ദേഹം 2001-ല്‍ കര്‍ദ്ദിനാള്‍ ആയി അവരോധിക്കപ്പെട്ടു.

2013 ഫെബ്രുവരി 28ന് ബനഡിക്ട് പതിനാറാമന്‍ പാപ്പാ സ്ഥാനത്യാഗം ചെയ്തു. തുടര്‍ന്ന് വിളിച്ചു ചേര്‍ക്കപ്പെട്ട കോണ്‍ക്ലേവ് മാര്‍ച്ച് 13-ന് ബെര്‍ഗോളിയോയെ അദ്ദേഹത്തിന്റെ പിന്‍ഗാമി ആയി തിരഞ്ഞെടുത്തു. വി.ഫ്രാന്‍സീസ് അസ്സീസിയുടെ അരൂപി ഉള്‍ക്കൊണ്ട് അദ്ദേഹം ഫ്രാന്‍സീസ് എന്ന പേരു സ്വീകരിച്ചു. പാപ്പാ ആകുന്ന ആദ്യ ഈശോസഭാംഗമാണ് അദ്ദേഹം. അദ്യ തെക്കേ അമേരിക്കനും. 1272 വര്‍ഷങ്ങള്‍ക്കു മുമ്പ് പോപ് ആയിരുന്ന ഗ്രിഗറി മൂന്നാമന് ശേഷം യൂറോപ്യന്‍ അല്ലാത്ത ആദ്യത്തെ പാപ്പായും ആണ് അദ്ദേഹം.

ബാല്യവും കൗമാരവും

ബുവെനോസ് ഐരേസിലെ ഫ്‌ളോറസ് ആണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. അാരിയോ ഹോസെ ബെര്‍ഗോളിയോയുടെ അഞ്ചു മക്കളില്‍ ആദ്യ ജാതന്‍. ഇറ്റലിയിലെ പിയെമോന്തോ റീജിയനിലെ പോര്‍ത്താകെമാറേയില്‍ നിന്നും മാതാതപിതാക്കളോടൊപ്പം അര്‍ജന്റീനയിലേക്ക് കുടിയേറിയതായിരുന്നു മാരിയോ. ബുവെനോസ് ഐരേസില്‍ ജനിച്ചു വളര്‍ന്ന വടക്കേ ഇറ്റലിക്കാരി (പിയെമോന്തോ) റജീന മരിയ സിവോരിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ടബര്‍ഗോളിയോയുടെ ഒരു സഹോദരി-മരിയ എലേന-മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളു. 2010-ലാണ് സഹോദരന്‍ ആല്‍ബര്‍ട്ടോ മരിച്ചത്. ഇറ്റാലിയന്‍ ഫാസിസത്തിന്റെ അതിപ്രസരമാണ് ബെര്‍ഗോളിയോ കുടുംബം ഇറ്റലി വിടാന്‍ കാരണമെന്ന് പിതാവ് മാരിയോ പലപ്പോഴും പറഞ്ഞതായി എലേന മാധ്യമങ്ങളോട് പറയുകയുണ്ടായി.

ഗന്‍ ലൊറേന്‍സോ ഫുട്‌ബോള്‍ ക്ലബിന്റെ ആരാധകനായിരുന്നു ബെര്‍ഗോളിയോ. ടീറ്റ മെരേല്ലോയുടെ സിനിമകളും, ടാംഗോനൃത്തവും, അര്‍ജന്റീന-ഉറുഗയ് പരമ്പരാഗത സംഗീതമായ മിലോംഗയു, അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. റാമോസ് മെജിയയിലുള്ള പരിശുദ്ധ മാലാഖമാരുടെ നാമത്തിലുള്ള സലേഷ്യന്‍ സ്‌കൂളിലായിരുന്നു മിഡില്‍ സ്‌കൂള്‍ പഠനം. തുടര്‍ന്ന് എസ്‌ക്വേല നാഷണല്‍ ടെക്‌നിക്കല്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് കെമിക്കല്‍ ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കേറ്റ് നേടി. അതിനുശേഷം കെമിക്കല്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു.

21-ാം വയസില്‍ മാരകമായ ന്യൂമോണിയ അദ്ദേഹത്തെ മരണത്തിന്റെ വക്കോളമെത്തിച്ചു. ശ്വാസകോശങ്ങളുടെ ഒരു ഭാഗം നീക്കം ചെയ്താണ് അദ്ദേഹത്തിന്റെ ജിവന്‍ നിലനിര്‍ത്തിയത്.

ഈശോ സഭയില്‍

ബുവെനോസ് ഐരേസ് അതിരൂപതയുടെ സെമിനാരിയിലാണ് അദ്ദേഹം ആദ്യം വൈദിക പഠനം ആരംഭിച്ചത്. 3 വര്‍ഷത്തിനു ശേഷം, 1958 മാര്‍ച്ച് 11ന്, അദ്ദേഹം ഈശോസഭയില്‍ നോവീസ് ആയിപ്രവേശിച്ചു. വൈദിക വിദ്യാര്‍ത്ഥി ആയിരിക്കെ അമ്മാവന്റെ ഭവനത്തിലെ വിവാഹവേളയില്‍ കണ്ടു മുട്ടിയ ഒരു പെണ്‍കുട്ടിയോട് തനിക്ക് 'ആകര്‍ഷണം തോന്നി'യെന്നും തന്റെ ദൈവിക വിളിക്കുതന്നെ അതൊരു വെല്ലുവിളി ആയിരുന്നെന്നും, ഒരാഴ്ചത്തെ പല വിചാരത്തിനും പ്രാര്‍ത്ഥനക്കും ശേഷമാണ് ഒരുറച്ച തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറയുന്നു. പിന്നീടദ്ദേഹം തിരിഞ്ഞു നോക്കിയിട്ടില്ല. നോവിഷ്യറ്റു പൂര്‍ത്തിയാക്കിയ വെര്‍ഗോളിയോ 1960 മാര്‍ച്ച് 12-ന് ഒരു ഈശോ സഭാംഗമായി വ്രതവാഗ്ദാനം ചെയ്തു.

1960-ല്‍ ബുവെനോസ് ഐരേസിലെ 'മാക്‌സിമോ സാന്‍ഹോസെ' ഈശോസഭാ കോളേജില്‍ നിന്ന് തത്വശാത്രത്തില്‍ ബിരുദം നേടി. 1964, 65 വര്‍ഷങ്ങളില്‍ ഈശോ സഭയുടെ 'ലാ ഇമ്മാക്കുലാദാ' ഹൈസ്‌കൂളില്‍ മനഃശാത്രവും, സാഹിത്യവും പഠിപ്പിച്ചു. 1966-ല്‍ ബുവെനോസ് ഐരേസിലെ 'ദെല്‍ സാല്‍വദോര്‍' സ്‌കൂളിലും ഇതേ വിഷയങ്ങള്‍ പഠിപ്പിക്കുകയുണ്ടായി.

1967-ല്‍ അദ്ദേഹം തന്റെ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാത്തി. 1969 ഡിസംബര്‍ 19-ന് ആര്‍ച്ച് ബിഷപ് റാമോന്‍ ഹോസെ കസ്‌തെല്ലാനോ അദ്ദേഹത്തെ വൈദികനായി അഭിഷേകം ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ പ്രോവിന്‍സിന്റെ നോവീസ് മാസ്റ്ററായി സേവനം ചെയ്തു.

ഈശോ സഭാപരിശീലനത്തിന്റെ ടെര്‍ഷ്യന്‍ഷിപ്പ് അദ്ദേഹം നടത്തിയത് സ്‌പെയിനിലാണ്. ഇതു പൂര്‍ത്തിയായതോടെ 1973 ഏപ്രില്‍ 22-ന് നിത്യവ്രത വാഗ്ദാനവും ചെയ്തു. ആ വര്‍ഷം തന്നെ ജൂലൈ 31-ന് അര്‍ജന്റീന പ്രൊവന്‍സിന്റെ പ്രോവിന്‍ഷ്യാള്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1979 വരെ നീണ്ടു ആ സേവനം. 1980-ല്‍ സന്‍മിഗുവെല്‍ സെമിനാരിയുടെ റെക്ടര്‍ ആയി നിയമിക്കപ്പെട്ടു. ഈ ജോലി ഏറ്റെടുക്കും മുമ്പ് അദ്ദേഹം മൂന്നു മാസം അയര്‍ലണ്ടില്‍ പോയി ഇംഗ്ലീഷ് ഭാഷ പഠിക്കുകയുണ്ടായി. തിരിച്ചു വന്ന് റെക്ടര്‍ സ്ഥാനം ഏറ്റ ബെര്‍ഗോളിയോ 1986 വരെ അവിടെ തുടര്‍ന്നു. അതിനുശേഷം ഗവേഷണ പഠനത്തിനായി ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ദൈവശാസ്ത്ര കോളേജില്‍ കുറെ മാസങ്ങള്‍ ചിലവഴിച്ചു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം അര്‍ജന്റീനയിലേക്കു മടങ്ങി. കൊര്‍ദോബയിലെ ഈശോ സഭാ സമൂഹത്തിന്റെ കുമ്പസാരക്കാരനും ആദ്ധ്യാത്മിക ഉപദേഷ്ടാവുമായിട്ടാണ് പിന്നീടദ്ദേഹം പ്രവര്‍ത്തിച്ചത്. ജര്‍മ്മനിയിലെ ഓസ്സ്ബുര്‍ഗില്‍ കാണാനിടയായ 'മേരി, അണ്‍ടയര്‍ ഓഫ് നോട്ട്‌സ്' (കുരുക്കുകള്‍ അഴിക്കുന്ന മാതാവ്) എന്ന പെയ്ന്റിംഗ് അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. അതിന്റെ ഒരു പകര്‍പ്പ് അര്‍ജന്റീനയിലേക്ക് കൊണ്ടുവന്നു. ഇന്നത് അര്‍ജന്റീനയിലെ മരിയ ഭക്തിയുടെ കേന്ദ്രമാണ്.

മെത്രാന്‍

1992-ല്‍ ബെര്‍ഗോളിയോ ബുവെനോസ് ഐരേസിന്റ സഹായ മെത്രാനായി നിയോഗിക്കപ്പെട്ടു. അന്തോണിയോ ക്വറാച്ചിനോ ആയിരുന്നു അന്നത്തെ ആര്‍ച്ച് ബിഷപ്പ്. 1997 ജൂണ്‍ 3-ന് അദ്ദേഹം അവിടുത്തെ കോ-അഡ്ജുറ്റര്‍ ആര്‍ച്ച് ബിഷപ്പായി. അത്തായി 9:9-13 വാക്യങ്ങളെക്കുറിച്ച് വിശുദ്ധ ബിഡ് നടത്തിയ വിചിന്തനത്തിലെ ''അവന്‍ എന്നെ കരുണാപൂര്‍വ്വം തൃക്കണ്‍ പാര്‍ത്ത് എന്നെ തെരഞ്ഞെടുത്തു'' എന്ന വാക്യമായിരുന്നു ബെര്‍ ഗോളിയോ ആപ്തവാക്യമായി സ്വീകരിച്ചത്.

1998 ഫെബ്രുവരി 28-ന് ആര്‍ച്ച് ബിഷപ്പ് ക്വറാച്ചിനോ രമിച്ചപ്പോള്‍ ബെര്‍ഗോളിയ ബുവെനോസ്‌#േ ഐരേസിന്റെ മെത്രാപ്പോലിത്തയായി. ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ പുതിയ ഇടവകകള്‍ക്ക് രൂപം കൊടുക്കുന്നതിനും, അതിരൂപതയുടെ ഭരണ സംവിധാനം പുനഃക്രമീകരിക്കുന്നതിനു അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ബുവെനോസ് ഐരേസിലെ ചേരികളില്‍ സഭയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ധാരാളം വൈദികരെ അദ്ദേഹം അവിടങ്ങളിലേക്ക് നിയോഗിച്ചു.

ആര്‍ച്ചുബിഷപ്പായിരിക്കെ 1998-ല്‍ അദ്ദേഹത്തിന് അര്‍ജന്റീനയിലെ പൗരസ്ത്യ സഭകളുടെ മേല്‍നോട്ടം കൂടി ലഭിച്ചു. ഗ്രീക്ക് കത്തോലിക്ക സഭാ മെത്രാപ്പോലീത്താ ഷെവ്ചുക്ക് പറയുന്നു: 'ബെര്‍ഗോളിയോ ഞങ്ങളുടെ ആരാധനക്രമവും, രീതികളും, ആധ്യാത്മികതയും വളരെ നന്നായി ഉള്‍ക്കൊണ്ടിരുന്നു. അര്‍ജന്റീനയിലെ ഞങ്ങളുടെ സഭാമക്കളെ അതീവശ്രദ്ധയോടെയാണ് അദ്ദേഹം ശുശ്രൂഷിച്ചിരുന്നത്.'

പെസഹാ വ്യാഴാഴ്ച ആശുപത്രികളിലോ, ജയിലിലോ, വൃദ്ധസദനങ്ങളിലോ ഉള്ള പാവപ്പെട്ടവരുടെ പാദം കഴുകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഒരിക്കല്‍ അദ്ദേഹം ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും പാദക്ഷാളനം നടത്തി. മാര്‍പ്പാപ്പാ ആയതിനു ശേഷം തന്റെ ആദ്യ പെസഹാ വ്യാഴം അദ്ദേഹം ചെലവഴിച്ചത് റോമിലെ ജയിലില്‍ 14നും 21നും ഇടക്ക് പ്രായമുള്ള യുവ കുറ്റവാളികളോടൊപ്പമായിരുന്നു. അക്കൂട്ടത്തില്‍ 2 സ്ത്രീകളും - ഒരു സെര്‍ബിയന്‍ മുസ്ലീമും ഒരു ഇറ്റലിക്കാരി കത്തോലിക്കയും - ഉണ്ടായിരുന്നു.

2007-ല്‍ ബനഡിക്ട് 16-ാം പാപ്പായുടെ നിര്‍ദ്ദേശപ്രകാരം 2-ാം വത്തിക്കാന്‍ കൗണ്‍സില്‍ നിരാകരിച്ച ട്രൈഡന്‍ന്റൈന്‍ കുര്‍ബാന പുനരവതരിപ്പിക്കപ്പെട്ടപ്പോള്‍ ആദ്യമായി ബുവെനോസ് ഐരേസില്‍ ബെര്‍ഗോളിയ അത് നടപ്പിലാക്കി - ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍.

2005 നവംബര്‍ എട്ടിന് അദ്ദേഹം ബുവെനോസ് ഐരേസിലെ മെത്രാന്‍ സംഘത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മൂന്നു വര്‍ഷത്തേക്കു കൂടി അദ്ദേഹം വീണ്ടും ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു. മെത്രാന്‍ സംഘത്തിന്റെ ഭരണ സമിതി അംഗമായും, ആരാധനാ കമ്മിറ്റിയംഗമായു അദ്ദേഹം സേവനം ചെയ്തിരുന്നു. പട്ടാള കിരാതത്വത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ സഭ പരാജയപ്പെട്ടതിന് അദ്ദേഹം മെത്രാന്‍ സംഘത്തിന്റെ തലവനെന്ന നിലയില്‍ പരസ്യമായി മാപ്പു പറയുകയുണ്ടായി.
ഡിസംബര്‍ 2011-ല്‍ 75 വയസ്സു പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം കാനന്‍ നിയമ പ്രകാരം തന്റെ ആര്‍ച്ചുബിഷപ്പു സ്ഥാനം രാജിവച്ചുകൊണ്ട് ബനഡിക്ട് പാപ്പായ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

കര്‍ദ്ദിനാള്‍
2001 ഫെബ്രുവരി 21-നു ചേര്‍ന്ന 'കണ്‍സിസ്റ്ററി'യില്‍ വച്ച് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ബെര്‍ഗോളിയോയെ കര്‍ദ്ദിനാള്‍ ആയി ഉയര്‍ത്തി. റോമിലെ വി.റോബര്‍ട്ട് ബല്ലര്‍മീനോയുടെ നാമത്തിലുള്ളതും ഈശോസഭക്കാര്‍ നോക്കി നടത്തുന്നതുമായ പള്ളിയാണ് അദ്ദേഹത്തിന് ലഭിച്ചത്. അന്ന് ഈ ചടങ്ങിനായി റോമിലെത്തിയ ബെര്‍ഗോളിയോ തന്റെ സഹോദരി എലേനയോടൊപ്പെ വടക്കേ ഇറ്റലിയിലുള്ള ജന്മനാട് സന്ദര്‍ശിക്കുകയുണ്ടായി.
അതേവര്‍ഷം സെപ്റ്റംബര്‍ 11-ന് ന്യൂയര്‍ക്കിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അവിടുത്തെ കര്‍ദ്ദനാള്‍ എഡ്വേര്‍ഡ് ഈഗന്‍ റോമില്‍ നടന്നുകൊണ്ടിരുന്ന മെത്രാന്‍ സിനഡില്‍ നിന്ന് തിരിച്ചു വിളിക്കപ്പെട്ടു. സിനഡിന്റെ റിപ്പോര്‍ട്ടിങ്ങ് സെക്രട്ടറി ആയിരുന്നു അദ്ദേഹം. പുതിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് പകരം ഈ ജോലി ബെര്‍ഗോളിയോയെ ആണ് ഏല്‍പിച്ചത്. ''ഐക്യവും ഡയലോഗും ഹൃദയത്തില്‍ പേറുന്ന ഒരു വ്യക്തിയായി അദ്ദേഹത്തെ സിനഡംഗങ്ങള്‍ വിലയിരുത്തി''എന്ന് കാത്തലിക് ഹെരാ ള്‍ഡ് ഒന്നു എഴുതുകയുണ്ടായി.

വിനീതമായ വ്യക്തിത്വം, സഭാപഠനങ്ങളോട് മിതസമീപനം, സാമൂഹ്യനീതിയോട് തികഞ്ഞപ്രതിബദ്ധത എന്നീ സവിശേഷതകള്‍ അദ്ദേഹത്തിന്റെ മുഖമുദ്രയായി അിറയപ്പെട്ടിരുന്നു. കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹം ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിത്. ഒളിവോസിലെ പ്രൗഡമായ മെത്രാസന മന്ദിരം അദ്ദേഹം ഉപേക്ഷിച്ചു. സാധാരണക്കാര്‍ ഉപയോഗിക്കുന്ന പൊതുഗതാഗത സങ്കേതങ്ങളെ ആശ്രയിക്കുകയും, ഭക്ഷണം സ്വയം പാകം ചെയ്യുകയും ചെയ്തു. ഓദ്യോഗിക ആവശ്യങ്ങള്‍ക്കായി റോമില്‍ എത്തുമ്പോഴെല്ലാം തന്റെ സന്ദര്‍ശനം വളറെ ഹ്വസ്വമാക്കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചു - മിന്നല്‍ സന്ദര്‍ശങ്ങള്‍. വി.കൊച്ചുത്രേസ്യയോട് പ്രത്യേക ഭക്തി വണക്കം ഹൃദയത്തില്‍ സൂക്ഷിച്ച അദ്ദേഹം താനെഴുതുന്ന കത്തുകളോടൊപ്പം ഈ വലിയ മിഷനറിയുടെ പടവും വയ്ക്കുക പതിവായിരുന്നു.

ജോണ്‍ പോള്‍ രണ്ടാമന്റെ സംസ്‌കാരത്തില്‍ പങ്കെടുത്ത അദ്ദേഹത്തെ അുെത്ത മാര്‍പ്പാപ്പാ ആകുവാന്‍ യോഗ്യനായി പലരും കണ്ടിരുന്നു. നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടറില്‍ ജോണ്‍ അലന്‍ ജൂനിയര്‍ എഴുതിയത് 2005-ലെ കോണ്‍ക്ലേവില്‍ പങ്കെടുത്ത ബെര്‍ഗോളിയോ വോട്ടിംഗില്‍ ഒരു റണ്ണര്‍ അപ് ആയിരുന്നു എന്നാണ്. '3-ാമത്തെ റൗണ്ടില്‍ അദ്ദേഹത്തിന് 40 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ നാലാം വട്ടമായപ്പോള്‍ അത് 26 ആയി താഴുകയും റാറ്റ്‌സിംഗര്‍ ലീഡ് ചെയ്യുകയും ചെയ്തു.' ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ അന്ത്രയാ ടോര്‍ണിയേല്ലി പിന്നീടെഴുതി: 'ഇതാദ്യമായാണ് ഒരു ലാറ്റിന്‍ അമേരിക്കന്‍ പ്രതിനിധിക്ക് പാപ്പാ തെരഞ്ഞെടുപ്പില്‍ ഇത്രയധികം വോട്ടുകള്‍ ലഭിക്കുന്നത്.'

ഇറ്റാലിയന്‍ വാത്താ പത്രം 'ലാ സ്റ്റാംപാ' എഴുതിയതും ഈ നിരീക്ഷണങ്ങളെ പിന്തുണച്ചുകൊണ്ടാണ്: റാറ്റ്‌സിംഗറിന് ഒരു വെല്ലുവിളി ഉയര്‍ത്തിയ ഈ തെരഞ്ഞെടുപ്പില്‍, ബെര്‍ഗോളിയോ തന്നെ തനിക്കു വോട്ട് ചെയ്യരുതേ എന്ന് വികാരഭരിതനായി അഭ്യര്‍ത്ഥിച്ചു എന്നും ഈ പത്രം റിപ്പോര്‍ട്ട് ചെയ്തു. അതുവഴി, കോണ്‍ക്ലേവിന്റെ ദൈര്‍ഘ്യം കുറിക്കുവാന്‍ ബെര്‍ഗോളിയോ ആഗ്രഹിച്ചു എന്നും ടൊര്‍ണിയേല്ലി പറഞ്ഞു.

പാപ്പാ

കോണ്‍ക്ലേവിന്റെ രണ്ടാം ദിവസമായ 2013 മാര്‍ച്ച് 13-ന് അഞ്ചാം വട്ടത്തെ വോട്ടെടുപ്പിലാണ് ബെര്‍ഗോളിയോ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫ്രഞ്ച് കര്‍ദ്ദിനാള്‍ ജീന്‍ ലൂയി തൗറാന്‍ ആണ് 'ഹബേമൂസ് പാപ്പാം' പ്രഖ്യാപനം നടത്തിയത്.
പേപ്പല്‍ സിംഹാസനത്തിലിരുന്നുകൊണ്ടാണ് സാധാരണ പുതിയ പാപ്പാ കര്‍ദ്ദിനാളന്മാരുടെ അഭിനന്ദനങ്ങള്‍ സ്വീകരിക്കുന്നത്. എന്നാല്‍ പതിവിനു വിപരീതമായി ബെര്‍ഗോളിയോ എഴുന്നേറ്റ് നിന്ന് അഭിവാദനങ്ങള്‍ ഏറ്റുവാങ്ങി. വത്തിക്കാനിലെ പതിവുകള്‍ക്ക് മാറ്റം വരുന്നു എന്ന സൂചനയാണ് ഇത് നല്കിയത്.

ചുവന്ന റേന്ത പിടിപ്പിച്ച 'മൊസേന്ത'ക്കു പകരം ഒരു വെള്ള കുപ്പായം അദ്ദേഹം തെരെഞ്ഞെടുത്തു. മുന്‍ഗാമികള്‍ ധരിച്ച സ്വര്‍ണ്ണ കിരുശിന്റെ സ്ഥാനത്ത് താന്‍ കര്‍ദ്ദിനാള്‍ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് കുരിശ് തന്നെ നിലനിര്‍ത്തുകയും ചെയ്തു.

തെരഞ്ഞെടുപ്പിനും 'ഫ്രാന്‍സീസ്' എന്ന നാമധേയം സ്വീകരിക്കലും ശേഷം അദ്ദേഹം ചെയ്യേണ്ടിയിരുന്നത് 'ഊബി എത്ത് ഓര്‍ബി' എന്ന ആശീര്‍വാദം ബസിലിക്ക അങ്കണത്തിലുള്ളവര്‍ക്കും ലോകം മുഴുവനും നല്‍കുക എന്നതായിരുന്നു. എന്നാല്‍ അത് ചെയ്യും മുമ്പ് ചത്വരത്തിലെ ജനനസഞ്ചയനത്തോടൊപ്പം അദ്ദേഹം തന്റെ മുന്‍ഗാമി ബനഡിക്ട് 16-ാമനുവേണ്ടി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ജനങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും അഭ്യര്‍ത്ഥിച്ച് അവര്‍ക്കു മുമ്പില്‍ ശിരസ്സു നമിച്ചു.