വത്തിക്കാന്‍ സിറ്റി ക്രിസ്തീയ വിശ്വാസത്തിനും സമ്പത്തിനോടുള്ള ഒന്നിച്ചു പോകാന്‍ സാധിക്കുകയില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കു മുമ്പായി മാര്‍ക്കോസിന്റെ സുവിശേഷം പത്താം അധ്യായത്തിലെ ധനികനായ ചെറുപ്പക്കാരന്റെ ജീവിതാനുഭവം വ്യാഖ്യാനിച്ചുകൊണ്ട് വചനസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.
ധനികനായ ചെറുപ്പക്കാരന്റെ ഹൃദയം രണ്ടു യജമാനന്മാരായ ദൈവത്തിന്റെയും സമ്പത്തിന്റെയും നടുവില്‍ വിഭജിതമായിരുന്നു. ഈശോയുടെ സ്‌നേഹപൂര്‍വ്വമായ നോട്ടത്താല്‍ ഈ ചെറുപ്പക്കാരനു സാധിച്ചില്ല മാനസാന്തരപ്പെടാനായി വിട്ടുകൊടുക്കുവാന്‍. കര്‍ത്താവിന്റെ സ്‌നേഹം എളിമയോടും നന്ദിയോടുംകൂടി സ്വീകരിക്കുമ്പോള്‍ മാത്രമേ വിഗ്രഹങ്ങളുടെ വശീകരണത്തില്‍നിന്നും, നമ്മുടെ മിഥ്യാ ബോധത്തില്‍നിന്നുണ്ടാകുന്ന അന്ധതയില്‍നിന്നും നമുക്ക് മോചനം ലഭിക്കുകയുള്ളു.  
സമ്പത്തും സന്തോഷവും വിജയവും നമ്മുടെ കണ്ണഞ്ചിപ്പിക്കുമെങ്കിലും പിന്നീട് അവ നമ്മെ നിരാശപ്പെടുത്തുന്നു. അവ ജീവന്‍ വാഗ്ദാനം ചെയ്യുന്നെങ്കിലും മരണമാണു നമുക്കു നേടിത്തരുന്നത്. ഈശോ നമ്മോടാവശ്യപ്പെടുന്നത് ഇത്തരം കള്ളസമ്പത്തുകളില്‍ നിന്നു നിത്യജീവന്‍ വേര്‍പെടുത്താനും നിത്യജീവനിലേക്ക് പ്രവേശിക്കാനുമാണ്. 
അത് മരണാനന്തരമുള്ള ജീവിതം മാത്രമല്ല, മറിച്ച് പൂര്‍ണ്ണവും പൂര്‍ത്തീകരിക്കപ്പെട്ടതും പരിമിതിയില്ലാത്തതും സത്യവും ആധികാരികവും പ്രകാശപൂര്‍ണ്ണവുമായ ജീവിതമാണെന്നും മാര്‍പാപ്പ പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഉണ്ടായിരുന്ന യുവതീയുവാക്കളോട് അവര്‍ക്ക് ഈശോയുടെ നോട്ടം ഉണ്ടായിട്ടുണ്ടോ എന്നും, ഈ നോട്ടത്തോട് എങ്ങനെയാണു പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നത് എന്നും മാര്‍പാപ്പ ചോദിച്ചു. ഈശോ നല്‍കുന്ന സന്തോഷത്തോടെ പോകാനാണോ അതോ ലൗകികത നല്‍കുന്ന ദുഃഖത്തോടെ പോകാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?. സന്തോഷത്തിനുവേണ്ടിയുള്ള നമ്മുടെ ദാഹം ശമിപ്പിക്കാന്‍ കഴിവുള്ള ഏക വ്യക്തിയായ ഈശോയുടെ നോട്ടത്തിലേക്കും സ്‌നേഹത്തിലേക്കും നമ്മുടെ ഹൃദയം തുറക്കാനായി, പരിശുദ്ധ കന്യാമറിയം നമ്മെ സഹായിക്കട്ടെയെന്നു പരിശുദ്ധ പിതാവ് ആശംസിച്ചു. 
വത്തിക്കാനില്‍ നടന്നുവരുന്ന കുടുംബത്തെക്കുറിച്ചുള്ള സിനഡില്‍ ഇന്നും നാളെയും ഭാഷാടിസ്ഥാനത്തിലുള്ള പതിമൂന്ന് ഗ്രൂപ്പുകളുടെ ആറും, ഏഴും, എട്ടും, ഒന്‍പതും സമ്മേളനങ്ങളാണു നടക്കുക. 
ഫാ. ജോസഫ് സ്രാമ്പിക്കല്‍.