മെയ്മാസത്തില്‍ നിസ്സംഗതയുടെ സംസ്‌കാരം ഉപേക്ഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ആഹ്വാനംചെയ്തു. അയല്‍ക്കാരുടെ സഹനങ്ങളില്‍ പങ്കുകൊളളുവാനും രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പം ചെലവഴിക്കുവാനും പാപ്പാ നമ്മോട് ആവശ്യ പ്പെടുന്നു. 

    'നമുക്ക് നല്ല ആരോഗ്യമുളളപ്പോള്‍ നാം മറ്റുളളവരുടെ കാര്യങ്ങള്‍ മറന്നു പോകും. മറ്റുളളവരുടെ പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും അവര്‍ നേരിടുന്ന അനീതികളും കാണാതെ പോകും. നമ്മുടെ ഹൃദയങ്ങള്‍ തണുത്തുപോകും.' പാപ്പാ എഴുതി ഈ നിസ്സംഗതയുടെ മനോഭാവം ഇന്നു ലോകത്തെ ഗ്രസിച്ചിരിക്കുന്ന വലിയ തിന്മയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. 

    പാവപ്പെട്ടവര്‍ ഒരു ഭാരമല്ല, നമ്മുടെ സമ്പത്താണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. സമൂഹവും സഭയും ദരിദ്രരുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ കാണിക്കണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പാവപ്പെട്ടവരുടെ മുന്നില്‍ ക്രിസ്ത്യാനികള്‍ മുട്ടില്‍ നില്‍ക്ക ണമെന്നാണ് പാപ്പാ പറഞ്ഞത്. സാധാരണ പാവപ്പെട്ടവരെയും രോഗികളെയും കാണുമ്പോള്‍ നാം അസ്വസ്ഥരാകും. നമ്മുടെ സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും അസ്ഥിരത ഓര്‍മ്മിക്കുന്നതുകൊണ്ടാണത്. എന്നാല്‍ ദരിദ്രരില്‍നിന്ന് നാം പഠിക്കേണ്ട ഏറെ കാര്യങ്ങളുണ്ട്. തങ്ങള്‍ക്കുളള തീരെ കുറച്ചു സമ്പാദ്യംപോലും പങ്കുവയ്ക്കാന്‍ അവര്‍ തയ്യാറാകുന്നു. ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നു. മറ്റുളളവരെ ആശ്രയി ക്കുന്നതില്‍ മടി കാണിക്കുന്നില്ല. 
    
ഈ മെയ്മാസത്തില്‍ ഇത്തരം ചിന്തകള്‍ നമ്മുടെ ധ്യാനവിഷയങ്ങളാകട്ടെ!