ഫിലാഡെല്‍ഫിയ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ലിയോ പതിമൂന്നാമന്‍ പാപ്പാ ഫിലഡെല്‍ഫിയയില്‍നിന്നുള്ള കാതറിന്‍ ഡ്രെക്‌സിന് അനുവദിച്ച അഭിമുഖത്തില്‍ അവരോട് ചോദിച്ചു, നിങ്ങള്‍ സഭയ്ക്കുവേണ്ടി എന്താണ് ചെയ്യുവാന്‍ പോകുന്നത്? കാതറിന്റെ  ജീവിതത്തെ ആ ചോദ്യം മാറ്റിമറിച്ചു. ഓരോ ക്രിസ്ത്യാനിയും മിഷനറിയാകാന്‍ വിളിക്കപ്പെട്ടവളാണ് എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി. ദൈവത്തിന്റെ വിളി ക്ക് കാതോര്‍ക്കുകതന്നെ, അതവളെ വിശുദ്ധയാക്കി, വിശുദ്ധ കാതറിന്‍ ഡ്രെക്‌സിന്‍. 

    അമേരിക്കന്‍സന്ദര്‍ശനത്തിന്റെ അവസാനപാദത്തില്‍ ഫിലഡെല്‍ഫിയയിലെത്തിയ ഫ്രാന്‍സിസ് പാപ്പാ സഭയില്‍ അല്‍മായര്‍ക്കുള്ള പങ്കിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റേയും  ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നടത്തിയ പ്രസംഗത്തിലാണ് ഓരോ വിശ്വാസിയുടെയും വിളിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.  സഭയെ പണിയുക എന്നാല്‍ വേലിക്കെട്ടുകള്‍ നിര്‍മ്മിക്കുക എന്നല്ല പൊളിക്കുക എന്നാണര്‍ത്ഥം. ചെറുസമൂഹങ്ങളെ രൂപപ്പെടുത്തി വിശ്വാസത്തില്‍ ജീവിക്കണം. ഓരോ  വിശ്വാസിയും അവര്‍ക്കാകുന്ന മിഷന്‍പ്രവര്‍ത്തനം ചെയ്യണം.'നിങ്ങള്‍ സഭയ്ക്കുവേണ്ടി എന്തു ചെയ്യും?' എന്ന ചോദ്യം ഉന്നയിച്ചത് ഒരു ചെറുപ്പക്കാരി പെണ്‍കുട്ടിയോടാണ്. ഓരോ ചെറുപ്പക്കാരും ഈ ചോദ്യം ഹൃദയത്തില്‍ ആവര്‍ത്തിക്കണം. ചെറുപ്പക്കാരായ അല്‍മായരുടെ സിദ്ധികളും ദാനങ്ങളും സഭാ ശുശ്രൂഷകളില്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകണം. നമ്മുടെ ഇടവകകളും സ്‌കൂളുകളും സ്വന്തം ക്രിസ്ത്വാനുഭവം ഉത്സാഹത്തോടെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നവരുടെ ഇടങ്ങളായി മാറണം. പാപ്പാ പറഞ്ഞു. സഭയുടെ ദൗത്യത്തില്‍ തുല്യമായ ഉത്തരവാദിത്തം  ഓരോ വിശ്വാസിക്കുമുണ്ടെന്ന തിരിച്ചറിവുണ്ടാകണം. പുരോഹിതനും സന്യാസിയും അല്‍മായനും കരംകോര്‍ത്തു ചെയ്യേണ്ട ശുശ്രൂഷയാണിത്. അല്‍മായശുശ്രൂഷകളെ പ്രത്യേകം പ്രോത്സാഹിപ്പിച്ച് വളര്‍ത്താനുള്ള അവസരമുണ്ടാകണം.

    സഭാനിര്‍മ്മിതിയില്‍ അല്‍മായരെ കൂടുതല്‍ ചേര്‍ത്തുവയ്ക്കുവാനുള്ള ആഹ്വാനമായിരുന്നു പാപ്പയുടെ ഫിലഡെല്‍ഫിയ സന്ദര്‍ശനത്തില്‍ മുഴങ്ങിനിന്നത്. സ്ത്രീ- പുരുഷവ്യത്യാസമില്ലാതെ ക്രിസ്തുവിന്റെ മിഷന്‍ തുടര്‍ന്നുപോകാന്‍ ഏവരേയും പാപ്പാ ആഹ്വാനം ചെയ്തു.