ബധിരനും മൂകനുമായ മനുഷ്യനെ യേശു സുഖപ്പെടുത്തുന്ന രംഗമാണ് ഈ സുവിശേഷ ഭാഗം വിവരിക്കുന്നത്. ദൈവവും സഹോദരങ്ങളുമായുള്ള മനുഷ്യന്റെ സമ്പൂര്‍ണ്ണമായ ആശയവിനിമയം പുനഃസ്ഥാപിക്കുന്ന ഒരു വലിയ സംഭവത്തെയാണ് ഈ രോഗശാന്തിയിലൂടെ യേശു എടുത്തുകാട്ടുന്നത്. ധാരാളം അവിശ്വാസികളുടെ പ്രദേശമായ ഡെക്കാപോളിസിലാണ് യേശു ഈ അത്ഭുതം പ്രവര്‍ത്തിച്ചത്. ആയതിനാല്‍ത്തന്നെ യേശുവിന്റെ പക്കലേക്ക് കൊണ്ടുവന്ന ബധിരനും മൂകനുമായ മനുഷ്യന്‍ ഒരവിശ്വാസിയുടെ വിശ്വാസത്തിലേക്കുള്ള യാത്രയുടെ പ്രതീകമാണ്.

യഥാര്‍ത്ഥത്തില്‍ ഈ വ്യക്തിയുടെ ബധിരത നമ്മെ പഠിപ്പിക്കുന്നത്, മനുഷ്യരെ കേള്‍കകാനും മനസ്സിലാക്കാനും ഉള്ള കഴിവില്ലായ്മ മാത്രമായിരുന്നില്ല, മറിച്ച് ദൈവവചനം ഗ്രഹിക്കുന്നതിനുള്ള കഴിവുകേടുകൂടിയാണ്. വിശുദ്ധ പൗലോസ്ശ്ലീഹാ റോമാക്കാര്‍ക്കെഴുതിയ ലേഖനം 10:17-ല്‍ പറയുന്നതുപോലെ വിശ്വാസം ജനിക്കുന്നത് വചനം ശ്രമവിക്കുന്നതിലൂടെയാണ്.

ഈ സുവിശേഷഭാഗത്തില്‍ നാം വായിക്കുന്നു, യേശു ആദ്യം ചെയ്ത കാര്യം, ആ മനുഷ്യനെ ജനക്കൂട്ടത്തില്‍നിന്ന് ദൂരെ മാറ്റിക്കൊണ്ടുവരിക എന്നതായിരുന്നു. കാരണം തന്റെ ഈ പ്രവൃര്‍ത്തിക്കു കൂടുതല്‍ പ്രസിദ്ധി കൊടുക്കുവാന്‍ യേശു ആഗ്രഹിച്ചില്ല. മാത്രമല്ല, ജനങ്ങളുടെ സംസാരത്തിനും ബഹളത്തിനും ഇടയില്‍ തന്റെ വചനം ആ വ്യക്തി കേള്‍ക്കാതെ പോകരുതെന്നും യേശു ആഗ്രഹിച്ചു. സുഖപ്പെടുത്താനും രമ്യതപ്പെടുത്താനും പുനഃസ്ഥാപിക്കുവാനുമായി ക്രിസ്തുവചനം സ്വീകരിക്കണമെങ്കില്‍ നിശ്ശബ്ദത ആവശ്യമാണെന്ന് പാപ്പാ വ്യക്തമാക്കി.

ഇവിടെ യേശു നിര്‍വഹിക്കുന്ന രണ്ടു പ്രവൃര്‍ത്തികള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അവന്റെ ചെവികളെയും നാവിനെയും സ്പര്‍ശിക്കുന്നു. സംസാരശേഷി ഇല്ലാതിരുന്ന ആ മനുഷ്യനുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിനാണ് ആദ്യമേതന്നെ അവനെ തൊടുകയെന്ന പ്രവൃര്‍ത്തി ചെയ്തത്. യേശു പിതാവിനോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ലഭിച്ച ഒരു ദാനമായിരുന്നു ഈ അത്ഭുതം. അതിനാല്‍ രണ്ടാമതായി യേശു ആകാശത്തിലേക്ക് കണ്ണുകളുയര്‍ത്തി കല്പിക്കുന്നു-തുറക്കപ്പെടട്ടെ.

ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടുകളഴിഞ്ഞു. അവന്‍ സ്വന്തം ഭാഷയില്‍ സ്പുടമായി സംസാരിക്കാന്‍ തുടങ്ങി. ദൈവം തന്നില്‍ത്തന്നെ തുറവി ഇല്ലാത്തവനല്ല. മറിച്ച് സ്വയം വെളിപ്പെടുത്തുന്നവനും മനുഷ്യനുമായി സംവദിക്കുന്നവനുമാണ് എന്ന് ഈ സംഭവത്തിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നു. തന്റെ ആഴമായ കാരുണ്യത്തില്‍, നാമും ദൈവവും തമ്മിലുള്ള അന്തരത്തിന്റെ അനന്തമായ ഗര്‍ത്തം താണ്ടി നമ്മെ കണ്ടെത്തുവാന്‍ കടന്നുവരുന്നവനാണ് ദൈവം. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനായിട്ടാണ് ദൈവം മനുഷ്യനായത്. പ്രവാചകന്മാരിലൂടെയും നിയമത്തിലൂടെയും സംസാരിച്ചുകൊണ്ടുമാത്രമല്ല, വചനം മംസമായി ദൈവപുത്രനിലൂടെ സ്വയം കടന്നുവരുന്നു. വലിയൊരു പാലം പണിക്കാരനാണ് യേശു. എന്നാല്‍ ദൈവപിതാവുമായുള്ള സമാഗമം സാധ്യമാക്കുന്ന സുപ്രധാനപാലവും യേശു തന്നെയാണെന്ന് ഊന്നിപ്പറഞ്ഞു പാപ്പാ.

അതേസമയം ഈ സുവിശേഷഭാഗം നമ്മെക്കുറിച്ചുകൂടിയാണ് പറയുന്നത്. പലപ്പോഴും നമ്മള്‍ നമ്മോടുതന്നെ തുറവിയോ അയവോ ഉള്ളവരല്ല. എത്തിപ്പെടാന്‍ കഴിയാത്തതും ആതിഥ്യമനോഭാവമില്ലാത്തതുമായ ധാരാളം ദീപുകളെയാണ് നാം സൃഷ്ടിക്കുന്നത്.

ഏറ്റവും അടിസ്ഥാനപരമായ മാനുഷികബന്ധങ്ങള്‍പോലും ചിലപ്പോള്‍ പരസ്പര തുറവി ഇല്ലാത്ത യാഥാര്‍ത്ഥ്യങ്ങളായി മാറുന്നു. തുറവി ഇല്ലാത്ത ദമ്പതികള്‍, തുറവി ഇല്ലാത്ത കുടുംബം, തുറവി ഇല്ലാത്ത ഗ്രൂപ്പ്, തുറവി ഇല്ലാത്ത ഇടവക, തുറവി ഇല്ലാത്ത രാഷ്ട്രം എന്നിങ്ങനെ. ഇതൊന്നും ദൈവത്തിന്റേതല്ല. ഇത് നമ്മുടേതും നമ്മുടെ പാപത്തിന്റെ ഫലവുമാണ്.

എന്നാല്‍ നമ്മുടെ ജീവിതാരംഭത്തില്‍, നമ്മുടെ മമ്മോദീസായില്‍, യേശുവിന്റെ എഫ്ഫാത്ത-തുറക്കപ്പെടട്ടെ-എന്ന് തുറവിയുടെ വാക്കുകളും അടയാളവുമാണുള്ളത്. ഉടനെ അത്ഭുതം സംഭവിച്ചു, സ്വാര്‍ത്ഥതയുടെയും പാപത്തിന്റെയും ബധിര-മൂക ബന്ധനത്തില്‍ നിന്ന് സൗഖ്യം നേടിക്കൊണ്ട്, നാം സഭയാകുന്ന വലിയ കുടുംബത്തിലെ അംഗങ്ങളായി മാറി. നമ്മോടു സംസാരിക്കുന്ന ദൈവത്തെ നമുക്ക് ശ്രവിക്കാന്‍ കഴിഞ്ഞു. അവന്റെ വചനം ഇതുവരെ ശ്രവിക്കുവാന്‍ സാധിച്ചിട്ടില്ലാത്തവരോടോ അല്ലെങ്കില്‍ ലോകത്തിന്റെ ക്ലേശകരമായ കഷ്ടതയിലോ വഞ്ചനയിലോ അവ കുഴിച്ചുമൂടുകയോ മറന്നുപോകുകയോ ചെയ്തവരോടോ സംസാരിക്കുവാന്‍ കഴിയുന്നു. നമ്മുടെ വഴിമധ്യേ കണ്ടുമുട്ടുന്നവരോട് ദൈവം നമ്മുടെ ജീവിതത്തില്‍ ചെയ്ത വലിയ അത്ഭുതങ്ങളും നമ്മുടെ വിശ്വാസവും പ്രഘോഷിക്കുവാന്‍ നമ്മെ സഹായിക്കാന്‍ വചനശ്രവണത്തിന്റെയും ആനന്ദപൂര്‍വ്വമായ സാക്ഷ്യത്തിന്റെയും മാതൃകയായ പരിശുദ്ധകന്യകാമറിയത്തോട് പ്രാര്‍ത്ഥിക്കാം.