സമാധാനവും ജീവിതസാക്ഷ്യവും ദരിദ്രരോടുളള സ്‌നേഹവുമാണ് ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാനതൂണുകളെന്ന് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു. ഏതൊരു ക്രിസ്തീയസമൂഹവും ഇവയിലാണ് അടിസ്ഥാനമിടേണ്ടത്. സാന്താ മാര്‍ത്തായിലെ പ്രസംഗത്തിലായിരുന്നു പാപ്പായുടെ ഈ സന്ദേശം. 

    അപ്പസ്‌തോല നടപടികള്‍ വരച്ചുകാട്ടുന്ന ക്രൈസ്തവസമൂഹത്തെ ആസ്പദ മാക്കിയായിരുന്നു പാപ്പായുടെ പ്രസംഗം. 'ഒരേ മനസ്സും ഒരേ ആത്മാവു'മുളള സമൂഹ മായിരുന്നു അവരുടേത്. അതായത് സമാധാനമുളള സമൂഹം-അവിടെ അസൂയയ്ക്കും, അപവാദത്തിനും, പരദൂഷണത്തിനും സ്ഥാനമില്ലായിരുന്നു. 
    
രണ്ടാമതായി വിശ്വാസത്തിന് സാക്ഷ്യം നല്‍കുന്ന സമൂഹമായിരുന്നു അവരുടേത്. ''നമ്മുടെ സമൂഹങ്ങള്‍ ഇന്ന് ഉത്ഥിതനായ യേശുവിന് സാക്ഷ്യം നല്‍കുന്നുണ്ടോ.'' പാപ്പാ ചോദിച്ചു. 

    ക്രൈസ്തവസമൂഹത്തിന്റെ മൂന്നാമത്തെ പ്രധാനസ്വഭാവം ദരിദ്രരോടുളള സമീപനമാണ്. ''ദരിദ്രരോടുളള നമ്മുടെ സമീപനം എന്താണ്.'' പാപ്പാ ചോദിച്ചു. ''നമ്മുടെ സമൂഹങ്ങള്‍ ദരിദ്രമാണോ? സത്യത്തിലും അരൂപിക്കും നമ്മള്‍ ദരിദ്രരാണോ? അതോ നമ്മുടെ ശരണം സമ്പത്തിലാണോ?''

    ഈ സ്വഭാവങ്ങള്‍ ദൈവത്തില്‍നിന്നാണ് ഉരുവാകുന്നത്. ഈശോ നിക്കേദേമൂ സിനോട് പറയുന്നത് ഇതുതന്നെയാണ്-ആത്മാവില്‍ ജനിക്കുന്നവരുടെ സമൂഹം.