അന്യര്‍ക്ക് ഉപകാരം ചെയ്യുന്നവരായും പ്രചോദനം നല്‍കുന്നവരായും പെരുമാറാനും ജീവിക്കാനും ഫ്രാന്‍സീസ് പാപ്പാ ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നു. ''ഒരു ദിവസം എത്ര തവണ നാം നമ്മുടെ അയല്‍ക്കാരെക്കുറിച്ച് സംസാരിക്കും?'' പാപ്പ ചോദിക്കുന്നു. ''നമ്മള്‍ ഇങ്ങനെയാണോ നമ്മുടെ അയല്‍ക്കാരെക്കുറിച്ച് സംസാരിക്കുന്നത്? 'ആ മനുഷ്യന്‍ എപ്പോഴും പളളിയില്‍ പോകുന്നു. പക്ഷേ അയാള്‍ എപ്പോഴും എല്ലാവരെയും കുറ്റം പറയും. ജീവനോടെ അവരെ തൊലിയുരിച്ച് സംസാരിക്കും' മറ്റുളളവരെ അവര്‍ കേള്‍ക്കാതെ കുറ്റം പറയുന്നതിന്റെ ഏറ്റവും മോശമായ ഉദാഹരണമാണിത്. ഇങ്ങനെ പെരുമാറുന്നവര്‍ ക്രൈസ്തവരല്ല.'' പാപ്പാ പറയുന്നു.
മറ്റു ചിലരെക്കുറിച്ച് പാപ്പ പറയുന്നത് ഇപ്രകാരമാണ് ''നീ ക്രൈസ്തവനെങ്കില്‍ ഞാന്‍ നാസ്തികനാണ്. ഇങ്ങനെ പറയുന്നത് മഹത്വമാണെന്ന് ചില വ്യക്തികള്‍ ചിന്തിച്ചു വച്ചിരിക്കുന്നു.'' കത്തോലിക്കസഭയുടെ സ്വഭാവത്തെക്കുറിച്ചാണ് പാപ്പ പിന്നീട് സംസാ രിച്ചത്. പ്രത്യക്ഷം, ആത്മീയം എന്നീ രണ്ടു സ്വഭാവങ്ങള്‍ സഭയ്ക്കുണ്ട് എന്ന് പാപ്പാ വിശദീകരിക്കുന്നു. രൂപതകളുടെയും ക്രൈസ്തവസമൂഹത്തിന്റെയും പുരോഹിതരു ടെയും മതനേതാക്കളുടെയും രൂപത്തിലാണ് സഭയുടെ പ്രത്യക്ഷസ്വഭാവം പ്രകടമാ കുന്നത്.
''ഇതോടൊപ്പംതന്നെ സഭയ്ക്ക് ആത്മീയമായ ഒരു സ്വഭാവംകൂടിയുണ്ട്. ഇതില്‍ മാനുഷികവും ദൈവികവുമായ അംശം ഉള്‍പ്പെടുന്നു. ക്രിസ്തുവാണ് സഭയുടെ മാതൃക. കാരണം സഭ ക്രിസ്തുവിന്റെ ശരീരമാണ്. അതിനാല്‍ എല്ലാ ക്രൈസ്തവന്റെയും മാതൃക സഭയാണ്.'' സഭയ്‌ക്കെതിരായ മോശം പരാമര്‍ശങ്ങള്‍ പാപത്തിലകപ്പെട്ട മനുഷ്യരുടെ ദൗര്‍ബല്യമാണെന്നു പാപ്പാ പറയുന്നു.