ഓശാനഞായറാഴ്ചത്തെ പ്രസംഗത്തിന്റെ ഇടയ്ക്കാണെന്ന് തോന്നുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗംവിട്ട് മാര്‍പ്പാപ്പ പറഞ്ഞ ഒരു കാര്യമുണ്ട്. കുഞ്ഞുന്നാളില്‍ അദ്ദേഹത്തിന്റെ വല്യമ്മച്ചി പതിവായി ഓര്‍മ്മിപ്പിച്ചിരുന്ന കാര്യം ശവക്കച്ചയ്ക്ക് കീശ യില്ല. അതായത് മൃതശരീരത്തിന്റെ ഉടുപ്പിന് പോക്കറ്റില്ലെന്ന്. ശവത്തിന് പോക്കറ്റിന്റെ ആവശ്യമില്ലെന്നതാണ് സത്യം. കാരണം പോക്കറ്റില്‍ ഇടാനും പോക്കറ്റിലിട്ടുകൊണ്ടു പോകാനും സാധിക്കുന്നൊരു യാത്രയ്ക്കല്ലല്ലോ മൃതശരീരം ഒരുമ്പെടുന്നത്. മറിച്ച് ഒന്നും കൂടെകൊണ്ടുപോകാന്‍ സാധിക്കാത്ത യാത്രയിലേയ്ക്കല്ലേ ശവശരീരം പോകു ന്നത്.''
പെസഹാ വ്യാഴാഴ്ചത്തെ ക്രിസം കുര്‍ബാനയ്ക്കിടെ ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു. ദൈവജനം അഭിഷിക്തരാകുന്നുണ്ടോ ഇല്ലയോ എന്നു നോക്കിയാല്‍ ഒരു നല്ല പുരോഹിതനെ തിരിച്ചറിയാം. നിങ്ങളുടെ വചനപ്രഘോഷണം കേള്‍ക്കുന്നവര്‍ പ്രത്യാ ശാഭരിതരാകുകയാണെങ്കില്‍ അവര്‍ അഭിഷ്‌കതരാകുകയാണ് ചെയ്യുന്നത്. അവരുടെ സങ്കടങ്ങളും പ്രതിസന്ധികളും ദു:ഖങ്ങളും ഭാരങ്ങളും ദൈവകരങ്ങളിലേക്ക് സമര്‍പ്പി ക്കപ്പെട്ടുവെന്ന് അവര്‍ക്ക് തോന്നുമ്പോള്‍ നിങ്ങള്‍ അര്‍പ്പിക്കുന്ന കുര്‍ബാനയിലൂടെ അവര്‍ അഭിഷ്‌കതരാകുകയാണ്.
അതിനാല്‍ സ്വയം ഉള്‍വലിയാതെ സമൂഹത്തിന്റെ അതിരുകളിലേക്കും പുറമ്പോക്കുകളിലേക്കും ഇറങ്ങിച്ചെല്ലാനാണ് മാര്‍പാപ്പാ പുരോഹിതരെ ആഹ്വാനം ചെയ്തത്. കാരണം അതിരുകളിലാണ് സഹനവും രക്തം ചിന്തലുമുളളത്, അവിടെയാണ് അന്ധരും ജയില്‍പുളളികളുമുളളത്, അവിടെയാണ് പാപികളും ദുര്‍മാര്‍ഗികളുമുളളത്. പുരോഹിതാഭിഷേകത്തിന്റെ രക്ഷാകരശക്തി അനുഭവിക്കണമെങ്കില്‍ അവര്‍ അതിരുകളിലേക്കുതന്നെ ഇറങ്ങിച്ചെല്ലണമെന്ന് പാപ്പാ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നു.
മാര്‍പാപ്പ പറഞ്ഞ മറ്റൊരു കാര്യംകൂടി ഇതിനോടു കൂട്ടിവായിക്കണം. മറ്റേതൊരു തൊഴിലിലും എന്നതുപോലെ കരിയറിസം പൗരോഹിത്യത്തെയും ബാധിക്കുന്നുണ്ട്. കൊച്ചച്ചന് വികാരിയും വികാരിക്ക് ജനറാളും ജനറാളിന് മെത്രാനും അങ്ങനെ അങ്ങേയറ്റംവരെ കയറിപ്പോകാനുളള അഭിവാഞ്ച. ഇത് പീലിവിടര്‍ത്തി നിന്നാടുന്ന ആണ്‍മയിലിന്റെ മുന്‍ഭാഗംപോലെ മനോഹരമാണെന്നാണ് പാപ്പാ പറയുന്നത്. എന്നാല്‍ മയിലിന്റെ പുറകില്‍നിന്ന് നോക്കിയാലോ? മഹാവൃത്തികേടും.
ചുരുക്കത്തില്‍ നശ്വരമായതിനെയും അനശ്വരവുമായതിനെയും തമ്മില്‍ വേര്‍തിരിക്കാനാവണമെന്നാണ് പാപ്പായുടെ ആഹ്വാനം. ഏതാണ് ഭൗതികം. ഏതാണ് ദൈവികം എന്ന് വേര്‍തിരിക്കാനാവണം. ഏതാണ് മരണംകൊണ്ട് തീര്‍ന്നുപോകുന്നത്, ഏതാണ് മരണത്തിനപ്പുറത്തേക്ക് നീളുന്നത് എന്ന് മനസ്സിലാക്കാനാകണം. എന്നിട്ട് മരണത്തിനപ്പുറത്തേക്ക് നീളുന്നതിന് ജീവിതത്തില്‍ ഒന്നാംസ്ഥാനം കൊടുക്കാനാകണം. അതിലുപരി, നശിച്ചുപോകുന്ന ഈ ജീവിതവും അതിന്റെ പ്രവൃത്തികളുംകൊണ്ട് നിത്യമായ ജീവന്‍ നേടിയെടുക്കാന്‍ നമുക്കാകണം. ഇതാണ് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞുതരുന്ന നവസന്ദേശം.
''ഇതുതന്നെയാണ് യേശു പ്രഘോഷിച്ച സുവിശേഷവും-ജീവന്‍ നഷ്ടപ്പെടുത്തി ക്കൊണ്ട് അതിനെ നിത്യമായി രക്ഷിക്കുന്ന രീതി (മര്‍ക്കോ 8 :35). പഴയ ചിരന്തനചോദ്യം ഓര്‍ക്കുന്നില്ലേ? നീ ലോകം മുഴുവന്‍ നേടിയാലും നിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് നിനക്ക് എന്ത് പ്രയോജനം? ഈ ചോദ്യത്തിന്റെ ജസ്വീറ്റ് പശ്ചാത്തലം നമുക്കറിയാം. ലയോള, സേവ്യറിനോട് ചോദിച്ച ചോദ്യമാണിത്. അതിനൊക്കെ എത്രയോമുമ്പ് നസ്രസ്സിലെ യേശു സ്വന്തം ശിഷ്യരോടാണ് ആദ്യമായി ഈ ചോദ്യം ഉന്നയിച്ചത് (മര്‍ക്കോ 8 :35). ആ ചോദ്യത്തിന്റെ ആധുനിക രൂപം മനസ്സില്‍ മന്ത്രമായി നമുക്ക് ആവര്‍ത്തിക്കാം: ശവക്കച്ചയ്ക്കു കീശയില്ല.''