ചില്ലിക്കാശിന് സ്വന്തം ആത്മാവിനെ, ജീവനെ വില്ക്കുന്ന നിരവധിപ്പേരുണ്ടെന്ന് പാപ്പാ.
വത്തിക്കാനില്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജെന്താര്‍മെറിയ എന്നറിയപ്പെടുന്ന സേനാവിഭാഗത്തിനുവേണ്ടി ശനിയാഴ്ച (03/10/15) രാവിലെ വത്തിക്കാന്റെ സുവിശേഷസന്ദേശമേകുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

        ചരിത്രത്തിലുടനീളം നന്മതിന്മകള്‍ തമ്മിലുളള പോരാട്ടം നടക്കുന്നതിനെക്കുറിച്ച് വിശുദ്ധഗ്രന്ഥ വചനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ച പാപ്പാ, മാനവഹൃദയത്തില്‍ നന്മതിന്മകള്‍ തമ്മിലുളള പോരാട്ടം നടക്കുമ്പോള്‍ നമ്മള്‍ ഇവയില്‍ എന്തു തിരഞ്ഞെടുക്കണമെന്നു നിശ്ചയിക്കേണ്ടിയിരിക്കുന്നുവെന്നും സാത്താന്‍ പ്രലോഭനത്തിന്റെ രീതി അവലംബിക്കുകയും കെണികള്‍ ഒരുക്കുകയും ചെയ്യുന്നുവെന്നും ആ കെണികളിലൊന്നാണ് സമ്പത്തെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

        സാത്താന്‍ യേശുവിനെ സമ്പത്തും പ്രൗഢിയും അധികാരവും കാണിച്ചു പ്രലോഭിപ്പിക്കുന്ന സുവിശേഷസംഭവത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ പണം സാവധാനം അഴിമതിയിലേക്കു നയിക്കുമെന്നും അത് എവിടെയും ദൃശ്യമാണെന്നും പൊങ്ങച്ചവും ലോകത്തിന്റെ അധികാരവുമൊക്കെ സാത്താന്റെ പ്രലോഭനരീതികളാണെന്നും വിശദീകരിച്ചു.
        പൊങ്ങച്ചം ഒരുവനെ അവസാനം പരിഹാസ്യനാക്കിത്തീര്‍ക്കുമെന്നും അധികാരം കൈയ്യിലായിക്കഴിഞ്ഞാല്‍ താന്‍ ദൈവമാണെന്ന തോന്നല്‍ ഒരുവനുണ്ടാകുന്നത് മഹാപാപമാണെന്നും പാപ്പാ പറഞ്ഞു.     

        നന്മയില്‍ വളരുന്നതിനായി മറ്റുളളവരെയും സമൂഹത്തെയും സേവിക്കുന്നതിനുവേണ്ടിയാണ് നാം പോരാടേണ്ടതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.