ക്രിസ്തീയജീവിതസരണിയില്‍ മുന്നേറണമെങ്കില്‍ ക്രൂശിതനായ യേശുവിനെപ്പോലെ സ്വയം താഴ്ത്തണമെന്ന് മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിക്കുന്നു.

    വത്തിക്കാനില്‍ തന്റെ വസതിയായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള 'ദോമൂസ് സാംക്തെ മാര്‍ത്തെ' മന്ദിരത്തിലെ കപ്പേളയില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍, അതായത്, തിങ്കളാഴ്ച (14. 09. 2015) അര്‍പ്പിച്ച പ്രത്യഹ പ്രത്യൂഷ  പൂജവേളയില്‍ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

    പാപത്തിനുള്ള ശിക്ഷയില്‍നിന്ന് ഞങ്ങളെ മോചിപ്പിക്കുന്നതിന് ജനങ്ങള്‍ അപേക്ഷിച്ചപ്പോള്‍ ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്താന്‍ ദൈവം മോശയോട് കല്പിച്ച സംഭവം ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ടത് അനുസ്മരിച്ച പാപ്പാ, തിന്മയുടെ വശീകരണശക്തിയെക്കുറിച്ചു സൂചിപ്പിക്കുകയും സാത്താന്റെ ഈ വശീകരണശക്തി നമ്മെ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്തു.

    സഭാഭരണത്തിനും റോമന്‍ കൂരിയാനവീകരണത്തിനും ആവശ്യമായ സഹായ ങ്ങള്‍ പാപ്പായ്‌ക്കേകുന്നതിനായി രൂപം നല്‍കപ്പെട്ടിരിക്കുന്ന ഒമ്പതംഗ കര്‍ദ്ദിനാള്‍ സമിതിയിലെ, ബോംബെ ആര്‍ച്ചു ബിഷപ്പ് ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉള്‍പ്പടെയുള്ള എല്ലാ അംഗങ്ങളും ഈ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരുന്നു.