സെന്റ്പീറ്റേഴ്‌സ്ചത്വരത്തില്‍ ഒന്നുചേര്‍ന്ന തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വേണ്ടിയാണ് ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാര്‍ത്ഥന പാപ്പാ അര്‍പ്പിച്ചത്. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ നിന്നുളള വായനയാണ് പാപ്പാ ധ്യാനവിഷയമായി തിരഞ്ഞെടുത്തത്. എല്ലാവിധത്തിലുമുളള തിന്മകള്‍ക്കുമെതിരെയാണ് ക്രിസ്തുവിന്റെ യുദ്ധം എന്ന് ഈ സുവിശേഷഭാഗത്തില്‍ പറയുന്നു. ആത്മീയമായും ശാരീരികമായും വെല്ലുവിളികള്‍ നേരിടുന്നവരെ അവിടുന്ന് സൗഖ്യപ്പെടുത്തുന്നു. കുഷ്ഠരോഗിയെ സുഖപ്പെടുത്തിയതിലൂടെ ക്രിസ്തു അത്ഭുതമായ സൗഖ്യത്തെയാണ് പ്രദാനം ചെയ്ത തെന്ന് പാപ്പാ എടുത്തുപറയുകയുണ്ടായി. 

''എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നതാണ് ദൈവത്തിന്റെ കാരുണ്യം. കുഷ്ഠരോഗിക്ക് സൗഖ്യം നല്‍കിയതിലൂടെ ക്രിസ്തു ഇക്കാര്യമാണ് വെളിപ്പെടുത്തിയത്. അവിടുത്തെ കൈകള്‍ കുഷ്ഠരോഗിയെ സ്പര്‍ശിച്ച് സുഖപ്പെടുത്തി. അവിടുന്ന് രോഗിയില്‍നിന്ന് നിശ്ചിത അകലം പാലിച്ചല്ല പ്രവര്‍ത്തിച്ചത്. അവിടുന്ന് കപടത കാണിച്ചില്ല. നമ്മുടെ തിന്മകളെ എടുത്തുമാറ്റാനുളള കഴിവ് ക്രിസ്തുവിനുണ്ട്. ക്രിസ്തുവുമായുളള ബന്ധത്തിലൂടെയാണ് ഇത് സാധ്യമാകേണ്ടത്. വിശ്വാസത്തോടു കൂടിയ ദിവ്യകാരുണ്യം സ്വീകരിക്കുന്ന ഓരോ നിമിഷത്തിലും ഈ സൗഖ്യം സംഭവിക്കുന്നുണ്ട്. ഈ സമയം ക്രിസ്തു നമ്മെ സ്പര്‍ശിക്കുകയും അവിടുത്തെ അനുഗ്രഹം നമുക്കായി നല്‍കുകയും ചെയ്യുന്നു. അനുരഞ്ജനത്തിന്റെ ദിവ്യകാരുണ്യം സ്വീകരിക്കാനും പാപത്തിന്റെ കുഷ്ഠരോഗത്തില്‍നിന്നും മുക്തി നേടാനുമാണ് നാം ശ്രമിക്കേണ്ടത്'' പാപ്പ ആഹ്വാനം ചെയ്തു.  

    'വിശുദ്ധ പൗലോസ്ശ്ലീഹാ കൊറിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ നാം ക്രിസ്തുവിനെ അനുകരിക്കണമെന്ന് പറഞ്ഞിരിക്കുന്നു. പാവപ്പെട്ടവനോ നിരാലംബനോ ആയ ഒരാള്‍ നമ്മുടെ മുന്നില്‍വന്ന് നിന്നാല്‍ കാരുണ്യത്തോടെ അവരുടെ കണ്ണുകളി ലേയ്ക്ക് നോക്കാന്‍ നാം മടി കാണിക്കരുത്. അനുകമ്പയോടും കാരുണ്യത്തോടും കൂടിയാകണം അവരെ സമീപിക്കേണ്ടത്. അവരുമായി കൂടുതല്‍ സമ്പര്‍ക്കത്തിലാകണം. നന്മയും കാരുണ്യവും അവരിലേയ്ക്ക് പകരണം. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയവര്‍ക്ക് സുവിശേഷത്തിന്റെ ആശംസകള്‍ നല്‍കിയാണ് പാപ്പാ തന്റെ പ്രസം ഗം അവസാനിപ്പിച്ചത്.