വത്തിക്കാന്‍ സിറ്റി: പ്രായമായവരെ ഭാരമായി കാണുന്നത് അധഃപതിച്ചതും രോഗാതുരവുമായ സംസ്‌കാരമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശനവേളയില്‍ നടത്തിയ പ്രസംഗത്തിലാണ് വയോധികരെ അവഗണിക്കുന്ന സംസ്‌കാരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചത്.

''വയോജനങ്ങളെ അവഗണിക്കുന്നത് മാരകപാപമാണ്... അവര്‍ അന്യഗ്രഹത്തില്‍ നിന്ന് വന്നവരല്ല. നമ്മള്‍ തന്നെയാണ് അവര്‍ - കുറച്ചു കാലം കഴിയുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ അവരുടെ അവസ്ഥയിലാകും. അതിനെക്കുറിച്ച് ചിന്തിക്കേണ്ട എന്ന് വിചാരിച്ചാല്‍ പോലും... പ്രായമായവരെ അവഗണിക്കുന്ന സമൂഹം മരണത്തിന്റെ വൈറസാണ് വഹിക്കുന്നത്. മുതിര്‍ന്നവരോട് എപ്രകാരം പെരുമാറുന്നുവോ അപ്രകാരമുള്ള പെരുമാറ്റമാദ്യം നമുക്കും ലഭിക്കുക.'' സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയ വിശ്വാസികളെ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായിരുന്ന കാലത്ത് വയോധികര്‍ക്കായുള്ള ഒരു കേന്ദ്രം സന്ദര്‍ശിച്ച അനുഭവം മാര്‍പാപ്പ പങ്കുവച്ചു.''ഒരു അന്തേവാസിയോട് അവരുടെ മക്കളെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമല്ലാത്ത ഉത്തരമാണ് പറഞ്ഞത്. അവര്‍ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് ആ സ്ത്രീ പറഞ്ഞു. അവസാനമായി എപ്പോഴാണ് വന്നതെന്ന് ഞാന്‍ ചോദിച്ചു. കഴിഞ്ഞ ക്രിസ്മസിന്-സ്ത്രീ ഉത്തരം പറഞ്ഞു. അത് ആഗസ്റ്റ്  മാസമായിരുന്നു. എട്ട് മാസമായി മക്കള്‍ കാണാനേ വന്നിട്ടില്ല. അത് മാരകപാപമാണ്;'' മാര്‍പാപ്പ തുടര്‍ന്നു.

''വലിച്ചെറിയലിന്റെയും ഉപേക്ഷിക്കലിന്റെയും സംസ്‌കാരത്തില്‍ പ്രായമായവര്‍ ഉപകാരമില്ലാത്തവരായും ഭാരമായും ഗണിക്കപ്പെടുന്നു. പുറമെ കാണുന്ന വിധത്തിലല്ലെങ്കിലും അവര്‍ അവഗണിക്കപ്പെടുന്നു. അവഗണനയുടെയും നിസ്സഹായതയുടെയും ഭീതികരമായ ജീവിതമാണ് പല വയോധികരും നയിക്കുന്നത്. വയോധികരോട് അടുപ്പമില്ലാത്ത സമൂഹം അധഃപതിച്ച സമൂഹമാണ്. ഉപയോഗപ്രദവും ലാഭകരവുമല്ലാത്ത എല്ലാത്തിനെയും അവഗണിക്കുന്ന പാശ്ചാത്യയുവത്വത്തിന്റെ സംസ്‌കാരത്തില്‍ ഇത് വളരെ പ്രകടമാണ്.'' മാര്‍പാപ്പ വ്യക്തമാക്കി. 

എന്നാല്‍ ബൈബിള്‍, വൃദ്ധരായവരെ ജ്ഞാനത്തിന്റെ ഭണ്ഡാരമായാണ് കാണുന്നത്. സഭയുടെ പാരമ്പര്യത്തിലും വയോജനങ്ങള്‍ക്ക് പ്രത്യേകപരിഗണന കൊടുത്തിരുന്നു. വൃദ്ധരായവര്‍ ബഹുമാനിക്കപ്പെടാത്ത സ്ഥലങ്ങളില്‍ യുവജനങ്ങള്‍ക്ക് ഭാവി ഉണ്ടായിരിക്കുകയില്ലെന്ന് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി. തലമുറകള്‍തമ്മില്‍ കൂടുതല്‍ ഐക്യം പുലര്‍ത്താനും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

വൃദ്ധരുടെ ജീവന്‍ മൂല്യമുള്ളത്
വൃദ്ധരുടെ പരിചരണവും പാലിയേറ്റീവ് ചികിത്സയും എന്ന വിഷയത്തില്‍ റോമില്‍ നടന്ന ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ പൊതുസമ്മേളനത്തിലും വയോജനങ്ങളെ ആദരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചു.

മനുഷ്യരെ മനുഷ്യത്വപരമായ രീതിയില്‍ സംരക്ഷിക്കുന്നതിന്റെ യഥാര്‍ത്ഥ പ്രാകാശനമാണ് പാലിയേറ്റീവ് ചികിത്സ. പ്രായമായാലും രോഗബാധിതനായാലും മനുഷ്യവ്യക്തി മൂല്യമുള്ളയാളാണെന്ന് അത് സാക്ഷ്യം നല്‍കുന്നു. ജീവന്റെ അവസാനകാലഘട്ടത്തിലെ മൂല്യം പാലിയേറ്റീവ് ചികിത്സയിലൂടെ വെളിവാകുന്നു. മാര്‍പാപ്പ വ്യക്തമാക്കി.

സാമൂഹികമോ ശാരീരികമോ ആയ അവസ്ഥമൂലം മരിക്കാന്‍ നിര്‍ബന്ധിതരാകുന്ന വ്യക്തികള്‍ക്ക് നല്‍കപ്പെടേണ്ട ബഹുമാനത്തെയാണ് ഇന്നത്തെ പശ്ചാത്തലത്തില്‍ 
'ബഹുമാനം' എന്ന് വിളിക്കുന്നത്. വാര്‍ദ്ധക്യത്തിലെത്തിയവരെ ബഹുമാനിക്കാനുള്ള ബാധ്യത എല്ലാ ചികിത്സാസമ്പ്രദായങ്ങള്‍ക്കുമുണ്ട്. രോഗനിര്‍ണയമാര്‍ഗങ്ങളും ക്രിയാത്മകതയും സാമ്പത്തികനേട്ടവും മാത്രമാവരുത് ഡോക്ടറിന്റെ പ്രവര്‍ത്തനങ്ങളെ നിശ്ചയിക്കുന്നത്. മരുന്നുപയോഗിച്ച് ലാഭമുണ്ടാക്കുന്നതിനെക്കുറിച്ച് ഒരു രാജ്യവും ആലോചിക്കാന്‍ പാടില്ല. അതേ സമയംതന്നെ മനുഷ്യവ്യക്തിയെ സംരക്ഷിക്കുക എന്നതിലുപരിയായ പ്രധാനപ്പെട്ട ദൗത്യവും സ്റ്റേറ്റിനില്ല. പാപ്പാ പറഞ്ഞു.

പ്രായമായവര്‍ക്ക് പലപ്പോഴും ആരോഗ്യരംഗത്തുള്ളവരുടെ പരിഗണന ലഭിക്കുന്നില്ല. അവര്‍ അവഗണിക്കപ്പെടുന്നു. അവഗണനയാണ് പ്രായമായവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അവര്‍ നേരിടുന്ന ഏറ്റവും വലിയ ക്ലേശവും അത് തന്നെ. നമ്മെ വളരാന്‍ സഹായിച്ചവര്‍ നമ്മുടെ സ്‌നേഹവും പരിചരണവും ആര്‍ദ്രതയും ഏറ്റവും ആവശ്യമുള്ള സമയത്ത് അവഗണിക്കപ്പെടാന്‍ പാടില്ല. പാലിയേറ്റീവ് ശുശ്രൂഷയിലൂടെ മനുഷ്യന്റെ മൂല്യം അംഗീകരിക്കപ്പെടുന്നു. ജീവനെ ശുശ്രൂഷിക്കുന്നതിലുള്ള മികവും രോഗികളായവരുടെ അന്തസുമാണ് മെഡിസിന്റെയും മാനവസമൂഹത്തിന്റെയും പുരോഗതിയുടെ യഥാര്‍ത്ഥമാനദന്ഢം. പാപ്പാ വ്യക്തമാക്കി.