മറ്റുളളവരുമായി സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍ ക്രൈസ്തവര്‍ എന്ന നിലയില്‍ തങ്ങ ളുടെ വ്യക്തിത്വം ഉറപ്പാക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. ഏഷ്യയിലെ വിവിധരാജ്യങ്ങളിലെ ബിഷപ്പുമാരോട് സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ. ചെറിയ ആട്ടിന്‍പറ്റമാണ് നിങ്ങളെന്നും നല്ലിടയന്റെ ശ്രദ്ധ എപ്പോഴും തന്റെ ആട്ടിന്‍പറ്റങ്ങളില്‍ ഉണ്ടെന്ന കാര്യം ഓര്‍മ്മിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. 

    ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിലെ അംഗങ്ങളു മായുളള മീറ്റിംഗായിരുന്നു കൊറിയന്‍ സന്ദര്‍ശനത്തിന്റെ അവസാനദിവസം ആരംഭിച്ചത്. മറ്റുളളവരുമായി സംഭാഷണത്തിലേര്‍പ്പെടാന്‍ ചില അടിസ്ഥാനതത്വങ്ങള്‍ ആവശ്യ മാണെന്ന് പാപ്പാ പറയുന്നു. സ്വന്തം വ്യക്തിത്വം ഉറപ്പാക്കുകയും മറ്റു വ്യക്തികളുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുക എന്നീ കാര്യങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കു ന്നവയാണ്. 

വ്യക്തിത്വവും താദാത്മ്യം പ്രാപിക്കലും തമ്മില്‍ അഭേദ്യമായ ബന്ധമാണുളളത്. ''ക്രൈസ്തവനാണെന്ന സ്വയംബോധം ഇല്ലാത്ത വ്യക്തിക്ക് മറ്റൊരാളുമായി യഥാര്‍ത്ഥമായ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ കഴിയുകയില്ല. നിങ്ങളുടെ ആശയവിനിമയം ആത്മഭാഷണം ആയിരിക്കരുത്. മറ്റു വ്യക്തികളെയും സംസ്‌കാരത്തെയും തുറന്ന മനസ്സോടെ സ്വീകരിക്കാനുളള കഴിവ് നിങ്ങളുടെ സംഭാഷണത്തിനുണ്ടായിരിക്കണം.'' പാപ്പാ വിശദീകരിക്കുന്നു. സംഭാഷണം ആകര്‍ഷ ണീയമായിരിക്കണം എന്നും പാപ്പ വ്യക്തമാക്കുന്നു. 

    വാക്കുകള്‍കൊണ്ടു മാത്രമല്ല ഹൃദയംകൊണ്ടും സംസാരിക്കണമെന്നാണ് ഫ്രാന്‍സിസ് പാപ്പാ പറയുന്നത്. കേള്‍ക്കുന്നവരുടെ അനുഭവങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും സംസാരത്തിനിടയില്‍ നമ്മള്‍ മനസ്സിലാക്കണം. അവിടെയാണ് ഹൃദയംഗമമായ സംഭാഷണം സാധ്യമാകുന്നത്. ഉത്തരകൊറിയയുമായുളള അനുരജ്ഞനത്തിന് ഈ രീതിയിലുളള സംഭാഷണമാണ് ആവശ്യമെന്ന് പാപ്പ പറയുന്നു.