വാഷിങ്ങ്ടണ്‍: സിറിയയില്‍നിന്നും ഇറാഖില്‍നിന്നും എത്തുന്ന അഭയാര്‍ത്ഥികളോടു കാരുണ്യം കാണിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യു.എസ്. കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇന്ന് അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ എണ്ണം നോക്കാതെ ഇരുകൈയ്യും നീട്ടി സ്വീകരിക്കണം. പോയകാലത്തിന്റെ പാപങ്ങളും തെറ്റുകളും ആവര്‍ത്തിക്കരുതെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ആദ്യമായാണ് ഒരു മാര്‍പാപ്പ യു.എസ്. കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യുന്നത്.
കുടിയേറ്റക്കാരുടെ സന്തതിയെന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പ കുടിയേറ്റപ്രശ്‌നത്തെക്കുറിച്ചു സംസാരിച്ചത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നിന്ന് അര്‍ജന്റീനയില്‍ കുടിയേറിപ്പാര്‍ത്തവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. യു.എസിനും ഈ കോണ്‍ഗ്രസിനും അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനസ്ഥാനം വഹിക്കാനാകുമെന്നും മാര്‍പാപ്പ പ്രത്യാശ പങ്കുവച്ചു. അഭയാര്‍ത്ഥികളോടു മാനുഷികപരിഗണനയും സാഹോദര്യവും നീതിയും പുലര്‍ത്തണം. ശത്രുതാമനോഭാവം മാറ്റണം. അഭയാര്‍ത്ഥികളെയും വ്യക്തികളായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.