കുടുംബത്തില്‍ അമ്മമാര്‍ എങ്ങനെയാണ് തങ്ങളുടെ റോള്‍ ഭംഗിയാക്കുന്നത് എന്നതിനെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പാ ജനറല്‍ ഓഡിയന്‍സില്‍ വിശദീകരിച്ചു. ഇന്നത്തെ സ്വയം കേന്ദ്രീകൃതസമൂഹത്തില്‍, വ്യക്തിവാദം ശക്തിപ്പെടുന്ന സമൂഹത്തില്‍ അവയ്‌ക്കെതിരെ പോരാടുന്ന പ്രധാനിയാണ് 'അമ്മ' എന്ന് പാപ്പ പറയുന്നു. 

''ഒരമ്മയായിരിക്കുക എന്നത് അമൂല്യമായ കാര്യമാണ്. ത്യാഗപൂര്‍ണ്ണവും പരിധികളില്ലാത്തതുമായ ജീവിതമാണ് ഒരമ്മ മക്കള്‍ക്കായി നയിക്കുന്നത്. വ്യക്തിവാദത്തിനെതിരെയുളള മറുമരുന്നാണ് മാതൃത്വം. യുദ്ധത്തിന്റെ ഏറ്റവും വലിയ ശത്രുക്കളാണ് അവര്‍ ജനറല്‍ ഓഡിയന്‍സിലെ തീര്‍ത്ഥാടകരോട് പാപ്പാ പറഞ്ഞു. 
    
അനുദിനജീവിതത്തില്‍ അമ്മമാര്‍ വേണ്ടവിധം വിലമതിക്കപ്പെടുന്നില്ലെന്ന് പാപ്പാ പരിതപിച്ചു.''കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവര്‍ മാത്രമല്ല അമ്മമാര്‍. ഒട്ടനവധി ത്യാഗങ്ങള്‍ സഹിച്ച് മാനുഷികവും മതപരവുമായ മൂല്യങ്ങള്‍ക്ക്‌വേണ്ടി ജീവിക്കുകയും അവ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് അമ്മമാര്‍.  സമൂഹനിര്‍മ്മിതിയ്ക്ക് അവര്‍ നല്‍കുന്ന സംഭാവനകള്‍ അമൂല്യമാണ്.'' പാപ്പാ കൂട്ടിച്ചേര്‍ത്തു. 

''പക്ഷേ, അമ്മമാര്‍ മിക്കപ്പോഴും അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യ പ്പെടുകയും ചെയ്യുന്നു. ക്രിസ്ത്യന്‍സമൂഹത്തില്‍പോലും ഇതാണവസ്ഥ. അമ്മയുടെ മാതൃക നമുക്ക് മുന്നിലുണ്ടെങ്കിലും നമ്മുടെ അമ്മമാരെ നമ്മള്‍ ബഹുമാനിക്കാറില്ല. നമ്മള്‍ അവരെ ശ്രവിക്കുകയോ സഹായിക്കുകയോ ചെയ്യുന്നില്ല. അവരുടെ സഹനവും നന്മയും പ്രോത്സാഹിപ്പിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ല.'' 

'അമ്മമാരുടെ രക്തസാക്ഷിത്വം' എന്ന പദവും പാപ്പാ പ്രസംഗത്തില്‍ ഉപയോഗിച്ചു. 1980-ല്‍ കുര്‍ബാനമദ്ധ്യേ കൊല്ലപ്പെട്ട എല്‍സാല്‍വദോറിലെ ആര്‍ച്ച്ബിഷപ്പായിരുന്ന ഓസ്‌കാര്‍ റൊമേരയുടെ ഒരു പ്രയോഗമാണ് 'അമ്മമാരുടെ രക്തസാക്ഷിത്വം' എന്നത്. പ്രാര്‍ത്ഥനയിലും നിശ്ശബ്ദതയിലും തങ്ങളെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന കഴിവാണിതെന്ന് പാപ്പാ വ്യാഖ്യാനിച്ചു. ആരവമോ അമിതപ്രകടനമോ ഇല്ലാതെയാണ് ഓരോ അമ്മയും തന്റെ മാതൃത്വകടമകള്‍ നിര്‍വ്വഹിക്കുന്നത്.

''വിശ്വാസത്തിന്റെ ആദ്യകിരണം നമുക്ക് നല്‍കിയത് അമ്മമാരാണ്. അതില്ലായി രുന്നുവെങ്കില്‍ നമ്മള്‍ ആരുടെയും വിശ്വാസം ആഴപ്പെടുമായിരുന്നില്ല.'' എല്ലാ അമ്മ മാരോടും നന്ദി പറയാന്‍ തന്നോടൊപ്പം ചേരാന്‍ ആഹ്വാനം ചെയ്താണ് പാപ്പാ പ്രസംഗം അവസാനിപ്പിച്ചത്. ''അവര്‍ ആയിരിക്കുന്ന അവസ്ഥയ്ക്ക്, സഭയ്ക്കും ലോക ത്തിനും അവര്‍ നല്‍കിയ നന്മകള്‍ക്ക് നമ്മള്‍ ഓരോരുത്തരും നന്ദി പറയുക.'' 

    തന്റെ ഏകപുത്രനെ ലോകത്തിനുവേണ്ടി നല്‍കിയവളാണ് പരിശുദ്ധ അമ്മ. പരിശുദ്ധ അമ്മയുടെ ഓര്‍മ്മ സഭയിലെ എല്ലാ അമ്മമാരെയും കുറിച്ച് ചിന്തിക്കാനുളള അവസരമാണ് നമുക്ക് നല്‍കുന്നത്. പരിശുദ്ധ അമ്മ അമൂല്യമായ മഹത്വവത്ക്ക രണമാണ് മാതൃത്വത്തിന് നല്‍കിയിരിക്കുന്നത് എന്ന കാര്യം ചിന്തിക്കേണ്ടതാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. 

''നമ്മുടെ ജീവിതത്തിനും മറ്റെല്ലാ കാര്യങ്ങള്‍ക്കും അമ്മമാര്‍ നല്‍കിയ സംഭാവന വളരെ വലുതാണ് എന്ന് നമ്മളെല്ലാവരും പറയുന്നു. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രശംസിക്കപ്പെടാറില്ല. അമ്മമാര്‍ മക്കള്‍ക്ക് ലഭിക്കുന്ന സമ്മാന മാണ്. സമൂഹത്തിന്റെ സ്വയംകേന്ദ്രീകൃതമനോഭാവത്തിന് മാറ്റം വരുത്താന്‍ തങ്ങളുടെ ത്യാഗത്തിലൂടെയും സ്‌നേഹത്തിലൂടെയും ഓരോ അമ്മയ്ക്കും കഴിയും.'' പാപ്പാ വിശ ദീകരിച്ചു.