പാവപ്പെട്ടവരുടെ സംരക്ഷണത്തിനും അവരുടെ ആവശ്യങ്ങള്‍ക്കുമായിരിക്കണം കൂടു തല്‍ പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു പാപ്പയുടെ ആഞ്ചലൂസ് സന്ദേശം.
വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍നിന്നും ഫ്രാന്‍സിസ് പാപ്പ അനുകമ്പ, പങ്കുവയ്ക്കല്‍, നന്ദിപ്രകാശനം എന്നീ സുപ്രധാനമായ മൂന്ന് പാഠങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തു. പാപ്പ പറയുന്നു ''തന്നെ പിന്‍തുടര്‍ന്ന ജനക്കൂട്ടത്തെ തടയേണ്ട എന്നാണ് ക്രിസ്തു ശിഷ്യരോടു പറഞ്ഞത്. കാരണം യേശുവിന് അവരോടു തോന്നിയത് അനുകമ്പയാണ്. അവര്‍ ക്രിസ്തുവിന്റെ പിറകേ വന്നത് എന്താണെന്നു അറിയാനുളള ജിജ്ഞാസ കൊണ്ടായിരുന്നില്ല, മറിച്ച് അവര്‍ക്ക് അവിടുത്തെ ആവശ്യമുണ്ടായിരുന്നതുകൊണ്ടാണ്. തന്റെ അനുകമ്പയുടെ അടയാള പ്രകടനമായിട്ടാണ് അവിടുന്ന് പലര്‍ക്കും സൗഖ്യം നല്‍കിയത്. പാവപ്പെട്ടവരുടെയും അശരണരരുടെയും ആവശ്യങ്ങള്‍ സ്വന്തമായി കാണാനാണ് ക്രിസ്തു പഠിപ്പിച്ചത്.''
നിരവധി ആവശ്യങ്ങളുമായി എത്തിയ ജനക്കൂട്ടത്തെ നേരിട്ടു കണ്ടപ്പോള്‍ ശിഷ്യന്‍മാര്‍ക്കുണ്ടായ വ്യത്യസ്തമായ പ്രതികരണത്തെക്കുറിച്ചാണ് ഫ്രാന്‍സിസ് പാപ്പ പിന്നീട് വിശദീകരിച്ചത്. തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ വിശപ്പകറ്റാന്‍ അവരെ പിരിച്ചുവിടാനാണ് ശിഷ്യന്‍മാര്‍ ആഗ്രഹിച്ചത്. അതേസമയം അവരുടെ വിശപ്പകറ്റനാണ് ക്രിസ്തു പറഞ്ഞത്. ഫ്രാന്‍സിസ് പാപ്പ പറയുന്നു ''രണ്ടു വ്യത്യസ്തമായ സമീപനങ്ങളാണ് നാം ഇവിടെ കാണുന്നത്. ക്രിസ്തു ശിഷ്യര്‍ ചിന്തിച്ചത് അവരവര്‍ക്കാവശ്യമുളളത് അവരവര്‍ തന്നെ കണ്ടെത്തട്ടെ എന്നാണ്. എന്നാല്‍ ക്രിസ്തു ചിന്തിച്ചത് ദൈവത്തിന്റെ യുക്തിക്കനുസരണമായിട്ടാണ്. അതു പങ്കുവയ്ക്കലിന്റെ യുക്തിയാണ്. ക്രിസ്തു പ്രവര്‍ത്തിച്ചത് കണ്‍കെട്ടുവിദ്യയല്ല. മറിച്ച് അതൊരു അടയാളമായിരുന്നു. അന്നന്നു വേണ്ടുന്ന ആഹാരം നല്‍കുന്ന സര്‍വ്വശക്തനായ ദൈവത്തില്‍ ഒന്നുചേര്‍ന്ന് എല്ലാവരും പങ്കുവെയ്ക്കലിന്റെ അനുഭവത്തിലേയ്ക്കു വരാനാണ് ക്രിസ്തു ക്ഷണിച്ചത്. എങ്ങനെയാണ് സഹോദരങ്ങള്‍ക്കുവേണ്ടി പങ്കിടുന്നതെന്ന് അടയാളത്തിലൂടെ അവിടുന്ന് കാണിക്കുകയും ചെയ്തു.''
മൂന്നാമത്തെയും അവസാനത്തെയു സന്ദേശത്തെക്കുറിച്ച് പാപ്പാ പറയുന്നത് ഇങ്ങനെയാണ് ''അപ്പം മുറിച്ച് ജനക്കൂട്ടത്തിനു നല്‍കുന്നതിനുമുന്‍പ് അവിടുന്ന് പിതാവായ ദൈവത്തിന് നന്ദി അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. ഇതേ പ്രവൃത്തിയാണ് അന്ത്യഅത്താഴവേളയിലും ക്രിസ്തു ചെയ്യുന്നത്. തിരുവത്താഴശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ച് നന്ദി പ്രകാശത്തിന്റെ ഉദാത്തമാതൃകയാണ് ക്രിസ്തു കാണിച്ചു തന്നത്. വീണ്ടെടുക്കുന്ന ത്യാഗത്തിന്റെ അനശ്വരമായ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് ക്രിസ്തു ഇപ്രകാരം ചെയ്തത്. ഭൗതികമായ അപ്പത്തെക്കുറിച്ചല്ല അവിടുന്ന് പറയുന്നത്. മറിച്ച് നിത്യജീവന്‍ പ്രദാനം ചെയ്യുന്ന ജീവന്റെ അപ്പത്തെക്കുറിച്ചാണ്.''