വത്തിക്കാന്‍: വിശപ്പിനെതിരെ പോരാടണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സംഘടനയായ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലെ (FAO) അംഗങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ കത്തയച്ചു. സംഘടനയുടെ സെക്രട്ടറി ജനറല്‍ ജോസ് ഗ്രാസിയാനോ ഡാ സില്‍വയാണ് ഇക്കാര്യം അറിയിച്ചത്. ദാരിദ്ര്യവും പോഷകാഹാരക്കുറവും ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളാണെന്ന് മാര്‍പാപ്പാ കത്തില്‍ പറയുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നമ്മുടെ സഹോദരങ്ങള്‍ ദാരിദ്ര്യവ്യം രോഗങ്ങളും കൊണ്ട് കഷ്ടതയനുഭവിക്കുന്നു. സമ്പത്തിന്റെ നീതിപൂര്‍വ്വകമല്ലാത്ത വിതരണവും കാര്‍ഷികമേഖലയിലെ കുറഞ്ഞ വളര്‍ച്ചാനിരക്കുമാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ അടിയന്തിരനടപടി സ്വീകരിക്കണം.
മൂന്നാം ലോകരാജ്യങ്ങളില്‍ ഈ പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ഇതിനെ ചെറുക്കാന്‍ കാര്‍ഷികമേഖലയില്‍ കൂടുതല്‍ ഉത്പാദനമുണ്ടാകണം. ചെറുകിടവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കണം. സമ്പത്ത് കുറച്ചാളുകളുടെമാത്രം കൈയ്യില്‍ ഒതുങ്ങേണ്ടതല്ല. ഇവിടെ സാമൂഹ്യനീതിയും സുസ്ഥിരതയും ഉണ്ടാകണം. എല്ലാവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഫ്രാന്‍സിസ് പാപ്പാ കത്തില്‍ പറയുന്നു.