പട്ടിണി, പോഷണവൈകല്യം എന്നീ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഓരോരുത്തര്‍ക്കുമുള്ള നീതിയില്‍ സവിശേഷശ്രദ്ധ പതിക്കണമെന്ന് മാര്‍പാപ്പാ.
വര്‍ഷംതോറും ഒക്‌ടോബര്‍ 16-ന് ആചരിക്കപ്പെടുന്ന ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടനയുടെ, എഅഛ-യുടെ മേധാവിയായ ഹൊസെ ഗ്രസ്സിയാനൊ ദ സില്‍വയ്ക്ക് നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.
ഓരോരുത്തര്‍ക്കുമുള്ള നീതി നിഷേധിക്കപ്പെടുമ്പോള്‍ അത് എന്നും അക്രമകാരണമായിത്തീരുന്നുവെന്നും പാപ്പാ പറയുന്നു.
നമ്മള്‍ ജീവിക്കുന്നത് ലാഭത്തിനായുള്ള നെട്ടോട്ടവും സ്വാര്‍ത്ഥതാല്പര്യങ്ങളില്‍ കേന്ദ്രീകൃതമായ നീക്കവും അനീതിപരമായ നയങ്ങളും രാഷ്ട്രങ്ങളുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയോ, അന്താരാഷ്ട്ര സമൂഹത്തില്‍ ഫലപ്രദമായ സഹകരണത്തിന് വിഘാതം സൃഷ്ടിക്കുകയോ ചെയ്യുന്ന ഒരു കാലഘട്ടത്തിലാണെന്ന വസ്തുത അനുസ്മരിക്കുന്ന പാപ്പാ ഈയൊരു പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.
സഹകരണത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള പൊതുവായ ഒരഭ്യര്‍ത്ഥന യില്‍ ഒതുങ്ങിനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വ്യക്തമാക്കുന്ന പാപ്പാ പ്രകൃതിവിഭവങ്ങള്‍ ഏതാനും പേരുടെ കൈകളില്‍ ഒതുങ്ങുകയും ദൗര്‍ഭാഗ്യവാന്മാര്‍ ഉച്ഛിഷ്ടങ്ങള്‍ പെറുക്കി ജീവിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഇക്കാലത്തും ഉണ്ടെന്നത് നമുക്കുള്‍ക്കൊള്ളാനാകുമോ എന്ന് നാം നമ്മോടു തന്നെ ചോദിക്കേണ്ടിയിരിക്കുന്നുവെന്ന് പറയുന്നു.
വലിച്ചെറിയലിന്റെയും പുറന്തള്ളലിന്റെയും സംസ്‌ക്കാരത്തിന്റെ ഫലമായ അസമത്വം സദാ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന അവസ്ഥയെയും പാപ്പാ ഭക്ഷ്യ പ്രതിസന്ധിയുമായി ബന്ധപ്പെടുത്തുന്നു.
സാമൂഹ്യസുരക്ഷിതത്വത്തിന്റെ അഭാവം, ദുര്‍ഭരണം, അഴിമതി, കാലാവസ്ഥ മാറ്റം തുടങ്ങിയവമൂലം തങ്ങളുടെ ഭക്ഷ്യസുരക്ഷിതത്വം അപകടത്തിലായിരിക്കുന്ന ജനങ്ങളെ പ്രത്യേകം ഓര്‍ക്കുന്ന പാപ്പാ തങ്ങള്‍ക്കുവേണ്ടി സത്വരം സാധ്യമായതെല്ലാം ചെയ്യാന്‍ അവര്‍ സര്‍ക്കാരുകളോടും അന്താരാഷ്ട്രസംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് പറയുന്നു.
ഈ പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടാന്‍ സാങ്കേതികതലത്തില്‍ സഭയ്ക്കാകില്ലെങ്കിലും ഈ അവസ്ഥകളുടെ മാനുഷികമാനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സഭയ്ക്ക് നിസ്സംഗത പാലിക്കാനാകില്ലയെന്ന് പാപ്പാ വ്യക്തമാക്കുകയും ചെയ്യുന്നു.
1945 ഒക്‌ടോബര്‍ 16-ന് കാനഡയിലെ ക്യുബെക്കില്‍വച്ച് രൂപം കൊണ്ട, എഴുപതാം സ്ഥാപനവാര്‍ഷികമാഘോഷിക്കുന്ന FAQ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാപ്പാ ആശംസകളും നേര്‍ന്നു.