വാഷിങ്ടണ്‍- യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാനെത്തിയ ഫ്രാന്‍സി സ് മാര്‍പാപ്പയെ കൈയ്യടിയോടെ വരവേല്‍ക്കുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍.
വാഷിങ്ടണ്‍: യൂറോപ്പിലേക്ക് അഭയാര്‍ത്ഥിപ്രവാഹം തുടരുന്നതിനിടെ യു. എസി ലെ കുടിയേറ്റവിരുദ്ധമനോഭാവത്തിനെതിരെ യു.എസ് കോണ്‍ഗ്രസില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. പോയകാലത്തിന്റെ പാപങ്ങളും തെറ്റുകളും ആവര്‍ത്തിക്കരുതെന്നും അഭയാര്‍ത്ഥികളോടു കാരുണ്യം കാട്ടണമെന്നുമാണു പാപ്പാ ആവശ്യപ്പെട്ടത്. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ യു എസ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യുന്നത്.
കുടിയേറ്റക്കാരുടെ സന്തതിയെന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പ കുടിയേറ്റപ്രശ്‌നത്തെക്കുറിച്ചു സംസാരിച്ചത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇറ്റലിയില്‍ നിന്ന് അര്‍ജന്റീനയില്‍ കുടിയേറിപ്പാര്‍ത്തവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍.''അഭയാര്‍ത്ഥികളോടു മാനുഷികപരിഗണനയും സാഹോദര്യവും നീതിയും പുലര്‍ത്തണം. ശത്രുതാമനോഭാവം മാറ്റണം.'' മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
അഭയാര്‍ത്ഥികളെയും വ്യക്തികളായി കാണണം. വധശിക്ഷ ലോകവ്യാപകമായി ഒഴിവാക്കണമെന്നും മനുഷ്യജീവന്‍ അതിന്റെ ഓരോ ഘട്ടത്തിലും നമ്മള്‍ സംരക്ഷിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
വൈറ്റ് ഹൗസിലേക്കു തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു കോടിയിലേറെ വരുന്ന അനധികൃത കുടിയേറ്റക്കാരെയെല്ലാം യു.എസില്‍നിന്നു നാടുകടത്തുമെന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രമുഖ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊനാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെയും മറ്റും പശ്ചാത്തലത്തിലാണു മാര്‍പാപ്പയുടെ സ്‌നേഹവചസ്സുകള്‍.