വാഷിംഗ്ടണ്‍ .യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ മാര്‍പാപ്പയെന്ന റെക്കോര്‍ഡ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്. അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരേ മുഖം തിരിക്കരുതെന്നും മത, വംശീയ, ന്യൂനപക്ഷങ്ങളോട് വിവേചനം അരുതെന്നും യു.എസ്. കോണ്‍ഗ്രസില്‍ നടത്തിയ 45 മിനിറ്റ് ദീര്‍ഘിച്ച പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യത്തിനെതിരേ സന്ധിയില്ലാത്ത സമരം നടത്താനും സമ്പത്ത് നീതിപൂര്‍വ്വകമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുവാനും കോണ്‍ഗ്രസ് അംഗങ്ങളെ പാപ്പാ ഉദ്‌ബോധിപ്പിച്ചു. കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്നും തീവ്രവാദത്തിനെതിരേ പ്രത്യാശയോടെ പടപൊരുതണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതുവരെ കാണാത്ത അഭയാര്‍ത്ഥി പ്രവാഹത്തിനാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടിയെത്തുന്ന അഭയാര്‍ത്ഥികളെ ശത്രുക്കളായി കാണാതെ സഹാനുഭൂതിയോടെ അവരോട് പെരുമാറാന്‍ ലോകരാജ്യങ്ങള്‍ക്കു കഴിയണമെന്നു നിറഞ്ഞ കൈയ്യടികള്‍ക്കിടെ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. യു.എസിലേക്കു തന്നെ ക്ഷണിച്ചതിനുള്ള കാരണങ്ങളിലൊന്നു താനും ഈ മഹത്തായ ഭൂഖണ്ഡത്തില്‍ ജനിച്ചതുകൊണ്ടാകാമെന്ന് അദ്ദേഹം തമാശയായി പറഞ്ഞു.
കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു പുറമേ, സുപ്രീംകോടതി ജഡ്ജിമാര്‍, നയതന്ത്ര പ്രതിനിധികള്‍, വിശിഷ്ടാതിഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സദസ്സ് മാര്‍പാപ്പയുടെ പ്രസംഗം ഏറെ ശ്രദ്ധയോടെയാണു കേട്ടത്. സ്പീക്കര്‍ ജോണ്‍ ബോനര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
ആഡംബരരഹിതമായ ഫിയറ്റ് കാറിലെത്തിയ ഫ്രാന്‍സിസ് പാപ്പായെ കാണാന്‍ ആയിരങ്ങളാണ് റോഡിനിരുവശവും തടിച്ചുകൂടിയത്. യു.എസ.് കോണ്‍ഗ്രസിലെ പ്രസംഗത്തിനുശേഷം ക്യാപിറ്റോള്‍ മന്ദിരത്തിന്റെ ബാല്‍ക്കണിയില്‍ എത്തിയ മാര്‍പാപ്പ അവിടെയുണ്ടായിരുന്ന ജനങ്ങളോട് പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു.