വാഷിങ്ടണ്‍: പാവപ്പെട്ടവരോടു ഫ്രാന്‍സിസ് മാര്‍പാപ്പ കാണിക്കുന്ന കരുണയെ പുകഴ്ത്തി ബറാക് ഒബാമ. സഹിഷ്ണുതയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമൂഹസൃഷ്ടിക്ക് അമേരിക്ക മുന്നിട്ടിറങ്ങണമെന്നു മാര്‍പാപ്പ.  മാര്‍പാപ്പയെ വൈറ്റ് ഹൗസിലേക്കു സ്വാഗതം ചെയ്യുകയായിരുന്നു യു എസ് പ്രസിഡന്റ്. പല കാര്യങ്ങളിലും അമേരിക്കയുടെ വിമര്‍ശകന്‍കൂടിയായ മാര്‍പാപ്പ തന്റെ ആശയങ്ങളും മറച്ചുവച്ചില്ല. മാര്‍പാപ്പയുടെ ആറു ദിവസത്തെ അമേരിക്കന്‍ പര്യടനമാണ് മാര്‍പാപ്പ നടത്തിയത്. 
    
ക്യൂബയുമായി അമേരിക്ക ബന്ധം മെച്ചപ്പെടുത്തണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തെയും യുദ്ധം അനാഥരാക്കിയ അഭയാര്‍ത്ഥികളോടു കാണിക്കുന്ന ദയയെയും ഒബാമ പുകഴ്ത്തി. കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുളള നിശ്ചയദാര്‍ഢ്യം അദ്ദേഹം എടുത്തു പറഞ്ഞു.''ദൈവത്തിന്റെ സമ്മാനമായ  ഈ ഭൂമിയെ സംരക്ഷിക്കുക എന്ന വിശുദ്ധ ലക്ഷ്യം നമുക്കുണ്ടെന്ന് അങ്ങ് ഞങ്ങളെ ഓര്‍മ്മിപ്പിച്ചു. ഭാവി തലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കണമെന്നു'' രാജ്യത്തലവന്മാരോടായി അങ്ങു നടത്തുന്ന അഭ്യര്‍ത്ഥനയെ ഞങ്ങള്‍ പിന്താങ്ങുന്നു- ഒബാമ പറഞ്ഞു. 


അമേരിക്കയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഫിയറ്റ് 500 എല്‍ എന്ന ചെറുകാറില്‍  വൈറ്റ് ഹൗസിലേക്ക് എത്തുന്നു.  സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന  ബറാക് ഒബാമയെയും മിഷേലിനെയും കാണാം. ഇത്രയും ചെറിയ കാറില്‍ ഒരു വിശിഷ്ടാതിഥി വൈറ്റ് ഹൗസിലേക്ക് എത്തുന്നത് ആദ്യമായാണ്. അമേരിക്കയില്‍ ഉള്ളവയില്‍ ഏറ്റവും ചെറിയ കാറാണത്. 

    കാലാവസ്ഥവ്യതിയാനത്തെ നേരിടണമെന്നും സഹിഷ്ണുതയും ബഹുസ്വരതയും ഉള്ള സമൂഹത്തെ കെട്ടിപ്പടുക്കണമെന്നും അമേരിക്കക്കാരോടു മാര്‍പാപ്പ ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ നടന്ന പ്രസംഗത്തില്‍  അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഒബാമ നടത്തുന്ന പരിശ്രമത്തെ പാപ്പാ പ്രശംസിച്ചു. പതിനയ്യായിരത്തോളംവരുന്ന സദസ്സിനോടാണു പോപ്പ് സംസാരിച്ചത്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ പ്രസംഗത്തില്‍ മാര്‍പാപ്പ അനുസ്മരിച്ചു. 

    അതേസമയം ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗവിവാഹം എന്നീ കാര്യങ്ങളില്‍ അമേരിക്കയോടുള്ള വിയോജിപ്പും മാര്‍പാപ്പ രേഖപ്പെടുത്തി. ഫിലാഡല്‍ഫിയയിലെ സന്ദര്‍ശന വേളയില്‍ വിവാഹത്തെയും കുടുംബവ്യവസ്ഥയെയും പിന്താങ്ങാനായി സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും പാപ്പ അറിയിച്ചു.