സാന്റിയാഗോ: കത്തോലിക്കാപൈതൃകം വീണ്ടെടുക്കാനും മറ്റുള്ളവരോട്  സഹാനുഭൂതിയോടെ പെരുമാറാനും ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബന്‍ജനതയെ ആഹ്വാനം  ചെയ്തു. അനുകമ്പയുടെയും അനുരഞ്ജനത്തിന്റെയും വിപ്ലവമാണ് ഇന്ന് ആവശ്യമായിട്ടു ള്ളത്. 

    ത്രിദിന ക്യൂബന്‍പര്യടനത്തിന്റെ സമാപനത്തില്‍  സാന്റിയാഗോയിലെ മാതാവിന്റെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂബക്കാര്‍ക്ക്  മാതാവിനോടുള്ള ഭക്തി പ്രശംസാര്‍ഹമാണെന്നു മാര്‍പാപ്പ പറഞ്ഞു. മാതാവിന്റെ മാതൃക അനുസരിച്ച് മറ്റുള്ളവരുടെ  സേവനത്തിനായി മുന്നിട്ടിറങ്ങാന്‍  വിശ്വാസികള്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും ദിവ്യബലിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ക്യൂബന്‍ സന്ദര്‍ശനത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയിലേക്കു തിരിച്ചു. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ എന്നിവിടങ്ങളിലായാണ് മാര്‍പാപ്പയുടെ പരിപാടികള്‍ ക്രമീകരിച്ചിരുന്നത്. യു.എസ്. കോണ്‍ഗ്രസിലും യു.എന്നിലും അദ്ദേഹം പ്രഭാഷണം നടത്തി.