സാന്താക്രൂസിലെ സമൂഹബലിയര്‍പ്പണത്തില്‍ ബൊളീവിയയിലെ 5-ാമത് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് പാപ്പാ ഫ്രാന്‍സിസ് തുടക്കം കുറിച്ചു. ബൊളിവിയയിലെ 5-ാം ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സെപ്റ്റംബര്‍ 16 മുതല്‍ 20 വരെ തീയതികളില്‍ തെക്കന്‍ ബൊളീവിയിലെ തരീജനഗരത്തിലാണ് നടക്കുന്നതെങ്കിലും പാപ്പായുടെ സന്ദര്‍ശനം അവസരമാക്കിക്കൊണ്ട് കോണ്‍ഗ്രസിന്റെ ഉദ്ഘാടനം മുന്‍കൂട്ടി നിര്‍വ്വഹിച്ചതാണ്. സാന്താക്രൂസിലെ ദിവ്യരക്ഷകന്റെ നാമത്തിലുള്ള പാര്‍ക്കിലെ സമൂഹ ബലിയര്‍പ്പണത്തിലാണ് പാപ്പാ പിന്നീട് സെപ്തംബറില്‍ ആഘോഷിക്കുന്ന ദിവ്യകാരൂണ്യകോണ്‍ഗ്രസിന്റെ ഉദ്ഘാടനം കുറിച്ചത്. ദിവ്യബലിമദ്ധ്യേ ദിവ്യകാരണ്യം കേന്ദ്രീകരിച്ച് പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവച്ചു.

മരുപ്രദേശത്ത് ക്രിസ്തുവിനെ ശ്രവിക്കുവാന്‍ ആവേശത്തോടെ ഓടിയെത്തിയ വന്‍ ജനാവലിയെപ്പോലെയാണ്, അവിടത്തെ പാര്‍ക്കില്‍ വന്‍സമൂഹം സമ്മേളിച്ചതെന്ന് പാപ്പാ ആമുഖമായി പറഞ്ഞു. ജീവിതയാത്രയില്‍ ക്ഷീണിതരാണു നാം മുന്നോട്ടു പോകുവാന്‍ കെല്പില്ലാതായിത്തീരുന്നു. ചിലപ്പോള്‍ പ്രത്യാശ അറ്റവരായും മാറുന്നുണ്ട്. പിന്നെ നിരാശയിലും നിപതിക്കുന്നു. ഹൃദയത്തില്‍ പ്രത്യാശ അറ്റുപോകുമ്പോള്‍ നാം നിരാശരാകുകയും, വളരെ മാനുഷികമായും ഭൗതികതാല്പര്യങ്ങള്‍ മാത്രം ഉള്ളവരായി മാറുകയും ചെയ്യുന്നു. ഭൗമികതാല്പര്യത്തില്‍ അല്ലെങ്കില്‍ കമ്പോളമനഃസ്ഥിതിയില്‍ എന്തും നമുക്ക് വിലപേശാവുന്നതും, വാങ്ങാവുന്നതും മറിച്ചുവില്ക്കാവുന്നതുമാണ്.  ഉപയോഗമില്ലാത്തവരെയും ഉപയോഗമില്ലാത്ത വസ്തുക്കളെയും വലിച്ചെറിയുന്നു, അല്ലെങ്കില്‍ തള്ളിക്കളയുന്നു. ഇങ്ങനെയുള്ള ചിന്താഗതിയില്‍ ചിലര്‍ക്കുമാത്രമേ സ്ഥാന മുള്ളൂ. അയോഗ്യരെയും, വൈകല്യമുള്ളവരെയും, പാപികളെയും ബലഹീനരെയും രോഗികളെയും പുറംതള്ളുന്നു. അയോഗ്യരെ വലിച്ചെറിയുന്ന സംസ്‌ക്കാരം (വലിച്ചെറിയല്‍ സംസ്‌കൃതി- (throw-away culture) സമൂഹത്തില്‍ വളരുന്നത് ഇങ്ങനെയാണെന്നും വചനപ്രഘാഷണയില്‍ പാപ്പാ സമര്‍ത്ഥിച്ചു.

സുവിശേഷം സൂചിപ്പിക്കുന്നതുപോലെ (മാര്‍ക്ക് 8,1-10) പ്രഭാഷണം കഴിഞ്ഞപ്പോള്‍ ക്ഷിണിതരായ ജനാവലി പിരിഞ്ഞുപോകുന്നില്ലായിരുന്നു. അവരെ എങ്ങനെയെങ്കിലും പറഞ്ഞയയ്ക്കുവാന്‍ ശിഷ്യന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍, പറഞ്ഞയയ്‌ക്കേണ്ട, നിങ്ങള്‍തന്നെ അവര്‍ക്ക് എന്തെങ്കിലും ഭക്ഷിക്കുവാന്‍ കൊടുക്കുവാനാണ് ക്രിസ്തു ആവശ്യപ്പെട്ടത്. ആരെയും പറഞ്ഞയയ്‌ക്കേണ്ടതില്ല. ആരും പരിത്യക്തരാക്കപ്പെടരുത്. നിങ്ങള്‍തന്നെ അവര്‍ക്ക് ഭക്ഷിക്കുവാന്‍ കൊടുക്കുവിന്‍, നിങ്ങള്‍തന്നെ കൊടുക്കുവിന്‍, എന്നാണ് അവിടുന്ന് ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്.

1.സുവിശേഷത്തില്‍ നാം കാണുന്നത്, ക്രിസ്തു അപ്പവും മീനും എടുത്ത്, വാഴ്ത്തി, ആശീര്‍വദിച്ച് ശിഷ്യന്മാരെ ഏല്പിക്കുന്നതാണ്. എന്നിട്ട് അത് പങ്കുവച്ചു ജനങ്ങള്‍ക്കു നല്കുന്നതിന് അവിടുന്ന് ആവശ്യപ്പെടുന്നു. മനുഷ്യജീവിതങ്ങളെ നാം ഗൗരവപൂര്‍വ്വം കാണണമെന്നും, അവരെ അവഗണിക്കരുത്, മറിച്ച് പരിഗണിക്കണം എന്നുമാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. ഇതിന്റെ പ്രായോഗികവശമാണ് പങ്കുവയ്ക്കലെന്ന് പാപ്പാ പ്രബോധിപ്പിക്കുന്നത്. പാവങ്ങള്‍ക്കും പരിത്യക്തരായവര്‍ക്കും, നിങ്ങള്‍തന്നെ നല്കുക, നിങ്ങള്‍ അവരെയും ഉള്‍ക്കൊള്ളുക എന്നാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. അവിടുന്ന് ആശീര്‍വദിച്ച് അവര്‍ക്ക് അപ്പം നല്‍കിയതുപോലെ, ആദരവോടെ, പ്രാര്‍ത്ഥനാപൂര്‍വ്വം നാം പാവങ്ങളെ മാനിക്കണമെന്നും, ഉള്ളത് അവരുമായി പങ്കുവയ്ക്കണമെന്നുമാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതെന്ന്, സുവിശേഷത്തെ ആധാരമാക്കി പാപ്പാ ആഹ്വാനം ചെയ്തു.

എടുക്കുക: ക്രിസ്തു അപ്പം എടുത്തു. എടുക്കുക എന്ന ക്രിയ നന്മയുടെ അല്ലെങ്കില്‍ സത്പ്രവൃത്തിയുടെ ആരംഭമാണ്. ജീവിതത്തില്‍ ചെയ്തുതുടങ്ങാവുന്ന ചെറുനന്മയുടെ നാന്ദിയാണ് 'എടുത്തു...' എന്ന സുവിശേഷത്തിലെ പദപ്രയോഗം വെളിപ്പെടുത്തുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ആ വാക്കില്‍ ജനങ്ങളുടെ ഹൃദയവ്യഥയുടെയും വിചാരങ്ങളുടെയും ഓര്‍മ്മയാണ്. വസ്തുവകകളെക്കുറിച്ചോ, മറ്റുകാര്യങ്ങളെക്കുറിച്ചോ ഉള്ള ആശങ്കയല്ല, മറിച്ച് ജനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മയാണ് പ്രവൃത്തിയിലേയ്ക്ക് അവിടുത്തെ നയിക്കുന്നത്.

2.പിന്നെ അവിടുന്ന് ആശീര്‍വദിച്ചു. വാഴ്ത്തുക, പുകഴ്ത്തുക...എന്നാല്‍ ദൈവത്തെയാണ് നാം പുകഴ്ത്തുന്നത്, വാഴ്ത്തുന്നത്. ക്രിസ്തു പിതാവിനെ സ്തുതിച്ചുകൊണ്ടാണ് എല്ലാ പ്രവൃത്തികള്‍ക്കും തുടക്കം കുറിക്കുന്നത്. അവിടുന്ന് ഒന്നിനെയും വസ്തുക്കളായി കാണുകയോ, ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ല. ദൈവം അവിടുത്തെ കാരുണ്യത്തില്‍ നല്കിയ ദാനങ്ങളാണ് അവയെല്ലാം. അതുകൊണ്ടുതന്നെ അവയ്ക്ക് പ്രത്യേക മൂല്യമുണ്ട്. വാഴ്ത്തുന്നതില്‍ നന്ദിപ്രകടനവും, രൂപാന്തരീകരണവും-നന്ദിയും രൂപാന്തരികരണശക്തിയും-ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ദൈവജനത്തിന്റെ ഉത്തരവാദിത്തമാണ്, മറ്റുള്ളവരിലേയ്ക്കും പകര്‍ന്നു നല്കുന്ന നന്ദിയുടെയും രൂപാന്തരീകരണശക്തിയുടെയും ഉള്‍ക്കാഴ്ച ഉണ്ടായിരിക്കുക എന്നത്. ജീവിതങ്ങള്‍ നന്ദിയോടെ ദൈവസന്നിധിയില്‍ വാഴ്ത്തുവാന്‍ സാധിച്ചാല്‍, അത് രൂപാന്തരപ്പെടും നന്മയായി പരിവര്‍ത്തനം ചെയ്യപ്പെടും. ദൈവത്തിന്റെ കൈകളില്‍ അത് വര്‍ദ്ധിക്കും, പെരുകി വര്‍ദ്ധിക്കുന്ന, മെച്ചപ്പെടുന്ന, നവീകരിക്കപ്പെടുന്ന രൂപാന്തരീകരണം യാഥാര്‍ത്ഥ്യമാകുന്നത് ദൈവകരങ്ങളിലാണ് എന്നുവേണം മനസ്സിലാക്കുവാന്‍.

3.പിന്നെ നല്‍കുന്നു: നല്‍കുന്നതെല്ലാം ആശീര്‍വ്വാദമാണ്. അതുപോലെ ആശീര്‍വ്വാദവും നല്കലാണ്, അത് ദാനമാണ്. അങ്ങനെ ആശീര്‍വാദം ഒരു ജീവിതദൗത്യമാണ്. നാം സ്വീകരിച്ചിട്ടുള്ള ദാനങ്ങളില്‍നിന്നാണ്, കഴിവുകളില്‍നിന്നാണ് നല്കുന്നത്. നല്കുന്നതില്‍നിന്നും, പങ്കുവയ്ക്കുന്നതില്‍നിന്നുമാണ് നമുക്ക് യഥാര്‍ത്ഥസന്തോഷം ലഭിക്കുന്നത്. ദൈവികനന്മകളുടെ നന്ദിയുള്ള ഓര്‍മ്മയും അതിന്റെ പങ്കുവയ്ക്കലുമാണ് മറ്റുള്ളവര്‍ക്കും രക്ഷയുടെ ആനന്ദം ലഭിക്കുവാന്‍ ഇടയാക്കുന്നത്. ആശീര്‍വ്വദിക്കുവാന്‍ ഉയര്‍ത്തുന്ന കരങ്ങള്‍ക്കാണ് മനുഷ്യര്‍ക്ക് നന്മചെയ്യുവാനാകുന്നത്.

ദിവ്യകാരുണ്യം സ്‌നേഹത്താല്‍ മുറിക്കപ്പെട്ട ലോകത്തിന്റെ ജീവനുവേണ്ടിയുള്ള അപ്പമാണ് സൂചിപ്പിക്കുന്നത്. ബൊളീവിയയിലെ അഞ്ചാമത് ദിവ്യകാരുണ്യസമ്മേളനത്തിന്റെ ആപ്തവാക്യമാണിത്. ദിവ്യകാരുണ്യം കൂട്ടായ്മയുടെ കൂദാശയാണ്. സ്വാര്‍ത്ഥതയില്‍നിന്നും നമ്മെ സ്വതന്ത്രമാക്കി കൂട്ടായ്മയിലേയ്ക്കും ഒരുമയിലേയ്ക്കും അതു നയിക്കുന്നു. ദൈവജനത്തിന്റെ കൂട്ടായ്മയുടെ ഓര്‍മ്മയും, കൂട്ടായ്മയുടെ കൂദാശയുടെ ഓര്‍മ്മയുമാണ് ലോകത്തെ മുന്നോട്ടു നയിക്കേണ്ടത് എന്ന ചിന്തയോടെയാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.