ഞായറാഴ്ചയിലെ ആഞ്ചലുസ് പ്രാര്‍ത്ഥനയ്ക്കു മുന്‍പ് ഇറാഖിലെയും ഗാസ യിലെയും ജനങ്ങള്‍ക്കുവേണ്ടി ഫ്രാന്‍സിസ്പാപ്പാ പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചു. ഈ ആഴ്ചകളിലുടനീളം ഫ്രാന്‍സിസ്പാപ്പാ നിരവധി ട്വീറ്റുകളിലൂടെ ഇറാഖിലെ ജനത യ്ക്കുവേണ്ടി പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചിരുന്നു. 

    ഇറാഖിലെ സ്ഥിതിയെക്കുറിച്ച് പാപ്പാ പറയുന്നു. ''ഇറാഖില്‍നിന്നും ലഭിച്ച വാര്‍ ത്തകള്‍ ഞെട്ടിപ്പിക്കുന്നതും വിശ്വസിക്കാന്‍ കഴിയാത്തതുമായിരുന്നു. ക്രൈസ്തവരുള്‍ പ്പെടെ ആയിരക്കണക്കിനു ജനങ്ങള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു, പലായനം ചെയ്യപ്പെട്ടു, രക്ഷപെടുന്നതിനിടയില്‍ കുഞ്ഞുങ്ങള്‍ വിശപ്പുകൊണ്ടും ദാഹംകൊണ്ടും മരിച്ചു, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി, എല്ലാ തരത്തിലുമുളള ക്രൂരതകള്‍ അവിടെ സംഭവിച്ചു, വീടുകള്‍ തകര്‍ക്കപ്പെട്ടു, മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു, ചരിത്രപരവും സാംസ്‌കാരികപരവുമായ പൈതൃകസ്വത്തുക്കള്‍ തകര്‍ക്കപ്പെട്ടു.''

''മാനവികതയ്ക്കും ദൈവത്തിനുമെതിരായ അവഹേളനമാണിത്. ദൈവത്തിന്റെ പേരില്‍ ഒരിക്കലും വിദ്വേഷവും വെറുപ്പും സൃഷ്ടിക്കരുത്. ദൈവത്തിന്റെ പേരില്‍ യുദ്ധങ്ങള്‍ ഉണ്ടാക്കുകയുമരുത്.'' പാപ്പാ കൂട്ടിച്ചേര്‍ത്തു. 

    ഇസ്ലാംമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ച ക്രൈസ്തവരെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്താണ് ഇസ്ലാംതീവ്രവാദികള്‍ പ്രതികാരം ചെയ്തത്. ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന നിനവേ നഗരത്തിലും മൊസൂളിലുമാണ് ഇസ്ലാംസൈന്യം ആക്രമണം നടത്തിയിരുന്നത്. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെയും നിരപരാധികളെയും കൊന്നൊടുക്കുന്ന ഈ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ സഹായിക്കണമെന്ന് ദേശീയ, അന്തര്‍ദ്ദേശീയസംഘടനകളോടും നേതാക്കളോടും പാപ്പാ ആഹ്വാനം ചെയ്തിരുന്നു.