ഇറ്റലിയിലെ ദേശീയകാര്‍ഷികസംഘടനയുടെ എഴുപതാം വാര്‍ഷിക ആഘോഷ വേളയില്‍ സംഘടനാംഗങ്ങള്‍ പാപ്പായെ സന്ദര്‍ശിച്ചു. ശനിയാഴ്ചയാണ് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. കാര്‍ഷികവിഭവങ്ങള്‍ മാനവികതയുടെ ഭാഗമാണെന്നും കൃഷിയിലൂടെയാണ് എല്ലാ ഭൂഖണ്ഡങ്ങളും ഭക്ഷണം കഴിക്കുന്നതെന്നും 
പാപ്പാ ഓര്‍മ്മിപ്പിച്ചു. 'നല്ല ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തുന്നത്.' ക്ലമന്റേറിയന്‍ ഹാളില്‍ ഒന്നുചേര്‍ന്ന കര്‍ഷകസംഘടനയിലെ അംഗങ്ങളോടാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. രണ്ടാം വത്തിക്കാന്‍കൗണ്‍സില്‍, ഭൂമിയുടെ നിലനില്‍പ്പിനാധാരം കാര്‍ഷിക മേഖലയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഭക്ഷ്യോത്പാദനത്തെക്കുറിച്ചും വിതരണത്തെ ക്കുറിച്ചും ഒരു വിചിന്തനം ആവശ്യമാണെന്ന് പാപ്പ പറഞ്ഞു. 

മണ്ണില്‍ പണിയെടുത്ത് ജീവിക്കാനാണ് ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. മാത്രമല്ല, നല്ല വിളവ് സൃഷ്ടിക്കാനും മനുഷ്യന് ബാധ്യതയുണ്ട്. കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്ന അവസ്ഥയിലും രാജ്യങ്ങള്‍ ഒന്നിച്ചുനിന്ന് കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഭൂമിയെ സ്‌നേഹിച്ച് മുന്നോട്ടുപോകാന്‍ പാപ്പ കര്‍ഷകരെ ആഹ്വാനം ചെയ്തു.''മനുഷ്യകുലത്തിന്റെ ജീവന്റെ ഉറവിടം കാര്‍ഷികമേഖലയാണ് പാപ്പാ പറഞ്ഞവസാനിപ്പിച്ചു.