വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരെ ശുശ്രൂഷിക്കുന്നവരാണു സഭയില്‍ യഥാര്‍ത്ഥ അധികാരം കൈകാര്യം ചെയ്യുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പൂര്‍ണ്ണവിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നാണ് സമര്‍പ്പണജീവിതത്തിലേക്കുള്ള ദൈവവിളികള്‍ ഉണ്ടാകുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരം നിറഞ്ഞു കവിഞ്ഞ വിശ്വാസികളുടെ സാന്നിധ്യത്തില്‍ നാലുപേരെ വിശുദ്ധരായി പ്രഖ്യാപിച്ചശേഷം വിശുദ്ധ കുര്‍ബ്ബാനമധ്യേ സുവിശേഷസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. 
വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിന്‍, സെലിഗ്വരിന്‍ എന്നിവരെയും ഇറ്റലിയിലെ ക്രമോണെയില്‍നിന്നുള്ള പുരോഹിതനായ വിന്‍ചെന്‍സ്വോ ഗ്രോസി, സമര്‍പ്പിതസഹോദരിയായ അമലോത്ഭവത്തിന്റെ മറിയം എന്നിവരെയുമാണു  രാവിലെ പത്തിനു നടന്ന ചടങ്ങില്‍ മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.
വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട നാലുപേരും എളിമയുടെയും കുരിശിന്റെയും വഴിയില്‍ ഈശോയെ അനുഗമിച്ചവരാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. അതിലൂടെയാണ് ഓരോരുത്തരേയുംകുറിച്ചുള്ള ദൈവികപദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടത്. ആധുനിക കാലഘട്ടത്തിന്റെ പ്രലോഭനങ്ങളായ ഒന്നാം സ്ഥാനത്തെത്തുക, മറ്റുള്ളവരെ ഭരിക്കുക തുടങ്ങിയവ മിശിഹാ പഠിപ്പിച്ചതും മാതൃക കാട്ടിയതുമായ നിശ്ശബ്ദതയില്‍ എളിമയോടുള്ള ശുശ്രൂഷയുമായി പൊരുത്തപ്പെട്ടുപോകില്ല. സഹിക്കുന്ന ഈശോയും സഹിക്കുന്ന വിശ്വാസിയും തമ്മില്‍ പൊരുത്തമുണ്ട്. ഈശോയുടെ പൗരോഹിത്യം കരുണയുടെയും ആര്‍ദ്രതയുടെയുമാണ്. അതുകൊണ്ടുതന്നെ പാപരഹിതനായ ഈശോ പാപികളെ സ്‌നേഹിച്ചുകൊണ്ടാണു മഹത്വത്തിലേക്കു പ്രവേശിച്ചത്. ഈശോയെ അനുകരിച്ചുകൊണ്ട് എളിമയിലും സ്‌നേഹത്തിലും മറ്റുള്ളവരെ, പ്രത്യേകിച്ചു പാവപ്പെട്ടവരെയും ചെറിയവരെയും ശുശ്രൂഷിക്കണം. ഈ ശുശ്രൂഷയിലാണു വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട നാലു പേരുടെയും പൊരുത്തം. 
വിന്‍ചെന്‍സ്വോ ഗ്രോസി തീക്ഷ്ണമതിയും ചെറുപ്പക്കാരുടെ ദൗര്‍ബല്യങ്ങളില്‍ അവരോടു കരുണ കാണിച്ചയാളുമായ ഇടവകവൈദികനായിരുന്നു. അമലോത്ഭവത്തിന്റെ മറിയം പ്രാര്‍ത്ഥനയില്‍നിന്ന് ലഭിച്ച ശക്തിയാല്‍ ദുര്‍ബലരോട്, പ്രത്യേകിച്ചും പാവപ്പെട്ടവരുടെ മക്കളോട്, കരുണകാണിച്ച സമര്‍പ്പിതസഹോദരിയായിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിനും സെലിഗ്വരിനും ക്രിസ്തീയ ശുശ്രൂഷചെയ്തതു വിശ്വാസവും സ്‌നേഹവും നിറഞ്ഞുനിന്ന കുടുംബാന്തരീക്ഷത്തിലാണ്. അവിടെ ജനിച്ചു ജീവിച്ച അഞ്ചു പെണ്‍മക്കളും സമര്‍പ്പണജീവിത്തിലേക്ക്, നാലുപേര്‍ കര്‍മലീത്താസഭയിലും ഒരാള്‍ വിസിറ്റേഷന്‍ സഭയിലും, പ്രവേശിച്ചുവെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 
പശ്ചിമേഷ്യയില്‍, പ്രത്യേകിച്ചു വിശുദ്ധനാട്ടില്‍, സംഘര്‍ഷാന്തരീക്ഷമാണു നിലനില്‍ക്കുന്നതെന്നും വെറുപ്പിനോടും പ്രതികാരത്തോടും നിഷേധാത്മകമായി പ്രതികരിക്കാന്‍ വലിയ ധൈര്യവും നിശ്ചയദാര്‍ഢ്യവും ആവശ്യമാണെന്നും സമാപനാശീര്‍വ്വാദത്തിനുമുമ്പ് ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊരുക്കമായി നല്കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 
സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ-മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് കത്തോലിക്കാ ബാവ, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍പൊന്നുമുത്തന്‍ എന്നിവര്‍ മാര്‍പാപ്പയോടൊപ്പം വിശുദ്ധ കുര്‍ബ്ബാനയില്‍ സഹകാര്‍മികരായിരുന്നു. കുടുംബത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ സിനഡില്‍ ഭാഷാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുടെ  പതിന്നാലു പൊതുസമ്മേളനങ്ങള്‍ നടന്നു.