രണ്ടുദിവസത്തെ കര്‍ദ്ദിനാളന്മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ പുതിയൊരു അജപാലനസമീപനത്തിനായി അവരെ ക്ഷണിച്ചു. കുടുംബജീവിതമായിരുന്നു ചര്‍ച്ചാവിഷയം. ബുദ്ധിപൂര്‍വ്വവും ധീരതയാര്‍ന്നതും അതേസമയം സ്‌നേഹസമ്പൂര്‍ണ്ണവുമായ അജപാലനസമീപനമാണ് സഭയ്ക്ക് ആവശ്യമെന്ന് പാപ്പാ പറഞ്ഞു. അല്ലാതെ അമൂര്‍ത്തവും സാങ്കല്പികവുമായ തത്വങ്ങളെക്കുറിച്ചുളള തര്‍ക്കങ്ങള്‍ക്കല്ല പ്രാധാന്യം കൊടുക്കേണ്ടതെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. 

നൂറ്റമ്പതോളം കര്‍ദ്ദിനാളന്മാരാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പത്തൊമ്പത് പുതിയ കര്‍ദ്ദിനാളന്മാരെ നിയമിക്കുന്ന ചടങ്ങിനാണ് പാപ്പാ എല്ലാ കര്‍ദ്ദിനാളന്മാരെയും വിളിച്ചു കൂട്ടിയിരിക്കുന്നത്.

''മാര്‍പാപ്പ സംഭാഷണത്തിനും ചര്‍ച്ചയ്ക്കും വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ഒന്നിനെ ക്കുറിച്ചും തീരുമാനം എടുത്തില്ല.'' കര്‍ദ്ദിനാള്‍ കാസ്പര്‍ പറഞ്ഞു. വിശ്വാസ സത്യങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചല്ല ചര്‍ച്ചകളെന്നും, മറിച്ച് അവയെ ആധു നികലോകത്തിന്റെ സങ്കീര്‍ണ്ണതകളില്‍ എങ്ങനെ പ്രായോഗികമാക്കാം എന്നതാണ് ചര്‍ച്ചാവിഷയമെന്നു കാസ്പര്‍ പറഞ്ഞു.