തിങ്കളാഴ്ച സാന്താ മാര്‍ത്തയില്‍വച്ചുള്ള കുര്‍ബാനയ്ക്കിടെ ഫ്രാന്‍സിസ് പാപ്പാ പൗരോഹിത്യത്തെക്കുറിച്ചു സംസാരിച്ചു. ഒരു നല്ല വൈദികന്‍ ദൈവജനത്തിനുവേണ്ടി ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ടവനാണ്. അങ്ങനൊരാള്‍ക്ക് യേശുവുമായി അടുത്ത ബന്ധമുണ്ടായിരിക്കും. ''ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം നഷ്ടപ്പെട്ടാല്‍ വൈദികന്‍ വെറും വിഗ്രഹാരാധകനായി മാറും. ആത്മാനുരാഗിയും.''

യോഹന്നാന്റെ ലേഖനത്തില്‍ നിന്നായിരുന്നു ആദ്യത്തെ വായന. അതിനെ ആസ്പദമാക്കി പാപ്പാ പറഞ്ഞു. ''പുരോഹിതന്റെ ശക്തി ക്രിസ്തുവുമായുള്ള ബന്ധത്തിലാണ്. ഈശോയ്ക്ക് ജനപിന്തുണ വര്‍ദ്ധിച്ചു വന്നപ്പോള്‍ അവന്‍ മരുഭൂമിയിലേയ്ക്ക് പിന്‍വാങ്ങി പിതാവിനോടു സംസാരിച്ചിരുന്നു.''

പൗരോഹിത്യത്തിന്റെ ഉരകല്ല് യേശുവുമായുള്ള ബന്ധമാണെന്ന് പാപ്പാ പറഞ്ഞു. ''എന്റെ പൗരോഹിത്യജീവിതത്തില്‍ യേശുവിനുള്ള സ്ഥാനമെന്താണ്?'' ഒരു ശിഷ്യന് ഗുരുവിനോടുള്ള സജീവബന്ധമാണോ അത്? അതോ സഹോദരന് സഹോദരരോടുള്ള ബന്ധമോ? ഒരു നിസ്വന് ദൈവത്തോടുള്ള ബന്ധമോ? അതോ ഹൃദയത്തില്‍നിന്നും മുളപൊട്ടാത്ത കൃത്രിമബന്ധമാണോ അത്?''

''ദൈവാത്മാവിലാണ് നാം അഭിഷിക്തരായിരിക്കുന്നത്. എന്നാല്‍ ക്രിസ്തുവില്‍ നിന്നും നാം അകന്നാല്‍ നമുക്ക് ഈ അഭിഷേകം നഷ്ടപ്പെടും. അഭിഷിക്തന്‍ എന്നതിനു പകരം നാം വെറും സ്തുതിപാഠകനും മധുരവചനക്കാരനുമായി അധഃപതിക്കും. ഇത്തരം പുരോഹിതര്‍ സഭയ്ക്ക് എന്ത് അപകടമാണ് ചെയ്യുന്നതെന്നോ! ഇവര്‍ 'ചിത്രശലഭ' വൈദികരാണ്; പൊങ്ങച്ചക്കാരാണ്. ഇത്തരക്കാര്‍ക്ക് ക്രിസ്തുവുമായി യഥാര്‍ത്ഥത്തില്‍ ബന്ധമില്ല.''
''വൈദികരായ നമുക്ക് വളരെയേറെ കുറവുകളുണ്ട്. നമ്മള്‍ പാപികളാണ്. എന്നാല്‍ നമ്മള്‍ ക്രിസ്തുവിലേയ്ക്കു തിരിയുമെങ്കില്‍, പ്രാര്‍ത്ഥനയില്‍ അവനില്‍ ശരണം തേടുന്നുവെങ്കില്‍ പാപികളാണെങ്കിലും നമ്മള്‍ നല്ല വൈദികരായിത്തീരും. എന്നാല്‍ നമ്മള്‍ യേശുവില്‍നിന്നും അകലെയാണെങ്കില്‍ അവന് പകരമായി നമ്മള്‍ മറ്റു പലതിനെയും നമ്മുടെ ജീവിതത്തിലേയ്ക്ക് പ്രവേശിപ്പിക്കും....''

''വൈദികരായി ജീവിതം സമര്‍പ്പിച്ചവരെ കാണുക സന്തോഷകരമാണ്. മറിച്ച് വിഗ്രഹാരാധകരായ വൈദികരെ ജനം തിരിച്ചറിയും. അതായത് യേശുവിന് പകരം ചെറിയ ചെറിയ വിഗ്രഹങ്ങളെ കൊണ്ടുനടക്കുന്നവരെ. ഇവര്‍ ആത്മാനുരാഗികളാണ്. യേശുവുമായുള്ള ബന്ധമാണ് നമ്മളെ ഇത്തരം വിഗ്രഹാരാധനയില്‍നിന്നും രക്ഷിക്കുന്നത്. നമ്മുടെ അഭിഷേകത്തില്‍ നമ്മെ നിലനിര്‍ത്തുന്നതും ഈ ബന്ധംതന്നെയാണ്. 

''ഇന്ന് എന്നോടൊപ്പം ബലിയര്‍പ്പിക്കുന്ന നിങ്ങളിലുള്ള എന്റെ പ്രത്യാശ ഇതു തന്നെയാണ്. ജീവിതത്തില്‍ മറ്റ് എന്ത് നഷ്ടപ്പെട്ടാലും യേശുവുമായുള്ള ബന്ധം നിങ്ങള്‍ നഷ്ടപ്പെടുത്തരുത്. അതാണ് നിങ്ങളുടെ വിജയം. അതുമായി നിങ്ങള്‍ മുന്നോട്ടു പോകുക.''