വത്തിക്കാനിലെ കാസാ സാന്താ മരിയ ഭവനത്തിലെ ചാപ്പലില്‍ ദിവ്യബലിമധ്യേ ദൈവവചനവായനയ്ക്കുശേഷമാണ് പാപ്പാ ഈ പ്രസ്താവന നടത്തിയത്. സഭയെ ദൈവത്താല്‍ സ്ഥാപിതം എന്നു വിശേഷിപ്പിച്ച പാപ്പാ മെത്രാന്‍മാരെയും വൈദികരെയും ജനങ്ങള്‍ക്കു സേവനം ചെയ്യാന്‍ പ്രത്യേകം അഭിഷേകം ചെയ്യപ്പെട്ടവര്‍ എന്നും വിശേഷിപ്പിച്ചു. ലോകമെമ്പാടും ആരുമറിയാതെ വിശുദ്ധസേവനം ചെയ്യുന്ന നിരവധിയായ വൈദികര്‍ക്കു പാപ്പാ നന്ദി പറഞ്ഞു.

ദിവ്യബലി മധ്യേയുള്ള ആദ്യവായനയില്‍ ദാവീദ്, രാജാവായി അഭിഷേകം ചെയ്യപ്പെടുന്ന ഭാഗം വായിച്ച് പാപ്പാ പറഞ്ഞു. ''ഈ അഭിഷേകം ഇല്ലായിരുന്നെങ്കില്‍ ദാവീദ് ഒരു കമ്പനിയുടെയോ ഒരു രാഷ്ട്രീയസമൂഹത്തിന്റെയോ തലവന്‍ മാത്രമാകുമായിരുന്നു. വെറുമൊരു രാഷ്ട്രീയസംഘാടകനായി ഒതുങ്ങിപ്പോകുമായിരുന്നു. അഭിഷേകത്തിനു ശേഷം ദൈവത്തിന്റെ ആത്മാവ് ഇറങ്ങിവന്നു ദാവീദിനൊപ്പം വസിക്കുന്നു. ദാവീദ് ശക്തിയില്‍ വളര്‍ന്നുവന്നുവെന്നും കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നുവെന്നും ദൈവവചനം പറയുന്നു.'' ഇതാണ് അഭിഷേകംവഴി സംഭവിക്കുന്ന സവിശേഷതയെന്ന് പാപ്പാ പറഞ്ഞു. കര്‍ത്താവിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് അഭിഷിക്തര്‍. അങ്ങനെയുള്ളവരാണ് മെത്രാന്‍മാരും വൈദികരും.

മെത്രാന്‍മാര്‍ തിരഞ്ഞെടുക്കപ്പെടുന്നത് സഭ എന്ന ഒരു സ്ഥാപനം നടത്താനല്ല. അവര്‍ അഭിഷിക്തരാണ്. അവരില്‍ അഭിഷേകമുണ്ട്. കര്‍ത്താവിന്റെ അരൂപി അവരോടൊപ്പമുണ്ട്. എല്ലാ മെത്രാന്‍മാരും പാപികളാണ്. എല്ലാവരുംതന്നെ. എങ്കിലും അവര്‍ അഭിഷിക്തരാണ്. ഓരോദിവസവും കൂടുതല്‍ വിശുദ്ധരാകാന്‍ നാം ആഗ്രഹിക്കുന്നു. അഭിഷേകത്തോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്താന്‍ ആശിക്കുന്നു. മെത്രാന്‍ എന്ന വ്യക്തി ക്രിസ്തുവിന്റെ നാമത്തില്‍ സഭയെ പണിതുയര്‍ത്തുന്നയാളാണ്. അത് അദ്ദേഹം അഭിഷേകം സ്വീകരിച്ചതുകൊണ്ടാണ്. ഭൂരിപക്ഷത്താല്‍ തിരഞ്ഞെടുക്കപെട്ടതുകൊണ്ടല്ല. ഈ അഭിഷേകത്താലാണ് സഭയുടെ ശക്തി. മെത്രാന്‍മാരുടെ സേവനദൗത്യത്തില്‍ പങ്കുപറ്റുന്നതുകൊണ്ട് പുരോഹിതരും അഭിഷേകം സ്വീകരിക്കുന്നു. 

    അഭിഷേകം മെത്രാന്‍മാരെയും പുരോഹിതരെയും ദൈവത്തോട് അടുപ്പിക്കുകയും അവരില്‍ ആനന്ദവും ശക്തിയും നിറയ്ക്കുകയും ചെയ്യുന്നു. ജനങ്ങളെ നയിക്കാനും, അവരെ സഹായിക്കാനും. ജനങ്ങള്‍ക്കു സേവനം ചെയ്തുകൊണ്ടു ജീവിക്കാനും വേണ്ടിയാണത്. കര്‍ത്താവ് നമ്മെ തിരഞ്ഞെടുക്കുകയും നമുക്ക് കാവലാകുകയും സ്‌നേഹാര്‍ദ്രനായി നമ്മെ നോക്കുകയും ചെയ്യുന്നുവെന്ന ആനന്ദകരമായ അനുഭവമാണ് അഭിഷേകം നല്‍കുന്നത്. അതിനാല്‍ മെത്രാന്‍മാരെയും വൈദികരെയും കുറിച്ച് ചിന്തിക്കുമ്പോള്‍  അഭിഷിക്തരായി വേണം അവരെ കാണേണ്ടത്.

കേവലം മാനുഷികശക്തി കൊണ്ടുമാത്രം സഭയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയും എന്നു ചിന്തിക്കുക അസാധ്യമാണ്. മാനുഷികമായി അതു വിശദീകരിക്കാനും സാധ്യമല്ല. ഒരു രൂപതയിലെ വിശുദ്ധരായ ആളുകളുടെ സാന്നിധ്യംകൊണ്ടാണ്. അതില്‍ വിശുദ്ധനായ നേതാവ് ഉള്ളതുകൊണ്ടാണ് ആ രൂപത പുരോഗതി പ്രാപിക്കുന്നതും വളരുന്നതും. ഒരു ഇടവകയില്‍ നിരവധിസംഘടനകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഇടവക വൈദികന്റെ വിശുദ്ധിക്ക് ആ ഇടവകയുടെ വളര്‍ച്ചയില്‍ പ്രധാനപങ്കുണ്ട്. രൂപതകള്‍ക്കും ഇടവകകള്‍ക്കും വേണ്ടി ആത്മാര്‍പ്പണംചെയ്ത എത്രയോ മെത്രാന്‍മാരും വൈദികരും ചരിത്രത്തിലുണ്ട്! അജ്ഞാതരായ ഈ ഇടയന്‍മാരില്‍നിന്ന് എത്രയേറെ ജനങ്ങള്‍ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ശക്തി സ്വീകരിച്ചിരിക്കുന്നു. പലരെയും നമുക്കറിയില്ല. എന്നാല്‍ അവരുടെ എണ്ണം വലുതാണ്.

ഒരുപാടുപേരുണ്ട് അവര്‍. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഇടവകകളില്‍ സേവനം ചെയ്യുന്ന വൈദികര്‍. തങ്ങളുടെ അഭിഷേകത്തിലൂടെ ജനങ്ങളെ ശക്തിപ്പെടുത്തുന്നവര്‍. വിശ്വാസത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്നവര്‍. കൂദാശകള്‍ പകര്‍ന്നുകൊടുക്കുന്നവര്‍. സര്‍വ്വോപരി വിശുദ്ധി പകര്‍ന്നു കൊടുക്കുന്നവര്‍. പക്ഷേ, പപ്പാ, ആ ബിഷപ്പ് അങ്ങനെ ചെയ്തു എന്നു ഞാന്‍ പത്രത്തില്‍ വായിച്ചല്ലോ. ആ അച്ചന്‍ അങ്ങനെയൊക്കെ ചെയ്തു എന്ന് അവര്‍ പറയുന്നു. ''അതേ മോനെ, ഞാനും വായിച്ചു. പക്ഷേ മോനെ, നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള അനേകം ഇടവകകളില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരുപാട് പരസ്‌നേഹപ്രവൃത്തികളും നന്മകളും ചെയ്യുന്ന വൈദികരെ കുറിച്ച് ഈ പത്രങ്ങള്‍ എഴുതിയോ? എത്ര മഹത്തായ പ്രവൃത്തികള്‍ അവര്‍ ചെയ്യുന്നു. ഇല്ല. അതൊന്നും വാര്‍ത്തയാകുന്നില്ല. അതെല്ലാം പതിവുകാര്യങ്ങളല്ലേ. നിശബ്ദമായി വളരുന്ന ഒരു കാടിനേക്കാള്‍ ശബ്ദമുണ്ടാക്കുന്നത് വീഴുന്ന ഒരു മരമാണെന്നതാണെന്നത് യാഥാര്‍ത്ഥ്യം. ഇന്ന് ദാവീദിന്റെ അഭിഷേകത്തെപറ്റി ചിന്തിക്കുമ്പോള്‍ ധീരരും വിശുദ്ധരും വിശ്വസ്തരുമായ മെത്രാന്‍മാരെയും വൈദികരെയും നമുക്കോര്‍ക്കാം. അവര്‍ക്കായി പ്രാര്‍ത്ഥിക്കാം. നാം ഇന്ന് ഇവിടെ ആയിരിക്കുന്നതിന് അവര്‍ക്കു നന്ദി പറയാം.'' പാപ്പാ പറഞ്ഞു.