ആഗോളസമര്‍പ്പിതദിനമായിരുന്ന ഫെബ്രുവരി 2 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലക്കായിലെ കുര്‍ബാനപ്രസംഗത്തിലാണ് പാപ്പാ സമര്‍പ്പിതജീവിതത്തെ ക്രിസ്തുവിനെ കണ്ടുമുട്ടലായി നിര്‍വ്വചിച്ചത്. ഓരോ സമര്‍പ്പിതവ്യക്തിയും ദൈവജനത്തിന് ദൈവം തരുന്ന ഓരോ സമ്മാനമാണെന്ന് പാപ്പാ കര്‍ത്താവിന്റെ മാലാഖാ പ്രാര്‍ത്ഥനയ്ക്കിടെ പറഞ്ഞു.''സമര്‍പ്പിതരുടെ സാന്നിധ്യം പല രംഗങ്ങളില്‍ നമുക്കിന്ന് ആവശ്യമായിട്ടാണിരിക്കുന്നത്. സുവിശേഷപ്രചരണത്തിനും, ജീവകാരുണ്യപ്രവര്‍ത്തനത്തിനും, യുവാക്കളുടെ വിശ്വാസപരിശീലനത്തിനും, നീതിക്കും സമാധാനത്തിനുംവേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ക്കും സമര്‍പ്പിതരെ നമുക്ക് ആവശ്യമുണ്ട്. വ്യത്യസ്തങ്ങളായ ജീവിതസാഹചര്യങ്ങളിലെ ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളാണ് സമര്‍പ്പിതരെന്ന് പാപ്പാ പറഞ്ഞു. നീതിയിലും സാഹോദര്യത്തിലും അധിസ്ഥിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുളള പുളിമാവാണ് അവര്‍. ചെറിയവരുടെയും ദരിദ്രരുടെയും ഇടയിലെ പങ്കുവയ്ക്കലിന്റെ പ്രവാചകരാണവര്‍.'' 'ചുരുക്കത്തില്‍ സമര്‍പ്പിതജീവിതം ദൈവത്തിന്റെ വലിയൊരു സമ്മാനമാണ്. സിസ്റ്റേഴ്‌സ് ഇല്ലാതെ വന്നാല്‍ എന്തു സംഭവിക്കും എന്ന് ഓര്‍ത്തു നോക്കുക!' പാപ്പാ ചോദിച്ചു.  ''ആശുപത്രികളില്‍ കന്യാസ്ത്രീകളില്ല; മിഷനില്‍ ഇല്ല; സ്‌കൂളുകളിലും അവരില്ല. ഇത്തരമൊരു സാഹചര്യം നമുക്ക് ചിന്തിക്കാനാവുമോ? ദൈവജനത്തെ മുന്നോട്ട് നയിക്കുന്ന പുളിമാവാണ് സമര്‍പ്പിതര്‍!'' പാപ്പാ പറഞ്ഞു.