ഈശോയുടെയും സഭയുടെയും വഴി ഒന്നാണ്. കര്‍ദ്ദിനാള്‍മാര്‍ സഞ്ചരിക്കേണ്ടത് ഈ വഴിയാണെന്ന് പാപ്പ. പുതിയ കര്‍ദ്ദിനാള്‍മാരുടെ നിയമനത്തിനുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. 

'മറ്റുളളവരെ ശുശ്രൂഷിക്കാനുളള സന്നദ്ധതയോടുകൂടിയാകണം കര്‍ദ്ദിനാള്‍മാര്‍ മുന്നോട്ടു പോകേണ്ടത്. സഭയേയും വിശ്വാസത്തെയും പരിപോഷിപ്പിക്കേണ്ടത് അവരുടെ കടമയാണ്. തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ സൗജന്യമായി മറ്റുളളവര്‍ക്ക് നല്‍കണം. സഭയുടെ വഴി കരുണയുടെയും പുനരധിവാസത്തിന്റെതുമാണ്. ലോകത്തിന്റെ സഹനത്തിനു മുന്നില്‍ നിഷ്‌ക്രിയമായിരിക്കാന്‍ സഭയ്ക്ക് കഴിയുകയില്ല. തന്റെ അടുക്കല്‍ സഹായമഭ്യര്‍ത്ഥിച്ച് വന്ന ആരെയും ക്രിസ്തു വെറുംകൈയോടെ മടക്കി അയച്ചില്ല. അവരുടെ സഹനത്തിലും കഷ്ടപ്പാടിലും പങ്കുചേരുകയാണ് അവിടുന്ന് ചെയ്തത്. ഇതേ വഴി ആയിരിക്കണം കര്‍ദ്ദിനാള്‍മാരും തിരഞ്ഞെടുക്കേണ്ടത്. കരുണയുളള ഒരു ഹൃദയം ക്രിസ്തുവിനുണ്ടായിരുന്നു. രോഗികള്‍ അവിടുത്തെ സ്പര്‍ശനത്തിലൂടെ സൗഖ്യം നേടി സുവിശേഷപ്രഘോഷകരായി മാറുകയാണ് ചെയ്തത്. പരിശുദ്ധ കന്യാമറിയത്തെ കര്‍ദ്ദിനാള്‍മാര്‍ മാതൃകയാക്കണം.' ലോകത്തിന്റെ സുഖങ്ങളില്‍ പെട്ടുപോകാതെ ദൈവത്തിന്റെയും സഭയുടെയും ദാസന്‍മാരായി പ്രവര്‍ത്തിക്കാനും പാപ്പാ കര്‍ദ്ദിനാള്‍മാരെ പ്രാര്‍ത്ഥനാപൂര്‍വ്വം ആഹ്വാനം ചെയ്തു.