വത്തിക്കാനില്‍, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള പേപ്പല്‍ വസതിയിലെ കപ്പേളയില്‍ തിങ്കളാഴ്ച രാവിലെയര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ, സമ്പത്തിനോടുള്ള അമിതപ്രതിപത്തി കുടുംബങ്ങളെ ഭിന്നിപ്പിക്കുകയും ശത്രുതയ്ക്ക് കാരണമാക്കുകയും ചെയ്യുന്നുവെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ട് പാപ്പാ വചനം പങ്കുവെച്ചു. 
സമ്പത്തിനോടുളള അമിതമായ പ്രതിപത്തി വിഗ്രഹാരാധനയാണെന്നും ദൈവത്തേയും ധനത്തേയും ഒരേസമയം സേവിക്കാന്‍ കഴിയില്ലെന്നും മതവിശ്വാസങ്ങള്‍ അതിന് സംരക്ഷണം നല്കുന്ന ഏജന്‍സി അല്ലെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. രണ്ടു സഹോദരങ്ങള്‍ അവകാശത്തിനുവേണ്ടി കലഹിക്കുന്നതിനെക്കുറിച്ച് സുവിശേഷത്തില്‍ പറയുന്നതുപോലെ, പണത്തിനോടുള്ള ആസക്തി കുടുംബങ്ങളെ വിഭജിക്കുകയേയുള്ളുവെന്ന് പാപ്പാ പറഞ്ഞു. ഇന്ന് എത്രയോ കുടുംബങ്ങളാണ് കുടംബസ്വത്തിനെചൊല്ലി കലഹിക്കുന്നതെന്നും പാപ്പാ അഭിപ്രായപ്പെട്ടു.
ധനികനായ ഒരു വ്യവസായി, ജോലിക്കാരുമായി തന്റെ സ്വത്ത് പങ്കുവയ്ക്കുന്നില്ലെന്നും സ്വത്തിനോടുള്ള ആസക്തി ഒരിക്കലും അവസാനിക്കുന്നില്ലെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ആവശ്യക്കാരായവര്‍ക്ക് സ്‌നേഹപൂര്‍വ്വം ദാനധര്‍മ്മങ്ങള്‍ നല്കണമെന്നും അത് കൂടുതലായി ദൈവസ്‌നേഹത്തോടുള്ള പ്രതിപത്തിയെ കാണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.'കൊടുക്കുക,' എപ്പോള്‍ കൊടുക്കണം, എങ്ങനെ കൊടുക്കണം എന്നീ രണ്ടു ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, യേശുവിനെപ്പോലെ നല്കാന്‍, യഥാര്‍ത്ഥ സ്‌നേഹത്തോടെ നല്കാന്‍ പഠിക്കാമെന്നും പാപ്പാ നിര്‍ദ്ദേശിച്ചു. ദൈവം നമുക്കു നല്കുന്ന ഔദാര്യത്തെയും, കരുണയെയും, സ്‌നേഹത്തെയും മനസ്സിലാക്കികൊണ്ട്, സമ്പത്തിനോടുള്ള അമിതപ്രതിപത്തിയില്‍ നിന്ന് നമ്മെ മോചിപ്പിക്കാനായി ദൈവാനുഗ്രഹം യാചിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.