വാഷിംങ്ടണ്‍ : 'മനുഷ്യജീവന്‍' അത് ഏതു തരത്തിലും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അതുപോലെതന്നെ, കുടുംബബന്ധത്തിന്റെ പവിത്രത ഒരിക്കലും നശിപ്പിക്കരുത്. കുടുംബം എന്ന പവിത്രമായ സ്ഥാപനത്തിനെതിരെ ഏതൊരു കാലത്തെക്കാളുമുപരി വെല്ലുവിളി നേരിടുന്ന കാലമാണിത്. മാര്‍പാപ്പ യു എസ് കോണ്‍സിനെ അഭിസംബോധന ചെയ്തുള്ള പ്രഭാഷണത്തില്‍ പറഞ്ഞു.

    യേശു പറഞ്ഞ സുപ്രധാനകല്‍പനയെ മുന്‍നിര്‍ത്തിയാണ് 45 മിനിറ്റ് നീണ്ടുനിന്ന പ്രഭാഷണം ഫ്രാന്‍സിസ് പാപ്പാ നടത്തിയത്. 'മറ്റുള്ളവര്‍, നിങ്ങള്‍ക്ക് എന്തു ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അതുപോലെതന്നെ  മറ്റുള്ളവരോടും ചെയ്യുക. നമുക്ക് സംരക്ഷണം ആവശ്യമുണ്ട്. നാം മറ്റുളളവരേയും സംരക്ഷിക്കുക.  നമുക്ക് ജീവന്‍ ആവശ്യമുണ്ട്, മറ്റുള്ളവരുടെയും ജീവനെ സംരക്ഷിക്കുക. നമുക്ക് അവസരങ്ങളും സ്വാതന്ത്ര്യവും ആവശ്യമുണ്ട്. മറ്റുള്ളവരുടെയും സ്വാതന്ത്ര്യത്തെ മാനിക്കുക. ലോകമെങ്ങും വധശിക്ഷ നിര്‍ത്തലാക്കണമെന്ന്  പാപ്പാ തറപ്പിച്ചു പറഞ്ഞു. മറ്റുള്ളവര്‍ക്കുനേരെ ഉപയോഗിക്കുന്ന അളവുകോലായിരിക്കും നമുക്കു നേരെ കിട്ടു. ജീവനെ നാം നശിപ്പിച്ചാല്‍ , നമ്മുടെ ജീവനും നശിക്കും.'' ഭ്രൂണഹത്യക്കും കുടുംബബന്ധത്തിനും എതിരെയുള്ള അമേരിക്കയിലെ നിയമപരമായ നീക്കങ്ങള്‍ക്കെതിരെ പാപ്പാ പ്രതികരിച്ചു. 

    അനധികൃതകുടിയേറ്റക്കാര്‍ക്ക് എതിരെ മുഖം തിരിക്കരുതെന്നും മത-വംശീയ  ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കരുതെന്നും പാപ്പാ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. നാമെല്ലാം ഒരിക്കല്‍ അഭയാര്‍ത്ഥികളായിരുന്നു. ഇവിടെ  രണ്ടാംലോകമഹായുദ്ധത്തിനുശേഷം  ഇതുവരെ കാണാത്ത അഭയാര്‍ത്ഥിപ്രവാഹത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്,. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടിയെത്തുന്ന അഭയാര്‍ത്ഥികളെ ശത്രുക്കളായി കാണാതെ, സഹാനുഭൂതിയോടെ  അവരോട് പെരുമാറാന്‍ ലോകരാജ്യങ്ങള്‍ക്ക് കഴിയണമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. 
    മാര്‍പാപ്പയുടെ യൂഎസ് കോണ്‍ഗ്രസിലെ പ്രഭാഷണം ചരിത്രപ്രാധാന്യമുള്ളതാണ.് കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ ആദ്യമായാണ് ഒരു പാപ്പാ അഭിസംബോധന ചെയ്യുന്നത്. കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്കുപുറമെ, സുപ്രീം കോടതിജഡ്ജിമാര്‍, നയതന്ത്രപ്രതിനിധികള്‍, മറ്റു വിശിഷ്ടാതിഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി വലിയൊരു സദസിനെയാണ് പാപ്പാ അഭിസംബോധന ചെയ്തത്. പ്രഭാഷണത്തിനിടയില്‍ 34 പ്രാവശ്യം കോണ്‍ഗ്രസ്സ് അംഗങ്ങള്‍ എഴുന്നേറ്റുനിന്നും അല്ലാതെയും പാപ്പായുടെ വാക്കുകളെ സ്വാഗതം ചെയ്തു.