ഓര്‍മ്മകള്‍ മരിക്കില്ല. കാരണം അവ നന്ദിയുടെ നല്ല വികാരത്തില്‍നിന്നും ഉയിര്‍ക്കൊള്ളുന്നതാണ്. ദൈവം തന്ന നിരവധിയായ നന്മകളുടെയും ജീവിതവഴികളുടെയും ഓര്‍മ്മകള്‍ അനിവാര്യമാണ്. 

സെപ്തംബര്‍ 24, 25 ബുധന്‍, വ്യാഴം ദിവസങ്ങളില്‍  പാപ്പാ ഫ്രാന്‍സിസ് അമേരിക്കയുടെ തലസ്ഥാനനഗരം സന്ദര്‍ശിച്ചു. വ്യാഴാഴ്ച വൈകുന്നേരം ന്യൂയോര്‍ക്ക്‌നഗരത്തില്‍ പാപ്പാ എത്തിച്ചേര്‍ന്നു. മന്‍ഹാറ്റനില്‍ സ്ഥിതിചെയ്യുന്ന സെന്റ് പാട്രിക് ഭദ്രാസന ദേവാലയത്തില്‍ ന്യൂയോര്‍ക്ക് അതിരൂപതയിലെ വിശ്വാസികള്‍, മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍ എന്നിവര്‍ക്കൊപ്പം പാപ്പാ സ്വയാഹ്നപ്രാര്‍ത്ഥന ചൊല്ലി, വചന സന്ദേശവും നല്‍കി. 

അമേരിക്കയിലും ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങള്‍ക്ക് ബലിപ്പെരുന്നാളിന്റെ അല്ലെങ്കില്‍ ബക്രീദിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പാപ്പാ പ്രഭാഷണം ആരംഭിച്ചത്. കൂടാതെ അന്നേദിവസം , സെപ്റ്റംബര്‍ 25-ാം തീയതി വ്യാഴാഴ്ച മെക്കയില്‍  സംഭവിച്ച അപകടത്തില്‍ മരണമടഞ്ഞവരെയും മുറിപ്പെട്ടവരെയും പാപ്പാ ഖേദപൂര്‍വ്വം അനുസ്മരിച്ചു. 

    സന്തോഷത്തോടെ ജീവിക്കുക (പത്രോസ് 1,6) എന്ന പത്രോസ്ശ്ലീഹായുടെ  ലേഖനത്തിലെ ചിന്ത ക്രൈസ്തവജീവിതത്തിന്റെ വിളിയാണ്. വിശുദ്ധ പാട്രിക്കിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിര്‍മ്മാണത്തിലും  അതിന്റെ  പൂര്‍ത്തീകരണത്തിനും ആയിരങ്ങള്‍  അര്‍പ്പിച്ചിട്ടുള്ള  ത്യാഗസമര്‍പ്പണത്തെ പാപ്പാ അനുസ്മരിച്ചു. മെത്രാന്മാരും വൈദികരും മാത്രമല്ല, എത്രയോ അല്‍മായരും സന്നദ്ധസേവകരും കഠിനാദ്ധ്വാനം  ചെയ്തതിന്റെ ഫലമാണ് ദൈവത്തിനായി ഉയര്‍ത്തപ്പെട്ട ഈ മനോഹരസൗധം! അതുപോലെ ന്യൂയോര്‍ക്കചന്റ നല്ല വിദ്യാഭ്യാസരീതിക്ക് ത്യാഗപൂര്‍വ്വം തുടക്കമിട്ട വിശുദ്ധ എലിസബത്ത് ആന്‍ ഷിറ്റണ്‍, വിശുദ്ധ ജോണ്‍ ന്യൂമാന്‍ എന്നിവരെയും അവരെപ്പോലെ നിശ്ശബ്ദസേവനംചെയ്ത മറ്റ് നിരവധി വ്യക്തികളെയും പാപ്പാ നന്ദിയോടെ അനുസ്മരിച്ചു. 

    ''മറ്റുള്ളവര്‍ക്ക് ഉതപ്പുനല്‍കുന്ന വിധത്തില്‍  നമ്മില്‍ ചിലര്‍ ദുര്‍ബലരായവരെ പീഡിപ്പിച്ച സംഭവത്തിന്റെ വേദനയും അപമാനവും ഇനിയും നമുക്ക് മറക്കാനാവുന്നതല്ല.'' നിങ്ങള്‍ ഞെരുക്കത്തില്‍നിന്നു വന്ന സമൂഹമാണ് എന്ന വെളിപാടു ഗ്രന്ഥത്തിലെ വചനം പാപ്പാ അനുസ്മരിച്ചു ( വെളിപാട് 7, 14) തിന്മയുടെ പാതവെടിഞ്ഞ് ക്രിസ്തുവിനോടും അവിടുത്തെ  സഭയോടും വിശ്വസ്തരായി ഉത്തരവാദിത്തപ്പെട്ടവര്‍ ജീവിക്കാന്‍ പരിശ്രമിക്കണമെന്നും അതിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു.  സഹൃദയരുടെയും അഭ്യൂദയകാംക്ഷികളുടെയും ഔദാര്യത്താല്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും നവീകരിക്കുകയും ചെയ്ത ഭദ്രാസനദേവാലയം ആശീര്‍വ്വദിക്കണമെന്ന് പാപ്പായോട് കര്‍ദ്ദിനാള്‍ ഡോലന്‍ താഴ്മയായി അഭ്യര്‍ത്ഥിച്ചു. അള്‍ത്താരയില്‍ നിന്നുകൊണ്ട് ഹ്രസ്വമായ ആശീര്‍വ്വാദക്രമം  ഉപയോഗിച്ചുകൊണ്ട് പാപ്പാ ദേവാലയത്തെ ആശീര്‍വദിച്ചു. അതോടെ ന്യൂയോര്‍ക്ക് കത്തീഡ്രല്‍ ദേവാലയത്തിലെ സായാഹ്ന പ്രാര്‍ത്ഥന സമാപിച്ചു. ഒപ്പം പാപ്പായുടെ അപ്പസ്‌തോലികയാത്രയുടെ ഏഴാം ദിവസം സമാപിച്ചു. 

    കര്‍ദ്ദിനാള്‍ ഡോളനോടും മറ്റു സമാദ്ധ്യക്ഷന്മാരോടും വിശ്വാസസമൂഹത്തോടും യാത്രപറഞ്ഞ്, യുഎന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകന്റെ വസതിയിലേക്ക് പാപ്പാ കാറില്‍ യാത്രയായി. അത്താഴം കഴിച്ച് അവിടെ വിശ്രമിച്ചു.