സുവിശേഷത്തിന്റെ ഏറ്റവും നല്ല സാക്ഷികളാകാന്‍ യുവജനങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ മൂന്ന് മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുന്നു. സര്‍വ്വശക്തനായ ദൈവത്തോട് 'അതെ' എന്നു പറയാന്‍ തയ്യാറാകണമെന്നതാണ് ഒന്നാമത്തെ കാര്യം. പ്രാര്‍ത്ഥന എന്നതിനെ ചുരുക്കാം. വിശുദ്ധകുര്‍ബാനയും സുവിശേഷപ്രവര്‍ത്തനവുമാണ് രണ്ടാമ ത്തെയും മൂന്നാമത്തെയും മാര്‍ഗ്ഗങ്ങള്‍. സൗത്ത് കൊറിയയിലെ ദേജിയോണ്‍ ചാപ്പലില്‍ തന്നെ കാണാന്‍ തടിച്ചുകൂടിയ ജനങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പാ. ഇംഗ്ലീഷി ലാണ് പാപ്പാ സംസാരിച്ചത്. 
''ദൈവം നിങ്ങള്‍ക്കുമേല്‍ ശ്രദ്ധാലുവാണെന്ന്'' പാപ്പാ ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടു ത്തി.''മാമ്മോദീസ സ്വീകരിക്കുന്ന സമയത്ത് ദൈവം നമ്മുടെ ഹൃദയത്തില്‍ കടന്നു വരുന്നു. സ്ഥൈര്യലേപനത്തില്‍ അവിടുത്തെ പരിശുദ്ധാത്മാവിനെ നമുക്ക് നല്‍കുന്നു. വിശുദ്ധകുര്‍ബാനയിലെ സ്ഥിരമായ സാന്നിദ്ധ്യത്താല്‍ ലോകത്തിന്റെ മുന്നില്‍ അവിടുത്തെ സാക്ഷികളാകാന്‍ നിങ്ങള്‍ക്കു കഴിയും.'' 
തന്റെ വാക്കുകള്‍ കൂടുതലും ഫ്രാന്‍സിസ് പാപ്പാ ഉപയോഗിച്ചത് യുവജനങ്ങള്‍ ക്കുവേണ്ടിയായിരുന്നു. ദൈവം അവര്‍ക്കായി പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. എന്താണ് ചെയ്യേണ്ടതെന്നു പ്രാര്‍ത്ഥനയിലൂടെ ദൈവത്തോടു ചോദിക്കുക. കൊറിയകളുടെ വിഭജനത്തെക്കുറിച്ച് ചോദിച്ച പെണ്‍കുട്ടിയോട് ഉപദേശവും പ്രതീക്ഷയും നിറഞ്ഞ മറുപടിയാണ് പാപ്പാ നല്‍കിയത്. ഉപദ്വീപുകളാണ് വിഭജിക്കപ്പെട്ടതെന്നും ഇപ്പോഴും കൊറിയ ഒരു കുടുംബമാണെന്നും പാപ്പാ പറഞ്ഞു. ഉത്തരകൊറിയയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും രണ്ടു കൊറിയകളും തമ്മില്‍ ഒന്നുചേരുമെന്നു പ്രതീക്ഷിക്കാനും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ ദൈവവിശ്വാസിയാണോ എന്നെങ്ങനെയറിയാം എന്ന ചോദ്യത്തിന് പാപ്പാ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ''നിങ്ങള്‍ നിങ്ങളുടെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, ഹൃദയത്തില്‍ വെറുപ്പും വിദ്വേഷവും സൂക്ഷിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണത്.''