പ്രാരംഭഗാനം
(നിത്യസഹായനാഥേ.. .. എന്ന രീതി)
വന്ദ്യനാം രക്തസാക്ഷി
ഗീവര്‍ഗ്ഗീസ് സഹദായേ
ഞങ്ങള്‍ക്കായ് എന്നുമെന്നും
പ്രാര്‍ത്ഥിക്ക സ്‌നേഹതാതാ
വിശ്വാസം സംരക്ഷിക്കാന്‍
പീഠകളേറ്റുവാങ്ങി
പ്രാണനെഹോമിച്ചോനേ
ധീരനാം കര്‍മ്മയോഗി
(വന്ദ്യനാം….)
സുവിശേഷചൈതന്യമീ
മക്കളില്‍ നിറയുവാനായ്
മദ്ധ്യസ്ഥം യാചിക്കുന്നു
വീരനാം പുണ്യതാതാ
(വന്ദ്യനാം….)
പ്രാരംഭപ്രാര്‍ത്ഥന
അനീതിക്കെതിരെ ധീരമായി പോരാടുകയും സത്യവിശ്വാസം പ്രചരിപ്പിക്കുന്നതിന് തീക്ഷ്ണമായി പരിശ്രമിക്കുകയും വിശ്വാസത്തിനുവേണ്ടി അതികഠിനമായ പീഠനങ്ങള്‍ സഹിച്ച് രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വി. ഗീവര്‍ഗ്ഗീസ് സഹാദയെ ഞങ്ങള്‍ക്കെന്നും സഹായമരുളുന്ന മദ്ധ്യസ്ഥനായി നല്‍കിയ പരമകാരുണ്യവാനായ ദൈവമേ ഞങ്ങളങ്ങയെ സ്തുതിക്കുന്നു. ഞങ്ങളുടെ നിസ്സഹായാവസ്ഥയില്‍ ഞങ്ങളങ്ങയുടെ സന്നിധിയണയുന്നു. പലവിധ കാരണങ്ങളാല്‍ വേദന അനുഭവിക്കുന്ന ഞങ്ങളോടു കരുണ കാണിക്കണമേ. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന വി. ഗീവര്‍ഗ്ഗീസിന്റ സുകൃതങ്ങള്‍ പരിഗണിച്ചുകൊണ്ട് ഞങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിച്ച് ഞങ്ങളുടെ ആവശ്യങ്ങള്‍… സാധിച്ചുതരണമെന്ന് അങ്ങേ തിരുക്കുമാരന്‍ ഈശോമിശിഹായുടെ നാമത്തില്‍ അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. 1 സ്വ. 1 ന. 1 ത്രി.
മദ്ധ്യസ്ഥ പ്രാര്‍ത്ഥന
ഞങ്ങളുടെ പിതാവായ വി. ഗീവര്‍ഗ്ഗീസ് സഹദായേ, അങ്ങേ മാദ്ധ്യസ്ഥംവഴിയായി ലഭിക്കുന്ന അനേകം അത്ഭുതങ്ങളെ ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. ദൈവികസന്നിധിയിലുള്ള അങ്ങയുടെ മാദ്ധ്യസ്ഥശക്തിയില്‍ ഞങ്ങള്‍ ദൃഢമായി ശരണപ്പെടുന്നു. ദുഖത്താല്‍ വലയുന്ന അങ്ങേ വല്‍സല മക്കള്‍ക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും ധാരാളമായി നല്‍കുന്നതിന് അങ്ങ് സദാ സന്നദ്ധരാണെന്ന് ഞങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു. പുണ്യപിതാവേ, ഞങ്ങളുടെ ആദ്ധ്യത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങ് ഞങ്ങള്‍ക്ക് തുണയും സഹായവുമായിരിക്കണമേ. വിഷയഭയത്തില്‍ നിന്നും പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കുന്നതിനുള്ള അമൂല്യമായ വരം ലഭിച്ചിരിക്കുന്ന സ്‌നേഹ പിതാവേ ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളുടെ സാഹായത്തിനെത്തേണമേ. അങ്ങയുടെ അനുഗ്രഹങ്ങളെ ഞങ്ങളെന്നും നന്ദിയോടെ ഓര്‍ക്കുമെന്നും അങ്ങയോടുള്ള ഭക്തിവഴിയായി ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായ ഈശോയെ കൂടുതല്‍ സ്‌നേഹിക്കാന്‍ പരിശ്രമിക്കുമെന്നും അങ്ങയോടു ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ലുത്തിനിയ
കര്‍ത്താവെ അനുഗ്രഹിക്കണമെ
മിശിഹായെഅനുഗ്രഹിക്കണമെ
കര്‍ത്താവെ അനുഗ്രഹിക്കണമെ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായെഞങ്ങളുടെ പ്രാര്‍ത്ഥന കൈകൊള്ളണമെ
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധനായ ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കണമേ
ഏകദൈവമായ പരിശുദ്ധ ത്രീത്വമേ
ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധ മറിയമേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ഞങ്ങളുടെ പിതാവായ വി. ഗീവര്‍ഗ്ഗീസ് സഹദായേ
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
അനേകരെ സത്യവിശ്വാസത്തിലേക്ക് ആനയിച്ച വി. ഗീവര്‍ഗ്ഗീസ് സഹദായേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
പെശാചിക ഉപദ്രവങ്ങളെ ഉന്മൂലനം ചെയ്യുവാനുള്ള വരം ലഭിച്ച വി. ഗീവര്‍ഗീസ് സഹദായേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
വിഷജന്തുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനുള്ള വരം ലഭിച്ച വി. ഗീവര്‍ഗീസ് സഹദായേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ എന്റെ ആത്മാവം ദാഹിക്കുന്നു എന്ന് അരുളിച്ചെയ്ത വി. ഗീവര്‍ഗീസ് സഹദായേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
കഠിനമായ മര്‍ദ്ദനങ്ങള്‍ സഹിച്ച വി. ഗീവര്‍ഗീസ് സഹദായേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
നിഷ്ഠൂരമായ പീഢകളേറ്റ് കൈകാലുകള്‍ കെട്ടപ്പെട്ട ഇരുട്ടറയില്‍ തള്ളിയപ്പോഴും ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസം പ്രഖ്യാപിച്ച വി. ഗീവര്‍ഗീസ് സഹദായേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ചുട്ടുപഴുത്ത ആണികള്‍ കാല്‍വെള്ളയില്‍ അടിച്ചുകയറ്റിയപ്പോഴും ശരീരഭാഗങ്ങള്‍ വാള്‍കൊണ്ട് അറത്തുമുറിച്ചപ്പോഴും തന്റെ വിശ്വാസത്തില്‍ ഉറച്ചു നിന്നവനായ വി. ഗീവര്‍ഗീസ് സഹദായേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
എന്റെ ശരീരത്തെ ദ്രോഹിക്കുവാനാല്ലാതെ ആത്മാവിനെ സ്പര്‍ശിക്കാന്‍പോലും താങ്കള്‍ക്ക് സാധ്യമല്ല എന്ന് ചക്രവര്‍ത്തിയോട് വിളിച്ചുപറഞ്ഞ വി. ഗീവര്‍ഗീസ് സഹദായേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
വിശ്വാസസംരക്ഷണത്തിനായി ഡയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ വാളിനിരയായി മരണം വരിച്ച വി. ഗീവര്‍ഗീസ് സഹദായേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോ തമ്പുരാനേ
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥനകേള്‍ക്കേണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കേണമേ
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍
വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.
പ്രാര്‍ത്ഥിക്കാം
പിതാവായ ദൈവമേ, അങ്ങേ വിശ്വസ്തദാസനായ വിശുദ്ധ ഗീവര്‍ഗ്ഗീസിന് വണക്കം ചെയ്യുന്ന അങ്ങേ മക്കളായ ഞങ്ങളെ അനുഗ്രഹിക്കണമേ. ആ വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴിയായി ഞങ്ങളപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കു നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമാപന പ്രാര്‍ത്ഥന
കാരുണ്യവാനും ലോകരക്ഷകനുമായ ദൈവമേ, വീരോചിതമായ വിശ്വാസ ചൈതന്യത്താല്‍ വിളങ്ങി പ്രകാശിച്ച് അനേകായിരങ്ങളെ സത്യവിശ്വാസത്തിലേക്ക് ആകര്‍ഷിച്ച വി.വര്‍ഗ്ഗീസിന്റെ മധ്യസ്ഥം അപേക്ഷിക്കുന്ന ഢങ്ങളെ വിശ്വാസതീക്ഷ്ണതയില്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാകണമേ കഠോരമായ മര്‍ദ്ദനങ്ങള്‍ സഹിച്ച് വിശ്വാസത്തിനുവേണ്ടി അകാലത്തില്‍ വീരചരമം പ്രാപിച്ച വി.വര്‍ഗ്ഗസിനെപ്പോലെ ഞങ്ങളും പ്രലോഭനങ്ങളില്‍ഡ പതറാതെ ഈശോനാഥന്റെ പ്രബോധനങ്ങള്‍ക്ക് വിധേയമായി ഉത്തമക്രിസ്ത ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്‍കേണമേ. വി. വര്‍ഗ്ഗീസിനെപ്പോലെ ഞങ്ങളും മരണപര്യന്തം വിശ്വാസ ജീവിതം നയിക്കുന്നതിനും സത്യവിശ്വാസത്തിന്റെ പുണ്യഫലങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിക്കുന്നതിനുവേണ്ട അനുഗ്രഹങ്ങളും, അതോടൊപ്പം ഞഅങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായിരിക്കുന്ന അനുഗ്രഹങ്ങളും…. കാരുണ്യവാനായ പിതാവേ അങ്ങ് ഞങ്ങള്‍ക്ക് നല്‍കണമേ ആമ്മേന്‍.
സമാപന ഗാനം
(മറിയമേ നിന്റെ ചിത്രത്തില്‍ .. ഓന്ന രീതി)
വന്ദ്യപാദനാം ഗീവര്‍ഗ്ഗീസിനെ
നന്ദിയോടെ നമിക്കുന്നു.
ധീരസാഹസവീരഗാഥകള്‍
ഓര്‍ത്തു ഞങ്ങള്‍ പുകഴ്ത്തുന്നു
യേശുവിന്‍ പുത്രന്‍ രക്തസാക്ഷി നീ
പുണ്യവാനായ സഹാദയേ
ക്രിസ്തുവിന്‍ സാക്ഷി വിശ്വസ്തദാസന്‍
വന്ദ്യനാം പടയാളീ നീ…
സത്യവിശ്വാസസംരക്ഷക നിന്നെ
വാഴ്ത്തിപ്പാടുന്നു എന്നെന്നും
മക്കള്‍ഞങ്ങള്‍ക്കു തുണയായീടണമേ
അശാരൂഢനാം താതനോ
(വന്ദ്യനാം….)
വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ലഘു ജീവിതം
എ.ഡി. 263 - ല്‍ ഏഷ്യാമൈനറില്‍ കപ്പദോച്യയിലെ ഒരു പ്രഭു കുടുംബത്തിലാണ് വി. വര്‍ഗ്ഗീസ് ഭൂജാതനായത്. ആ രാജ്യത്ത് അന്ന് ഉല്‍കൃഷ്ടമായി കരുതിയിരുന്ന ഒന്നാണ് സൈനികസേവനം ഗീവര്‍ഗ്ഗീസും സൈനികസേവനത്തിന് നിയമിതനായി. കേവലം 16 വയസ് മാത്രം പ്രായമുള്ള ഈ ഭടന്‍ സൈനികമേധാവികളുടെയും സഹഭടന്മാരുടേയും സ്‌നേഹബഹുമാനങ്ങള്‍ക്ക് പാത്രീഭൂതനായി. ഈ കാലയളവില്‍ റോമാസാമ്രാജ്യാധിപന്‍ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയായിരുന്നു തന്റെ ഭരണത്തിന്റെ പ്രാരംഭദശയില്‍ സൗമ്യമനോഭാവം കാണിച്ച് ക്രിസ്ത്യാനികളെ ആകര്‍ഷിച്ച് ഭരണസ്ഥിരത വരുത്തിയശേഷം അതികഠിന മര്‍ദ്ദനമുറകളിലൂടെ അവരെ നിഗ്രഹിക്കുവാന്‍ ശ്രമിച്ച് വ്യക്തിയാണ് ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി.
വിശ്വസ്തനും ധീരനും രാജ്യസ്‌നേഹിയുമായ ഗീവര്‍ഗ്ഗീസിനെ ശരിക്കും അടുത്തറിഞ്ഞ ചക്രവര്‍ത്തി പടിപടിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കി തന്റെ വിശ്വസ്തരുടെ നിരയില്‍ ചേര്‍ത്തു. തന്റെ കടമകള്‍ അര്‍പ്പണമനോഭാവത്തോടുകൂടി നിര്‍വഹിച്ച അദ്ദേഹം ചക്രവര്‍ത്തിയുടെ ആദരവിന് പാത്രീഭൂതനായി.
ആരംഭഘട്ടത്തില്‍ പ്രായേണ ക്രൈസ്തവവിരോധം സൗഹാര്‍ദ്ദ്പരമായി ഭരണം നിര്‍വ്വഹിച്ചുപോന്നിരുന്ന ചക്രവര്‍ത്തി തികച്ചും അപ്രതീക്ഷിതമായി ഒരു വിളംബരം പുറപ്പെടുവിച്ചു. ക്രിസ്തുമതം ഒരു വിപ്ലവമതമാണെന്നും അത് സാമ്രാജ്യത്തിനാപല്‍ക്കരമാണെന്നും ആ മതത്തില്‍ ഉള്‍പ്പെട്ടവര്‍ അതില്‍ നിന്നും വിട്ടുപോരണമെന്നും അല്ലാത്തപക്ഷം അവര്‍ കഠിനമായി ശിക്ഷിക്കപ്പെടുമെന്നും വിളംബരത്തിന്റെ സംഗ്രഹം.
ധീരനായ ഗീ വര്‍ഗ്ഗീസ് രാജസന്നിധിയിലെത്തി ഈ വിളംബരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ചക്രവര്‍ത്തി തന്റെ തീരുമാനത്തിലുറച്ചു നില്‍ക്കുകയും ഗീവര്‍ഗ്ഗീസിനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രാജ്യ സേവനം പന്തിയല്ല് എന്ന് മനസ്സിലാക്കിയ ഗീവര്‍ഗ്ഗീസ് തന്റെ സ്ഥാനങ്ങള്‍ രാജിവച്ചു. ആ അതിപ്രഗത്ഭന്റെ രാജി ചക്രവര്‍ത്തിക്ക് കനത്ത ആഘാതമായി എങ്ങനെയും അദ്ദേഹത്തെ നില നിര്‍ത്താന്‍ രാജാവ് പല ശ്രമങ്ങളും നടത്തി. വിശ്വാസം ത്യജിക്കാതെ രാജ്യസേവനം നിര്‍വ്വഹിക്കുന്നതിനുപോലും അനുവദിക്കാമെന്ന് ചക്രവര്‍ത്തി വാഗ്ദാനം ചെയ്തു. എന്നാല്‍ ചക്രവര്‍ത്തി വിളംബരം പിന്‍വലിക്കാതെ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഗത്യന്തരമില്ലാതെ ചക്രവര്‍ത്തി തന്റെ ഉദ്യമത്തില്‍ നിന്നു പിന്തിരിയുകയും ഗീ വര്‍ഗ്ഗീസിനെ അതികഠിനവും നിഷ്ഠൂരവുമായ വിധത്തില്‍ പീഠനങ്ങള്‍ക്ക് വിധേയനാക്കി. കൈകാലുകള്‍ കെട്ടി ഇരുട്ടറയില്‍ തള്ളി. ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും അതില്‍ നിന്നുളവായ ധൈര്യവും മൂലം പീഢാസഹനങ്ങളിലൊന്നും തന്റെ മനംമാറ്റത്തിന് സാധ്യതയുണ്ടായില്ല, അവസാനം ചുട്ടുപഴുപ്പിച്ച ആണികള്‍ കാല്‍വെള്ളയിലടിച്ചു കയറ്റിയും ശരൂരഭാഗങ്ങള്‍ വാളുകൊണ്ടു അറുത്തുമുറിച്ചും അവസാനശ്രമം നടത്തിച്ചു. മര്‍ദ്ദനമുറകളാല്‍ ര്കതം വാര്‍ന്ന് മൃതപ്രായനായ ഗീവറുഗീസിന് അന്ത്യശ്വാസം വലിച്ചു എന്നു കരുതി ഗീവവറുഗീസിനെ കോട്ടയ്ക്കുപുറത്തുള്ള കിടങ്ങിലേക്കെറിഞ്ഞുകളഞ്ഞു. എന്നാല്‍ ഗീവറുഗീസ് യാതൊന്നും സംഭവിക്കാത്തമട്ടില്‍ ആ കിടങ്ങില്‍ നിന്നും എഴുന്നേറ്റുവന്നു. വീണ്ടും കഠിനഹൃദയരായ പടയാളികളെക്കൊണ്ട് അതികഠിനമായ മര്‍ദ്ദനമുറകളൊന്നും അദ്ദേഹത്തെ കീഴ്‌പ്പെടുത്തുവാന്‍ സാധിച്ചില്ല. വീണ്ടും രാജസന്നിധിയില്‍ അദ്ദേഹത്തെ വരുത്തി പലവിധത്തിലുള്ള വാഗ്ദാനങ്ങള്‍ വഴി വിശ്വാസത്യാഗത്തിനു ചക്രവര്‍ത്തി അദ്ദേഹത്തെ പ്രേരിപ്പിച്ചു. എന്നാല്‍ ഗീവറുഗീസ് ഘഖണ്ഡിതമായി പറഞ്ഞു. ഈ ലോകം മുഴുവന്‍ എനിക്ക് നില്‍കിയാലും ക്രിസ്തുവിന്റെ ദാസനായി ജീവിക്കുകയാണ് എനിക്കഭികാമ്യം. മരിക്കേണ്ടിവന്നാലും ഞാന്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുകയില്ല. അങ്ങയുടെ ഇഷ്ടദേവന്മാരെ ഒരിക്കലും ആരാധിക്കുകയില്ല. ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച മഹത്വത്തിന്റെ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ എന്റെ ആത്മാവ് ദാഹിക്കുന്നു. എന്റെ ശരീരത്തെ ദ്രോഹിക്കുവാനല്ലാതെ ആത്മാവിനെ സ്പര്‍ശിക്കുവാന്‍ പോലും അങ്ങേയ്ക്ക് സാധ്യമല്ല. ഗീവറുഗീസിന്റെ അചഞ്ചലമായ ഈ പ്രഖ്യാപനത്തോടെ പ്രതീക്ഷയറ്റ ചക്രവര്‍ത്തി കോപം കൊണ്ട് കലിതുള്ളി വീണ്ടും അതിക്രൂരമായി അദ്ദേഹത്തെ അനുനിമിഷം പീഡിപപിച്ചുകൊണ്ടിരുന്നു.
ഗീവറുഗീസിന്റെ പീഡാസഹനവും ധൈര്യവും അചഞ്ചലമായ ക്രൈസ്തവ വിശ്വാസവും കണ്ട് ആ നാളുകളില്‍ അനേകംപേര്‍ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. എന്തിന് ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ പട്ടമഹിഷി അലക്‌സാണ്ടര്‍ രാജ്ഞിയും ക്രിസ്തുമതാവലംബിയായി കഴിഞ്ഞിരുന്നു. ഗീവറു ഗീസിനൊപ്പം രാജ്ഞിയേയും അതികഠിനമായി പീഡിപ്പിച്ചു മനസ്സു തിരിയാത്ത സാഹചര്യത്തില്‍ ഇരുവരെയും വധിക്കുന്നതിന ചക്രവര്‍ത്തി കല്‍പന കൊടുത്തു. പീഡനങ്ങളുടെ കാഠിന്യത്താല്‍ത്തന്നെ രാജ്ഞി കുഴഞ്ഞുവീണ് ചരമം പ്രാപിച്ചു.
ദൈവം നിശ്ചയിച്ച സമയമായപ്പോള്‍ ഗീവറുഗീസ് മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഈ തക്കം നോക്കി ഒരു പടയാളി അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചു. അങ്ങനെ ആ വിശഅവസ്തനായ ക്രിസ്തു ശിഷ്യന്‍ തന്റെ ജീവിതലക്ഷ്യം സാക്ഷാത്ക്കരിച്ചു. എ.ഡി. 303 ഏപ്രില്‍ 23-ാം തീയതിയായിരുന്നു വി.ഗീവറുഗീസിന്റെ മരണം. വി.ഗീവറുഗീസിന്റെ സമഹേതുക തിരുനാളായി ഏപ്രില്‍ 23 ലോകമെമ്പാടും ഇന്ന് ആഘോഷിക്കുന്നു. ക്രിസ്തുവിനുവേണ്ടി വിശ്വാസജീവിതം നയിച്ച് വീരചരമം പ്രാപിച്ച ഈ വിശുദ്ധനെ നമ്മുടെ ജീവിത മാതൃകയായി യഥാര്‍ത്ഥ ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ നമുക്കു പരിശ്രമിക്കാം.