വി. യൂദാശ്ലീഹായോടുള്ള നൊവേന

പ്രാരംഭഗാനം (അദ്ധ്വാനിക്കുന്നവര്‍ക്കും എ.മ)
യൂദാ, വിശുദ്ധ ശ്ലീഹാ, 
പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായ് നീ 
നിന്‍ ദാസര്‍ ഞങ്ങള്‍ക്കായ് നീ 
പ്രാര്‍ത്ഥിക്ക ദയാനിധേ (3 പ്രാവശ്യം) 

കാര്‍മ്മി:  അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി (3 പ്രാവശ്യം) 

സമു: ആമ്മേന്‍ 

കാര്‍മ്മി : ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേയ്ക്കും. 

സമു : ആമ്മേന്‍ 
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേര്‍ന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ! അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍ എന്നുദ്‌ഘോഷിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങള്‍ക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, ദുഷ്ടാരൂപിയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും അങ്ങയുടേതാകുന്നു. ആമ്മേന്‍ 

കാര്‍മ്മി : പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. 
സമു : ആദിമുതല്‍ എന്നേക്കും ആമ്മേന്‍. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങു പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ മഹത്വത്താല്‍ സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധന്‍, പരിശുദ്ധന്‍ എന്നുദ്‌ഘോഷിക്കുന്നു. ആമ്മേന്‍. 

കാര്‍മ്മി : നിത്യനായ പിതാവേ! അങ്ങയുടെ പുത്രന്റെ നാമത്തില്‍ ഒന്നിച്ചുകൂടിയിരിക്കുന്ന ഞങ്ങള്‍ക്ക് പ്രത്യേക മദ്ധ്യസ്ഥനായി വിശുദ്ധ യൂദായെ അങ്ങു നിയമിച്ചുവല്ലോ. ആ വിശുദ്ധനിലൂടെ അങ്ങേ കൃപാകടാക്ഷം ഞങ്ങളുടെമേല്‍ തിരിക്കണമേ. അങ്ങയെ ആരാധിക്കുവാനും പുകഴ്ത്തുവാനും ഞങ്ങള്‍ കടപ്പെട്ടവരാകുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും ആമ്മേന്‍. 
സമു: ആമ്മേന്‍ 

കാര്‍മ്മി : സകലത്തിന്റെയും നാഥാ, നിന്റെ പ്രമാണത്താല്‍ ഞങ്ങളെ വിവേകികളാക്കേണമേ. നിന്റെ ജ്ഞാനത്താല്‍ ഞങ്ങളുടെ ബോധത്തെ പ്രകാശിപ്പിക്കുകയും നിന്റെ സത്യത്താല്‍ ഞങ്ങളുടെ ആത്മാക്കളെ പവിത്രീകരിക്കുകയും ചെയ്യേണമേ. അങ്ങനെ ഞങ്ങള്‍ എപ്പോഴും നിന്റെ വചനത്തിന് സാക്ഷ്യം വഹിക്കുന്നവരും കല്പനകള്‍ അനുസരിക്കുന്നവരും ആകട്ടെ. 
സഹായി: നമുക്ക് ശ്രദ്ധാപൂര്‍വ്വം നിന്ന് വിശുദ്ധസുവിശേഷം ശ്രവിക്കാം.  

കാര്‍മ്മി : സുവിശേഷം…… 

ആശംസാപ്രാര്‍ത്ഥന
ഈശോയുടെയും അവിടുത്തെ വത്സലമാതാവായ പരിശുദ്ധ കന്യകാമറിയ ത്തിന്റെയും ഉററബന്ധുവും മഹത്വ പ്പെട്ടവനുമായ വി.യൂദാശ്ലീഹായേ ഞാന്‍ അങ്ങയെ വാഴ്ത്തി സ്തുതിക്കുന്നു. ഈശോയുടെ തിരുഹൃദയത്തെ പ്രതി ദൈവം അങ്ങേയ്ക്കു നല്‍കിയിരിക്കുന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കുമായി ദൈവത്തിനു കൃതജ്ഞതാ സ്‌ത്രോത്രങ്ങള്‍ സമര്‍പ്പിക്കുന്നു. ഈശോയുടെ തിരുഹൃദയം വഴിയായി എന്നെ ദയവോടെ നോക്കണമെന്ന് അങ്ങേ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്തു കൊണ്ട് ഞാന്‍ അപേക്ഷിക്കുന്നു. എന്റെ എളിയ പ്രാര്‍ത്ഥനയെ അങ്ങ് അവഗണിക്കരുതേ അങ്ങില്‍ എനിക്കുളള ദൃഢമായ വിശ്വാസത്തിന് ഇളക്കം തട്ടാതിരിക്കട്ടെ. മാനവകുലത്തിന് ഏററവും നിരാശാജനകമായ കാര്യങ്ങളില്‍ സഹായം എത്തിക്കുവാനുളള വരം ദൈവം അങ്ങേയ്ക്കു നല്‍കിയിരിക്കുന്നുവല്ലൊ. ദൈവത്തിന്റെ അനുഗ്രഹങ്ങളെ പാടിപ്പുകഴ്ത്താന്‍ ഇടയാക്കുന്നതിനു വേണ്ടി ഓ! എന്റെ ആശ്രയമേ എന്റെ സഹായത്തിന് വേഗം വരണമേ. ആയുഷ്‌ക്കാലം മുഴുവന്‍ ഞാന്‍ അങ്ങയോടു കൃതജ്ഞതയുളളവന്‍ ആയിരിക്കും. സ്വര്‍ഗ്ഗത്തില്‍ അങ്ങോടു നന്ദി പ്രകാശിപ്പിക്കുവാന്‍ കഴിയുംവരെ ഞാന്‍ അങ്ങയുടെ വിശ്വസ്തദാസനായിരിക്കുകയും ചെയ്യും. ആമ്മേന്‍. 

കൃതജ്ഞതാഗാനം
(വാനിലെ വാരൊളി…എ.മ.)
പാരിതില്‍ ഞങ്ങള്‍ക്കു വാരി വിതറിയ 
അത്ഭുതാനുഗ്രഹമൊന്നുപോലും 
വിസ്മരിക്കില്ല വിശുദ്ധനാം യൂദായേ 
ആശ്രിത വത്സലന്‍ തദ്ദേവൂസേ (പാരിതില്‍…) 

രക്തബന്ധത്താലേ കന്യകാസൂനുവിന്‍ 
ഉത്തമസ്‌നേഹിതനായവന്‍ നീ 
എന്നിട്ടുമോര്‍ത്തില്ല, ലോകം, നിന്നെയാ 
ഒററുകാരന്‍ പേരാല്‍ വിസ്മരിച്ചു (2) (പാരിതില്‍...) 

ഇന്നിതാ കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍ നിന്‍ 
നന്മ നിറഞ്ഞ മഹിമയിങ്കല്‍ 
ആധികള്‍, വ്യാധികള്‍ ദു:ഖങ്ങളൊക്കെയും 
തീര്‍ക്കണേ, ഞങ്ങളെ രക്ഷിക്കണേ (2) (പാരിതില്‍...) 

അനുഗൃഹീതനായ ശ്ലീഹായേ, പൂര്‍ണ്ണ വിശ്വാസത്തോടെ ഞങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നു. (3 പ്രാവശ്യം) 
ആലംബഹീനരുടെ സഹായമായ വി.യൂദായേ, നിസ്സഹായാവസ്ഥയില്‍ ഞങ്ങളെ സഹായിക്കണമേ. (3 പ്രാവശ്യം) 

കാറോസൂസാ
കാര്‍മ്മി: അങ്ങേ മാദ്ധ്യസ്ഥ്യം വഴി ദൈവജനത്തെ മുഴുവന്‍ ക്രൈസ്തവവിശ്വാസത്തില്‍ തീക്ഷണതയുളളവരാക്കിത്തീര്‍ക്കണമെന്ന് 
സമു : വി.യൂദായേ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു. ഞങ്ങളുടെ അപേക്ഷ കേള്‍ക്കേണമേ.  

കാര്‍മ്മി: തിരുസഭയുടെ തലവനായ പരി. പാപ്പായെയും സഭാധ്യക്ഷന്മാരെയും വൈദികഗണത്തെയും സംരക്ഷിക്കണമെന്നും തിരുസഭയ്ക്കു സമാധാനവും ഐക്യവും പ്രദാനം ചെയ്യണമെന്നും 
സമു : വി.യൂദായേ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു. ഞങ്ങളുടെ അപേക്ഷ കേള്‍ക്കേണമേ. 

കാര്‍മ്മി: ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസവും ശരണവും ഉപവിയും ഒന്നിന്നൊന്ന് വര്‍ദ്ധിച്ചു വരുവാന്‍ സഹായിക്കേണമെന്ന് 
സമു : വി.യൂദായേ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു. ഞങ്ങളുടെ അപേക്ഷ കേള്‍ക്കേണമേ. 

കാര്‍മ്മി : പിശാചിന്റെ തന്ത്രങ്ങളില്‍ നിന്നും ദുഷ്ടവിചാരങ്ങളില്‍ നിന്നും ഞങ്ങളെ വിമുക്തരാക്കേണമെന്ന് 
സമു : വി.യൂദായേ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു. ഞങ്ങളുടെ അപേക്ഷ കേള്‍ക്കേണമേ. 

കാര്‍മ്മി : പാപത്തില്‍ നിന്നും പാപഹേതുക്കളായ സകല സാഹചര്യങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കേണമെന്ന് 
സമു : വി.യൂദായേ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു. ഞങ്ങളുടെ അപേക്ഷ കേള്‍ക്കേണമേ. 

കാര്‍മ്മി : വിശുദ്ധന്മാരുടെ ഗണത്തില്‍ ഞങ്ങള്‍ കൂടിച്ചേരുവാനും ദൈവസാന്നിദ്ധ്യത്തില്‍ നിത്യാനുഭവത്തിന് ഞങ്ങള്‍കൂടി പങ്കാളികളാകുവാനും സഹായിക്കേണമെന്ന് 
സമു : വി.യൂദായേ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു. ഞങ്ങളുടെ അപേക്ഷ കേള്‍ക്കേണമേ. 

കാര്‍മ്മി : മാനസികവും ശാരീരികവുമായ രോഗങ്ങളില്‍ നിന്നു കഷ്ടത അനുഭവിക്കുന്ന ഞങ്ങള്‍ക്ക് ദൃശ്യമായ സഹായവും ആശ്വാസവും എത്തിച്ചുതരണമെന്ന് 
സമു : വി.യൂദായേ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു. ഞങ്ങളുടെ അപേക്ഷ കേള്‍ക്കേണമേ. 

കാര്‍മ്മി : കുടുംബസമാധാനവും മനസമാധാനവും ഇല്ലാതെ വലയുന്ന ഞങ്ങളുടെ കുടുംബങ്ങളെയും ജീവിതത്തെയും യഥാര്‍ത്ഥ സമാധാനത്തില്‍ നിറക്കേണമെന്ന് 
സമു : വി.യൂദായേ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു. ഞങ്ങളുടെ അപേക്ഷ കേള്‍ക്കേണമേ. 

കാര്‍മ്മി : ഞങ്ങളുടെ ജീവിതത്തെ അലട്ടുന്ന ആത്മീയവും ലൗകികവുമായ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും ഞങ്ങളെ വിമുക്തരാക്കി ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമെന്ന് 
സമു : വി.യൂദായേ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു. ഞങ്ങളുടെ അപേക്ഷ കേള്‍ക്കേണമേ. 

കാര്‍മ്മി : എല്ലാറ്റിനും ദൈവതിരുമനസ്സ് മനസ്സിലാക്കുവാനും അതിനു സന്തോഷപൂര്‍വ്വം കീഴ്‌വഴങ്ങി ജീവിക്കുവാനും വേണ്ട ശക്തി ഞങ്ങള്‍ക്കു നല്‍കേണമെന്ന് 
സമു : വി.യൂദായേ, ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു. ഞങ്ങളുടെ അപേക്ഷ കേള്‍ക്കേണമേ. 

(ഇവിടെ അവസരോചിതമായ മറ്റു പ്രാര്‍ത്ഥനകള്‍ ചേര്‍ക്കാവുന്നതാണ്) 
കാര്‍മ്മി : വി.യൂദായേ, ഞങ്ങള്‍ക്കും അങ്ങേ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്ന സകലര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേ. ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍ 
സമു : വി. യൂദായേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ. 

ഗാനം (യേശു എനിക്കെത്ര എ.മ.)

മിശിഹാ തന്‍ വിശ്വസ്ത ദാസനാകും 
സ്‌നേഹിതന്‍ വിശുദ്ധ യൂദാശ്ലീഹാ 
ഫലസിദ്ധിയില്ലാതെ ഉഴലുന്ന വേളയില്‍ 
മദ്ധ്യസ്ഥനായങ്ങ് പ്രാര്‍ത്ഥിക്കണേ. 

എക്കാലത്തും നിന്‍ ഭക്തരില്‍ 
ദിവ്യാനുഗ്രഹങ്ങള്‍ വര്‍ഷിക്കണേ 
കഷ്ടതയില്‍ നല്‍ തുണയായ് 
ദു:ഖത്തില്‍ ആശ്വാസമേകിടണേ. (മിശിഹാതന്‍…….) 

ഉളളം കലങ്ങും പ്രയാസങ്ങളില്‍ 
ഉണ്ടെനിക്കഭയ സ്ഥാനമൊന്ന് 
താഴ്ചകള്‍ വന്നാലും വീഴ്ചകള്‍ വന്നാലും 
താങ്ങി നടത്തുന്നു വല്ലഭനായ് (എക്കാലത്തും…….) 

ഭാഗ്യവാനായ വിശുദ്ധ യൂദാ 
അങ്ങേ സ്തുതികളെ ലോകമെങ്ങും 
നിത്യവും പാടി സ്തുതിക്കുവാനായി നീ 
കൃപ ചൊരിഞ്ഞീടു ദയാനിധിയേ (എക്കാലത്തും…….) 

നമുക്കു പ്രാര്‍ത്ഥിക്കാം
രക്തസാക്ഷിയും ക്രിസ്തുനാഥന്റെ ബന്ധവുമായ മഹത്വമേറിയ വി.യൂദായേ അങ്ങേ സന്നിധിയില്‍ ഞങ്ങളിതാ വന്നണയുന്നു. ഇന്നു മുതല്‍ ഞങ്ങളുടെ എല്ലാ ദുര്‍ന്നടത്തങ്ങളും ഉപേക്ഷിക്കുവാനും ദുര്‍വിചാരങ്ങളില്‍ നിന്നു ഞങ്ങള്‍ വിമുക്തരാകുവാനും അങ്ങു ഞങ്ങളെ സഹായിക്കണമേ. ആപത്തുകളിലും വിഷമഘട്ടങ്ങളിലും അങ്ങേ സഹായം ഞങ്ങള്‍ക്കുണ്ടാകുമാറാകട്ടെ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഞങ്ങളെ സഹായിക്കുകയും സ്വര്‍ഗ്ഗം പ്രാപിച്ച് അങ്ങയോടൊത്ത് മഹത്വമേറിയ ത്രിതൈ്വകദൈവത്തെ സ്തുതിച്ചാരാധിക്കുവാന്‍ ഞങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യണമേ. ആമ്മേന്‍. 

നൊവേന പ്രാര്‍ത്ഥന (ചൊല്ലിക്കൊടുക്കുന്നു)

ഈശോയുടെ വിശ്വസ്തദാസനും സ്‌നേഹിതനു അപ്പസ്‌തോലനുമായ വിശുദ്ധ യൂദായേ ദിവ്യഗുരുവിനെ ശത്രുക്കളുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുകൊടുത്തവന്റെ പേരിനോട് അങ്ങയുടെ പേരിനുള്ള സാമ്യം പലരും അങ്ങയെ മറക്കുവാന്‍ കാരണമാക്കിയല്ലോ. എങ്കിലും നിരാശാജനകവും അസാധ്യവുമായ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി തിരുസഭ അങ്ങേ സാര്‍വ്വത്രികമായി വണങ്ങുകയും അങ്ങേ സഹായം അപേക്ഷിക്കുകയും ചെയ്യുന്നു. വളരെയധികം കഷ്ടപ്പെടുന്ന എനിക്കിവേണ്ടി പ്രാര്‍ത്ഥിക്കണമേ ആശയററ സന്ദര്‍ഭങ്ങളില്‍ ദ്യശ്യമായ സഹായം അതിവേഗം പ്രദാനം ചെയ്യുന്നതിന് അങ്ങേയ്ക്കു സംസിദ്ധമായിരിക്കുന്ന പ്രത്യോകാനുകൂല്യത്തെ എന്ക്കുവേണ്ടി വിനിയോഗിക്കണമെന്ന് ഞാനങ്ങയോടഭ്യര്‍ത്ഥിക്കുന്നു.

എന്റെ എല്ലാ ആവശ്യങ്ങളിലും കഷ്ടതകളിലും ദു:ഖങ്ങളിലും പ്രത്യേകിച്ച് ... (നിയോഗം)... സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സഹായവും ആശ്വാസവും കിട്ടുന്നതിനുമായി ഈ വലിയ ആവശ്യനേരത്ത് എന്റെ സഹായത്തിന് എത്തേണമെ. അങ്ങനെ അങ്ങയോടും മറെറല്ലാവിശുദ്ധരോടും കൂടെ ദൈവത്തെ അനവരതം സ്തുതിക്കുന്നതിന് എനിക്ക് ഇടയാകട്ടെ. ഓ! വാഴ്ത്തപ്പെട്ട വി യൂദായേ ഈ വലിയ അനുഗ്രഹത്തെ ഞാന്‍ എന്നും സ്മരിക്കുന്നതാണെന്നും എന്റെ ശക്തിയുള്ള പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ വണങ്ങുന്നതില്‍ ഞാന്‍ ഒരിക്കലും കുറവു വരുത്തുകയില്ലെന്നും അങ്ങയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിന് എന്റെ സര്‍വ്വകഴിവുകളും വിനിയോഗിക്കുന്നതാണെന്നും ഞാന്‍ ഇതാ പ്രതിജ്ഞ ചെയ്യുന്നു. ഏററവും നീതിയുള്ളതും ആരാധ്യവും ഉന്നതവുമായ ദൈവത്തിന്റെ ഇഷ്ടം എല്ലാ കാര്യങ്ങളിലും എന്നും എന്നേയ്ക്കും സ്തുതിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യട്ടെ. എളിമയുടെ മാതൃകയും സഹനത്തിന്റെ കണ്ണാടിയും ശുദ്ധതയുടെ ലില്ലി പുഷ്പവും ദൈവസ്‌നേഹത്തിന്റെ ജ്വാലയുമായ വി. യൂദായെ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമെ. ദു:ഖിതരുടെ ആശ്വാസവും പാപികളുടെ സങ്കേതവും വിഷമിക്കുന്നവരുടെ സഹായിയും അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യൂദായേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ.

കൃതജ്ഞതാപ്രാര്‍ത്ഥന
 സ്വര്‍ഗ്ഗവാസികള്‍ പരി. ത്രിത്വത്തെ സ്തുതിക്കുന്ന അവര്‍ണ്ണനീയമായ സ്തുതിഗീതങ്ങളോട് ചേര്‍ന്നുകൊണ്ട് ഓ! ഈശോയേ അങ്ങയുടെ ബന്ധുവും തെരഞ്ഞെടുക്കപ്പെട്ട അപ്പസ്‌തോലനുമായ വി. യൂദായേ അലങ്കരിക്കുവാന്‍ അങ്ങ് തിരുമനസ്സായ എല്ലാ അനുഗ്രഹങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുവേണ്ടി  ഞാന്‍ അങ്ങയെ സ്തുതിക്കുകയും വാഴ്ത്തുകയും അങ്ങേക്ക് നന്ദി പറയുകയും ചെയ്യുന്നു. ഓ! അത്ഭുതപ്രവര്‍ത്തകനായ വി. യൂദാശ്ലീഹായേ എന്റെ സങ്കടസമയത്തുള്ള പ്രാര്‍ത്ഥനകളില്‍ മനസ്സലിഞ്ഞ് അങ്ങ് എനിക്ക് തന്ന അനുഗ്രഹപൂര്‍ണ്ണമായ സഹായങ്ങള്‍ക്ക് ഞാന്‍ അങ്ങയോട് പ്രതിനന്ദിയുള്ളവനായിരുന്നുകൊള്ളാം. ഈ സ്‌നേഹലക്ഷ്യവുമായി ഞാന്‍ എന്നേക്കും അങ്ങയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. വി. യൂദായേ, എന്റെ പരീക്ഷണഘട്ടങ്ങളിലും എന്നോടുകൂടി ഉണ്ടായിരിക്കുകയും എന്റെ സഹായത്തിന് എത്തുകയും ചെയ്യണമേ. എല്ലാററിനും അധികമായി എന്റെ മരണസമയത്ത് എന്നോടുകൂടി ഉണ്ടായിരിക്കുകയും ശത്രുക്കളുടെ കെണിയില്‍ നിന്ന്, എന്റെ പ്രയാസങ്ങളില്‍ നിന്ന് എന്നെ സംരക്ഷിക്കുകയും ചെയ്യണമെ.

ഗാനം
സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം
ജീവന്‍ നല്‍കുമൊരപ്പം നീ
മര്‍ത്യന്നു മുക്തി പകര്‍ന്നരുളും 
നിത്യമഹോന്നതമപ്പം നീ

മാനവരേ, മോദമോടെ
നാഥനെ വാഴ്ത്തിപ്പാടിടുവിന്‍ 
ദൈവത്തിന്‍ പരിപാവനമാം
സന്നിധിചേര്‍ന്നു വണങ്ങിടുവിന്‍...സ്വര്‍ഗ്ഗത്തില്‍ 

ദിവ്യശരീരം മാനവനായ് 
നല്‍കിയ നാഥനെ വാഴ്ത്തിടുവിന്‍
ദിവ്യനിണത്താല്‍ പാപികളെ 
നേടിയ നാഥനെ വാഴ്ത്തിടുവിന്‍...സ്വര്‍ഗ്ഗത്തിന്‍

(ഈ പാട്ടിന്റെ സമയത്ത് പരി. കുര്‍ബാനയെ വീണ്ടും ധൂപിക്കുന്നു. ഗാനം അവസാനിക്കുമ്പോള്‍ പുരോഹിതന്‍ മുട്ടിന്മേല്‍ നിന്നുകൊണ്ടു താഴെ വരുന്ന പാട്ട് പാടുന്നു.)

ഗാനം
പുരോ: പരിശുദ്ധ ശരീരത്താലും
വിലയേറിയ രക്തത്താലും
പാപത്തിന്‍ കറകളില്‍ നിന്നും
മര്‍ത്ത്യന്നു നീ മോചനമേകി

സമൂ: സകലേശാ ദിവ്യകടാക്ഷം 
തൂകണമേ വത്സലസുതരില്‍
നിര്‍മ്മലരായ് ജീവിച്ചീടുവാന്‍ 
ചിന്തണമെ ദിവ്യവരങ്ങള്‍

സമാപനഗാനം
(നിത്യവിശുദ്ധയാം...എ.മ.)

ഈശോമിശിഹാ തന്‍ വത്സല ശിഷ്യന്‍
വിശുദ്ധനാം യൂദാശ്ലീഹാ
നിന്‍പദം തേടിയണഞ്ഞീടും ഞങ്ങളെ
കാത്തുരക്ഷിച്ചീടണേ (2)  (ഈശോ)

ചുററിലും ദു:ഖക്കടല്‍തിരയാര്‍ക്കുന്ന
ജീവിതയാനത്തിലൂടെ (2)
നിന്റെ വിളക്കുമരത്തിന്റെ തൂവെട്ടം
തേടിവരുന്നൂ ഞങ്ങള്‍ എന്നും
തേടിവരുന്നൂ ഞങ്ങള്‍ 
(2)  (ഈശോ)
              
സാദ്ധ്യമല്ലാത്തതായൊന്നും നിനക്കില്ല
ഓര്‍ത്തുവണങ്ങുന്നൂ ഞങ്ങള്‍ (2)
അത്ഭുതസംഭവനേ, നിന്റെ നാമമീ
പാരാകെ, പാടിടട്ടെ..നിത്യം
പാരകെ പാടിടട്ടെ

ലുത്തിനിയാ
കന്യാമേരി സൂതന്റെ
ബന്ധുവാം യൂദാശ്ലീഹാ
ദൈവത്തില്‍ ശ്രേഷ്ഠ ശിഷ്യാ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.
ജീവിതവേദിയിങ്കല്‍
നാഥന്‍ തന്‍ മേരിയെയും
ദര്‍ശിച്ച യൂദാശ്ലീഹേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

രക്ഷിതാവിന്‍ വത്സലാ
വിശുദ്ധ യൂദാശ്ലീഹാ
ഈശോ നാഥന്റെ ശിഷ്യാ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

അന്ത്യബോജനനേരം 
നാഥന്‍ തന്‍ പക്കല്‍നിന്നും
ദിവ്യാപ്പം ഭക്ഷിച്ചോനെ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

നാഥന്‍ തന്‍ ഉത്ഥാനത്താല്‍
മാനസം സന്തോഷിച്ച
വിശുദ്ധനാം യൂദായേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

പന്തക്കുസ്താനാളില്‍ താന്‍
പരിശുദ്ധാത്മാവോടൊപ്പം
സമ്പൂരിതനാം ഗുരോ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

പേര്‍ഷ്യാ തന്‍ ജനതയ്ക്ക്
ദിവ്യദീപ്തി നല്‍കിയ
ദിവ്യവരന്‍ ശ്ലീഹായേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

പരിശുദ്ധാരൂപിയാല്‍
അത്ഭുതങ്ങള്‍ ചൊരിഞ്ഞ
ദിവ്യനാം ശിഷ്യ ഗുരോ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

വിഗ്രഹങ്ങള്‍ പൂജിച്ച
അരചനു പൂര്‍ണ്ണ സൗഖ്യം
നല്‍കിയോനാം യൂദായേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

ദുര്‍ഭൂതങ്ങളകററി
അവയ്ക്കന്ത്യം നല്‍കിയ
ധീരനാം യൂദാശ്ലീഹാ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

ധീരരാം ശത്രുക്കളും 
മിത്രരായ് തീരുമെന്ന് 
വാഗ്ദാനം ചെയ്ത ശ്ലീഹാ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

ക്രൂരദംഷ്ട്രങ്ങളില്‍പ്പെ-
ട്ടുഴലും നരര്‍ക്കാശ്വാസം
ഏകുവോനാം യൂദായേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

പാദം തെല്ലും പതറാതെ 
നാഥന്‍ തന്‍ ദിവ്യ ദൗത്യം
നിര്‍വ്വഹിച്ച യൂദായേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

നാഥനോടുള്ള സ്‌നേഹത്താല്‍ 
വീരജന്മം നേടിയ 
ധീരനാം യൂദാശ്ലീഹാ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ.

വി. യൂദാശ്ലീഹായുടെ മാദ്ധ്യസ്ഥം വഴി അനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നതിന്

1.തുടര്‍ച്ചയായി 9 ദിവസം പരിശുദ്ധകുര്‍ബാനയില്‍ സംബന്ധിച്ച് വി. കുര്‍ബാന സ്വീകരിക്കുക. നൊവേന പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുക.
2.വിശുദ്ധന്റെ നാമത്തില്‍ നടത്തുന്ന നൊവേനയില്‍ പങ്കെടുക്കുക
3.നൊവേന പ്രാര്‍ത്ഥനകള്‍ നടത്തിക്കുക.
4.വിശുദ്ധന്റെ നാമത്തില്‍ ദാനധര്‍മ്മങ്ങളും നേര്‍ച്ചകളും അര്‍പ്പിക്കുക.
5.ഉപവാസങ്ങളും ത്യാഗങ്ങളും അനുഷ്ഠിക്കുക.