വല്ലാര്‍പാടത്തമ്മയോടുള്ള നൊവേന

പ്രാരംഭഗാനം
സ്രഷ്ടാവാം പാവനാത്മാവേ
മക്കള്‍തന്‍ ഹൃത്തില്‍ വരേണേ
സൃഷ്ടികളാമിവരില്‍ വരേണേ
നിന്റെ ദിവ്യ പ്രസാദം തരേണേ
ദീപങ്ങളാമിന്ദ്രിയങ്ങള്‍
നീ തെളിച്ചിടുന്ന നേരം
സ്‌നേഹത്തില്‍ ശീലുകള്‍ മൂളും ഞങ്ങള്‍
ശാന്തീഗീതങ്ങളും പാടും
വഴികാട്ടിയായി നീ വന്നാല്‍
ജീവിതവീഥിയില്‍ നിന്നാല്‍
ശത്രുവിന്നണികള്‍ തകര്‍ക്കാന്‍ പാരില്‍
ശക്തിയാര്‍ജ്ജിച്ചിടും ഞങ്ങള്‍
ദൈവപിതാവിനും സൂതനും
മൂന്നാമനാകുമങ്ങേയ്ക്കും
സ്തുതിയായിരിക്കട്ടെ എന്നും

വൈദികന്‍:  പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍
ജനങ്ങള്‍:    ആമ്മേന്‍
വൈദികന്‍:  ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
ജനങ്ങള്‍: സര്‍വ്വേശ്വരന്റെ പരിശുദ്ധമാതാവേ, ഞങ്ങള്‍ക്കുവേണ്ടണ്‍ി അപേക്ഷിക്കണമേ

നമുക്കു പ്രാര്‍ത്ഥിക്കാം
സര്‍വ്വശക്തനായ ദൈവമേ, അങ്ങയുടെ ഏകസുതനും ഞങ്ങളുടെ  രക്ഷകനുമായ യേശുക്രിസ്തുവിന്റെ മാതാവായ മറിയത്തെ ഞങ്ങളുടെയും അമ്മയായി കുരിശിന്‍ചുവട്ടില്‍വച്ചു ഞങ്ങള്‍ക്കു നല്‍കിയല്ലോ. ഈ അമ്മയുടെ ജീവിത മാതൃക പിന്തുടര്‍ന്നുകൊണ്ടണ്‍് അങ്ങയുടെ സന്നിധിയില്‍ എത്തിച്ചേരുവാന്‍ കൃപ നല്‍കണമെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹായുടെ നാമത്തില്‍ അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.
ജനങ്ങള്‍: ആമ്മേന്‍

അപേക്ഷകള്‍  കൃതജ്ഞത

നവനാള്‍ ജപം
ഓ, വല്ലാര്‍പാടത്തമ്മേ, കാരുണ്യവതിയായ രാജ്ഞീ, വിമോചകനാഥേ, അങ്ങയെ ഞങ്ങള്‍ സ്‌നേഹിക്കുന്നു.  അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു.  അങ്ങേ മക്കളായ ഞങ്ങള്‍ ഇതാ അങ്ങയുടെ തൃപ്പാദത്തിങ്കല്‍ അണഞ്ഞിരിക്കുന്നു.  വിനയത്തിന്റെയും വിശുദ്ധിയുടെയും വിശ്വാസത്തിന്റെയും നിറകുടമായ അമ്മേ, ദൈവാത്മാവിന്റെ പ്രചോദനങ്ങളോട് സഹകരിക്കുവാനും സകലരെയും സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ഞങ്ങള്‍ക്കു  വരം നല്‍കണമേ.  ദൈവപുത്രനായ യേശുവിനെ ലോകത്തിനു പ്രദാനംചെയ്ത അമ്മേ, തിരുക്കുമാരന്റെ തിരുഹിതമനുസരിച്ചുകൊണ്ട് യേശുവിന്റെ അത്ഭുതകരമായ സഹായം നേടിക്കൊടുത്ത മദ്ധ്യസ്ഥേ, പാപികളും ദരിദ്രരും ബലഹീനരുമായ ഞങ്ങള്‍ക്കുവേണ്ടി അങ്ങു പ്രാര്‍ത്ഥിക്കേണമേ.  വിശ്വാസത്തോടും പ്രാര്‍ത്ഥനാചൈതന്യത്തോടും സേവനതല്‍പരതയോടും ത്യാഗമനോഭാവത്തോടും കൂടെ കുടുംബജീവിതം നയിച്ച അമ്മേ, ഞങ്ങളുടെ കുടുംബങ്ങളെ അങ്ങേക്ക് സമര്‍പ്പിക്കുന്നു.  കുടുംബാംഗങ്ങളെ സ്‌നേഹിച്ചും ആദരിച്ചും അംഗീകരിച്ചും പ്രോത്സാഹിപ്പിച്ചും അവരുടെ കഴിവുകള്‍ വളര്‍ത്തിയും കുറവുകള്‍ നികത്തിയും ഐക്യത്തിലും സന്തോഷത്തിലും ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.  ദൈവവചനം താല്‍പര്യപൂര്‍വ്വം ശ്രവിക്കുവാനും സന്തോഷത്തോടെ അനുസരിക്കുവാനും ഞങ്ങളെ ശക്തരാക്കണമേ,

അപകടസന്നിധിയില്‍ ആയിരിക്കുന്നവര്‍ക്ക് അഭയമായ വല്ലാര്‍പാടത്തമ്മേ, അങ്ങയുടെ സഹായം യാചിക്കുന്ന സകലരെയും അങ്ങ് കനിവോടെ കടാക്ഷിക്കണമേ.  ജലത്തില്‍ യാത്ര ചെയ്യുന്നരെയും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും അങ്ങ് സംരക്ഷിക്കണമേ.  വല്ലാര്‍പാടത്തമ്മേ, അമ്മയുടെ സഹായംതേടി വരുന്ന എല്ലാവരെയും, അങ്ങേയ്ക്ക് അടിമസമര്‍പ്പണം നടത്തുന്ന സകലരെയും ആശീര്‍വദിക്കണമേ.  പാപത്തില്‍നിന്നും ദുശ്ലീലങ്ങളില്‍നിന്നും രോഗങ്ങളില്‍നിന്നും ദാരിദ്ര്യത്തില്‍ നിന്നും അപകടത്തില്‍നിന്നും സ്വാര്‍ത്ഥതയില്‍നിന്നും ഞങ്ങളെ സ്വതന്ത്രരാക്കണമേ,സ്വര്‍ഗ്ഗത്തിന്റെയും ഭുമിയുടെയുംരാജ്ഞിയായ അമലോത്ഭവമറിയമേ, ആഴമായ വിശ്വാസത്തോടെ അങ്ങേ തൃപ്പാദത്തിങ്കല്‍ സമര്‍പ്പിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും പ്രത്യേകിച്ച് (ആവശ്യം പറയുക) അങ്ങേ ദിവ്യപുത്രനു സമര്‍പ്പിച്ച് അവിടത്തെ അനുഗ്രഹം ഞങ്ങള്‍ക്കു നേടിത്തരണമേ,  ഞങ്ങളും  അങ്ങയെപ്പോലെ ജീവിച്ച് അങ്ങയോടും സകല വിശുദ്ധന്‍മാരോടും സകല മാലാഖമാരോടുംകൂടെ സ്വര്‍ഗ്ഗീയപിതാവിനെ നിത്യം വാഴ്ത്തി സ്തുതിക്കുവാന്‍ ഇടയാക്കണമേ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ  1 നന്‍മ   1.ത്രിത്വ

വിശ്വാസികളുടെ പ്രാര്‍ത്ഥന
പ്രിയ സഹോദരരേ, ആവശ്യനേരങ്ങളിലും വേദനയുടെ നിമിഷങ്ങളിലും അഭയമായ വല്ലാര്‍പാടത്തമ്മയുടെസവിശേഷമാധ്യസ്ഥ്യംവഴി നമ്മുടെ യാചനകള്‍ കാരുണ്യവാനും സ്‌നേഹപിതാവുമായ ദൈവത്തിന് സമര്‍പ്പിക്കാം.

1. ദൈവമേ, ഞങ്ങളുടെ പരിശുദ്ധപിതാവായ.....പാപ്പായെയും ഞങ്ങളുടെ അഭിവന്ദ്യ മെത്രാപ്പോലീത്താ....പിതാവിനെയും മറ്റെല്ലാ മെത്രാന്‍മാരെയും വൈദികരെയും സന്യസ്തരെയും അങ്ങേ അരൂപിയാല്‍ നിറച്ച് ദൈവജനത്തെ നയിക്കുന്നതിന് പ്രാപ്തരാക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

2. ദൈവമേ, അനീതിയും അക്രമവുംകൊണ്ട് പരസ്പരം  കലഹിച്ചു കഴിയുന്ന ജനപദങ്ങളെ സ്‌നേഹത്തില്‍ ഒന്നിപ്പിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

3. ദൈവമേ, എല്ലാവരും തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കുവാനും തൊഴില്‍ രംഗങ്ങളില്‍ സൗഹൃദവും സഹകരണമനോഭാവും വളര്‍ത്തുവാനും ഇടയാക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

4. ദൈവമേ ഞങ്ങളുടെ കുടുംബങ്ങളില്‍ പരസ്പരധാരണയും സ്‌നേഹവും വിശ്വസ്തതയും വളര്‍ത്തി മാതൃകാപരമായ ക്രിസ്തീയജീവിതം നയിക്കുവാന്‍ ഇടവരുത്തണമെന്ന് പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

5. ദൈവമേ, രോഗങ്ങളാലും മാനസികവ്യഥകളാലും ക്ലേശിക്കുന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അങ്ങ് സാന്ത്വനവും സൗഖ്യവും പകരണമെന്ന് പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

6. ദൈവമേ, കര, കടല്‍,  ആകാശമാര്‍ഗ്ഗങ്ങളില്‍ യാത്ര ചെയ്യുകയും ജോലിചെയ്യുകയുംചെയ്യുന്ന ഞങ്ങളുടെ സഹോദരങ്ങളെ പരിരക്ഷിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

7. ദൈവമേ, മരണമടഞ്ഞ എല്ലാവരും അങ്ങേ കൃപയാല്‍ നിത്യസൗഭാഗ്യം അനുഭവിക്കുവാന്‍ ഇടയാക്കണമെന്നും പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ

മറ്റാവശ്യങ്ങള്‍ക്കായി മൗനമായി പ്രാര്‍ത്ഥിക്കാം     
കരുണാസ്വരൂപനായ ദൈവമേ, അങ്ങേ മക്കളായ ഞങ്ങള്‍ വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ സമര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥനകള്‍ അങ്ങേ തിരുക്കുമാരന്റെ യോഗ്യതകളാല്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ മാധ്യസ്ഥ്യംവഴി ഞങ്ങള്‍ക്ക് തന്നരുളണമേ. ആമ്മേന്‍.

നിശ്ശബ്ദമായ പ്രാര്‍ത്ഥന
ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാം 3 ത്രിത്വസ്തുതി

ഗാനം
കരുണയും സ്‌നേഹവും നിറയുന്നൊരമ്മ
വല്ലാര്‍പാടത്തമ്മേ
നിന്‍ മുന്നില്‍ നില്‍ക്കുമീ അടിമകള്‍ ഞങ്ങളില്‍
വരമാരി ചൊരിയണമേ
അമ്മയ്ക്കും കുഞ്ഞിനും കായലിന്‍ ആഴത്തില്‍
അഭയം നീ നല്‍കിയല്ലോഅമ്മേ
അഴലിന്റെ കായലില്‍ കേഴുന്ന മക്കള്‍ക്ക്
അഭയമായി കായലില്‍ കേഴുന്ന മക്കള്‍ക്ക്
ദൈവകുമാരന് മാതാവായ്ത്തീര്‍ന്ന നീ
നേര്‍വഴി കാട്ടിടേണേഅമ്മേ
ഞങ്ങളും നിന്‍ദിവ്യസൂനുവോടൊന്നിക്കാന്‍
നല്‍വരം നല്‍കേണമേ. കരുണയും.....

സുവിശേഷ വായന :
പ്രസംഗം  :

രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥന
വൈദികന്‍: നമ്മുടെ സഹായം കര്‍ത്താവിന്റെ നാമത്തില്‍
ജനങ്ങള്‍: ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിന്റെ നാമത്തില്‍
വൈദികന്‍: കര്‍ത്താവേ എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ജനങ്ങള്‍: എന്റെ നിലവിളി അങ്ങെ പക്കല്‍ എത്തുകയും ചെയ്യട്ടെ
വൈദികന്‍: കര്‍ത്താവ് നിങ്ങളോടുകൂടെ
ജനങ്ങള്‍: അങ്ങയോടും കൂടെ

സര്‍വ്വശക്തനുംകാരുണ്യവാനുമായ ദൈവമേ, ഞങ്ങളുടെയും ഞങ്ങളുടെ സഹോദരരുടെയും ശാരീരികവും മാനസികവുമായ സര്‍വവിധ രോഗങ്ങളും കുറവുകളും അവ മൂലമുണ്ടാകുന്ന വേദനകളും നഷ്ടങ്ങളും അങ്ങേയ്ക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.  സഹനത്തിന്റെ രക്ഷാകരമൂല്യം മനസ്സിലാക്കുവാനും അങ്ങേ ദിവ്യപുത്രന്റെ കരസ്പര്‍ശനത്താല്‍ ഞങ്ങള്‍ അതിവേഗം സുഖംപ്രാപിച്ച് ജീവിതകര്‍ത്തവ്യങ്ങള്‍ നിറവേറ്റുവാനും അങ്ങ് ഞങ്ങളെ സഹായിക്കണമേ.  ഈ അനുഗ്രഹങ്ങള്‍ അങ്ങേ വത്സലപുത്രന്റെ മാതാവും ഞങ്ങളുടെ മധ്യസ്ഥയുമായ വല്ലാര്‍പാടത്തമ്മ വഴി ഞങ്ങള്‍ക്കു നല്‍കണമേ.
ജനങ്ങള്‍: ആമ്മേന്‍

ആശിര്‍വാദം
പിതാവിനോടും പരിശുദ്ധാരൂപിയോടുംകൂടെ നിത്യമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന കര്‍ത്താവിശോമിശിഹാ നിങ്ങളെ സംരക്ഷിക്കുവാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.  നിങ്ങളെ ശക്തരാക്കുവാന്‍ നിങ്ങളില്‍ സന്നിധിചെയ്യട്ടെ.നിങ്ങളുടെ വഴികാട്ടിയായി നിങ്ങളുടെ മുന്നിലും നിങ്ങളുടെ കാവല്‍ക്കാരനായി നിങ്ങളുടെ പിന്നിലും നിങ്ങളെ അനുഗ്രഹിക്കുവാനായി നിങ്ങളുടെ മുകളിലും ഉണ്ടായിരിക്കട്ടെ. പിതാവും പുത്രനും പരിശുദ്ധാരൂപിയുമാകുന്ന സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളുടെ മേല്‍ ഇറങ്ങുകയും നിങ്ങളില്‍ നിത്യം നിലനില്‍ക്കുകയും ചെയ്യട്ടെ.  ആമ്മേന്‍

തീര്‍ത്ഥം തളിക്കുന്നു
ഗാനം
ദൈവകുമാരനു മാതാവാകാന്‍
സമ്മതമരുളീ മറിയം
മനുജകുലത്തിനു മോചനമേകാന്‍
സഹരക്ഷകയായ് മറിയം
സഹരക്ഷകയായ് മറിയം
വല്ലാര്‍പാടത്തമ്മേ
വല്ലഭമുള്ളോരമ്മേ
വല്ലായ്മയെല്ലാം നീക്കണേ
എല്ലാദു:ഖവും മാറ്റണേ

ജീവിതമലകടലാകുമ്പോള്‍
ഭീതിയകറ്റും മറിയം
സന്തോഷത്തിന്‍ തീരംകാട്ടും
ശാന്തിയണയ്ക്കും മറിയം

പരി.കുര്‍ബാനയുടെ ആശിര്‍വാദം
മോക്ഷകവാടം തുറക്കും
രക്ഷാകരം ഓസ്തിയേ
ശത്രുവിന്നണികള്‍ തകര്‍ക്കാന്‍
ശക്തിയും തുണയും തരേണം

ത്രിതൈ്വക ദൈവത്തിനെന്നും
സ്‌തോത്രമുണ്ടായിടേണം
സ്വര്‍ഗത്തിലങ്ങേ വണങ്ങാന്‍
ഞങ്ങള്‍ക്ക് കൃപ നല്‍കിടേണം, ആമ്മേന്‍

സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം
ജീവന്‍ നല്‍കുമൊരപ്പം നീ
മര്‍ത്യനു മുക്തി പകര്‍ന്നരുളും
നിത്യമഹോന്നതമപ്പം നീ

മാനവരേ മോദമോടെ
നാഥനെ വാഴ്ത്തിപ്പാടിടുവാന്‍
ദൈവത്തിന്‍ പരിപാവനമാം
സന്നിധി ചേര്‍ന്നു വണങ്ങിടുവിന്‍  (2)  സ്വ.....
ദിവ്യശരീരം മാനവനായ്
നല്‍കിയ നാഥനെ വാഴ്ത്തിടുവിന്‍
ദിവ്യനിണത്താല്‍ പാപികളെ
നേടിയനാഥനെ വാഴ്ത്തിടുവിന്‍  (2) സ്വ.....

പുരോ: പരിശുദ്ധ ശരീരത്താലും
വിലയേറിയ രക്തത്താലും
പാപത്തിന്‍ കറകളില്‍ നിന്നും
മര്‍ത്യനു നീ മോചനമേകി

ജനം: സകലേശാ ദിവ്യകടാക്ഷം
തുകണമേ വല്‍സലസുതരില്‍
നിര്‍മ്മലരായ് ജീവിച്ചുടുവാന്‍
ചിന്തണമേ ദിവ്യ വരങ്ങള്‍

ഭക്ത്യാ വണങ്ങുക
ഭക്ത്യാ വണങ്ങുക സാഷ്ടാംഗം വീണു നാം
ഏറ്റം മഹത്താമീ കൂദാശയെ

നവ്യ നിയമത്തില്‍ കര്‍മ്മങ്ങള്‍ വന്നല്ലോ
പൂര്‍വ്വികം സാദരം  മാറി നില്‍പ്പൂ
ഇന്ദ്രിയങ്ങള്‍ക്കെഴും പോരായ്മയൊക്കെയും
തീര്‍ക്കുക വിശ്വാസ ദിവ്യദീപ്തി
ദൈവപിതാവിനും തന്നേകജാതനും
സ്‌തോത്രമുണ്ടാകണം നിത്യകാലം
സ്വസ്തിയും കീര്‍ത്തിയും ശക്തിയുമാര്‍ന്നെന്നും
വാഴുക ത്രിതൈ്വകദൈവം,  ആമ്മേന്‍
വാക്യം: സ്വര്‍ഗ്ഗത്തില്‍ നിന്നവര്‍ക്കപ്പമേകിയല്ലോ
പ്രതിവാക്യം: എല്ലാ സ്വാദും തികഞ്ഞൊരപ്പമേകിയല്ലോ

നമുക്കു പ്രാര്‍ത്ഥിക്കാം
ദൈവമേ, അങ്ങയുടെ പീഡാനുഭവത്തിന്റെ സ്മാരകമായി വിസ്മയാവഹമായ ഈ കൂദാശ ഞങ്ങള്‍ക്കു നല്‍കിയല്ലോ.   അങ്ങയുടെ പരിത്രാണത്തിന്‍ഫലം ഞങ്ങള്‍ നിരന്തരം അനുഭവിക്കുമാറ് അങ്ങയുടെ  തിരുശരീരത്തിന്റെയും, തിരുരക്തത്തിന്റെയും ദിവ്യരഹസ്യങ്ങള്‍ എന്നും വണങ്ങുവാന്‍ അനുഗ്രഹം അരുളണമേ എന്ന്, നിത്യമായി ജീവിച്ചുവാഴുന്ന അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.   ആമ്മേന്‍

ദിവ്യസ്തുതികള്‍
ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ
അവിടത്തെ തിരുനാമം വാഴ്ത്തപ്പെട്ടതാകട്ടെ
സത്യദൈവവും സത്യമനുഷ്യനുമാകുന്ന
ഈശോമിശിഹാ വാഴ്ത്തപ്പെട്ടവനാകട്ടെ
ഈശോയുടെ നാമം വാഴ്ത്തപ്പെട്ടതാകട്ടെ
ഈശോയുടെ ഏറ്റവും പരിശുദ്ധമായ
ഹൃദയം വാഴ്ത്തപ്പെട്ടതാകട്ടെ
അവിടത്തെ ഏറ്റവും വിലയേറിയ രക്തം വാഴ്ത്തപ്പെട്ടതാകട്ടെ
അള്‍ത്താരയില്‍ ഏറ്റവും പരിശുദ്ധമായ
കൂദാശയില്‍ ഈശോ വാഴ്ത്തപ്പെട്ടവനാകട്ടെ
ആശ്വാസപ്രദമായ പരിശുദ്ധാത്മാവ് വാഴ്ത്തപ്പെട്ടവനാകട്ടെ 
ദൈവത്തിന്റെ മഹത്വമേറിയ മാതാവും ഏറ്റവും 
പരിശുദ്ധയുമായ മറിയം വാഴ്ത്തപ്പെട്ടവളാകട്ടെ. 
അവിടുത്തെ മഹത്തായ സ്വര്‍ഗ്ഗാരോപണം വാഴ്ത്തപ്പെട്ടതാകട്ടെ. 
കന്യകയും മാതാവുമായ മറിയത്തിന്റെ നാമം വാഴ്ത്തപ്പെട്ടതാകട്ടെ. 
അവിടത്തെ ഏറ്റവും വിരക്തനായ ഭര്‍ത്താവ് 
വിശുദ്ധ യൗസേഫ് വാഴ്ത്തപ്പെട്ടവനാകട്ടെ. 
ദൈവം തന്റെ മാലാഖമാരിലും തന്റെ 
വിശുദ്ധരിലും വാഴ്ത്തപ്പെട്ടവനാകട്ടെ. 

ഉപസംഹാരഗാനം
നന്മനിറഞ്ഞ കന്യാമറിയം
വരദാനങ്ങള്‍ ചൊരിയും
അനുഗ്രഹഗ്രാമം വല്ലാര്‍പാടം
സുകൃതം വിരിയും തിരുനിലയം

ജയ ജയ രക്ഷക ജനനീ
ജയ ജയ നരകുലതായേ
ജയ ജയ വാനവാറാണി ജയ ജയ
വല്ലാര്‍പാടത്തമ്മേ

വിശ്വാസത്തിന്‍ പൊന്‍ നാളങ്ങള്‍
മങ്ങാതെന്നും ഞങ്ങളിലമ്മേ
തെളിഞ്ഞു നില്‍ക്കാന്‍ കൃപയേകണമേ
വരദായിനിയാം അമ്മേ
ജയ ജയ.....

സ്‌നേഹത്തിന്‍ തിരുവഴികളിലൂടെ
സ്വര്‍ഗ്ഗം ചേരാന്‍ കനിയണമേ
ആകുലമാനസരായവര്‍ ഞങ്ങള്‍
ക്കഭയം നല്‍കുന്നമ്മേ

ജയ ജയ രക്ഷക ജനനീ
ജയ ജയ നരകുലതായേ
ജയ ജയ വാനവാറാണി ജയ ജയ
വല്ലാര്‍പാടത്തമ്മേ