റോസമിസ്റ്റിക്ക മാതാവിനോടുള്ള നൊവേന
പ്രാരംഭ ഗാനം (നിത്യവിശുദ്ധയാം കന്യാമറിയമേ...എന്ന രീതി
യേശുവിന്‍ അമ്മയായ് പാരില്‍ വിളങ്ങുന്ന
റോസ മിസ്റ്റിക്ക മാതാവേ
വാഴ്ത്തുന്നു നിന്‍ നാമം മോദമോടെന്നെന്നും
പരിമളനാഥേ മാതാവേ (2)
സ്വര്‍ഗ്ഗപിതാവിന്റെ വത്സലപുത്രീ നീ
പുത്രനാം യേശുവിന്‍ അമ്മേ (2)
പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണു നീ
റോസാപുഷ്പം നീ അമ്മേ...എന്നും
റോസാപുഷ്പം നീ അമ്മേ. (യേശുവിന്‍ അമ്മയായ്...)
ജീവിതദു:ഖത്താല്‍ മാനസം നീറുമ്പോള്‍
ആശ്രയമേകിടും അമ്മേ (2)
കൈവിടാതെന്നെ നീ കാത്തുരക്ഷിക്കണേ
അലിവോടെ നിന്‍ കരതാരില്‍...എന്നും
അലിവോടെ നിന്‍ കരതാരില്‍. (യേശുവിന്‍ അമ്മയായ്...)
പ്രാരംഭപ്രാര്‍ത്ഥന
കാര്‍മ്മികന്‍: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍
സമൂഹം: ആമ്മേന്‍
കാര്‍മി: സര്‍വ്വശക്തനും പിതാവുമായ ദൈവമേ, (സമുഹവും ചേര്‍ന്ന്) ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കുമായി ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ അമ്മയാകുവാന്‍ കന്യകാമറിയത്തെ തെരഞ്ഞെടുക്കുകയും ഉത്ഭവപാപത്തില്‍ നിന്നും രക്ഷിക്കുകയും പ്രസാദവരത്താല്‍ നിറയ്ക്കുകയും ചെയ്ത കര്‍ത്താവേ ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു. കാനായിലെ കല്യാണവിരുന്നില്‍വച്ച് അമ്മയുടെ അപേക്ഷ പരിഗണിച്ച് അത്ഭുതം പ്രവര്‍ത്തിച്ച ഈശോയേ പരിമളനാഥയായ പരിശുദ്ധ കന്യകാമറിയം വഴിയായി ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കരുണാപൂര്‍വ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.
മദ്ധ്യസ്ഥ പ്രാര്‍ത്ഥന
കാര്‍മ്മി: ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റേയും മാതാവും മദ്ധ്യസ്ഥയും സഹായിയും സംരക്ഷകയുമായ അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. മനുഷ്യകുലത്തെ തിന്‍മയുടെ സ്വാധീനത്തില്‍നിന്നും മോചിപ്പിക്കുന്നതിനുവേണ്ടി ലോകത്തിലെ വിവിധസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അനുതാപത്തിനും പ്രായശ്ചിത്തത്തിനും പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്യുന്ന പരിശുദ്ധ അമ്മേ, അങ്ങയുടെ മാദ്ധ്യസ്ഥത്തിന്റെ ശക്തിയാല്‍ ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായിക്കണമേ.
സമൂഹം: ആമ്മേന്‍
കാര്‍മ്മി: പരിശുദ്ധ കന്യകാമറിയമേ,(സമൂഹവും ചേര്‍ന്ന്) തന്റെ പുത്രനായ ഈശോയ്ക്ക് ആത്മാക്കളെ നേടുന്നതിതനായി റോസ മിസ്റ്റിക്ക എന്ന പേരു സ്വീകരിച്ച അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. സ്വര്‍ഗ്ഗീയപിതാവിന്റെ ഏറ്റവും കറയില്ലാത്ത പുത്രിയാണെന്നു സൂചിപ്പിക്കുന്ന വെള്ള റോസാപുഷ്പവും ദൈവപുത്രന്റെ അമ്മയാണെന്നു സൂചിപ്പിക്കുന്ന ചുവന്ന റോസാപുഷ്പവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണെന്നു സൂചിപ്പിക്കുന്ന സ്വര്‍ണ്ണ നിറത്തിലുള്ള റോസാ പുഷ്പവും നെഞ്ചില്‍ സംവഹിക്കുന്ന മാതാവേ പ്രാര്‍ത്ഥന, അനുതാപം, പരിഹാരം കൂദാശകളുടെ യോഗ്യമായ സ്വീകരണം എന്നിവവഴി ആത്മാവില്‍ ശക്തിപ്പെടാനുള്ള കൃപാവരം അങ്ങേ തിരുക്കുമാരനില്‍ നിന്നും ഞങ്ങള്‍ക്ക് വാങ്ങിത്തരണമേ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാനും അതുവഴി തിന്‍മയുടെയും അന്ധകാരത്തിന്റെയും ശക്തിക്ക് എതിരായി പോരാടുവാനും ഞങ്ങളെ ശക്തരാക്കണമേ.
പാപികളുടെ നിത്യനാശത്തില്‍ കണ്ണുനീര്‍ ചിന്തുന്ന മാതാവേ തെറ്റായ പാതയിലുടെ സഞ്ചരിക്കുന്ന മക്കള്‍ക്ക് ഞങ്ങളുടെ തെറ്റുകളോര്‍ത്ത് അനുതപിക്കുവാനും സുവിശേഷത്തില്‍ വിശ്വസിച്ചുകൊണ്ട് നന്‍മയുടെ പാതയില്‍ ചരിക്കുവാനും വേണ്ട കൃപാവരം വാങ്ങി നല്‍കണമേ ജീവിതഭാരത്താല്‍ തളരുന്നവരെയും ആശ്വാസമില്ലാതെ അലയുന്നവരെയും മാതൃസ്‌നേഹത്തിന്റെ കരം നീട്ടി ശക്തിപ്പെടുത്തണമേ ഈ ലോകത്തിന്റെ കളങ്കമേശാതെ ജീവിക്കുവാനും പ്രലോഭനങ്ങളെ ധൈര്യപൂര്‍വ്വം നേരിടുവാനും ഞങ്ങളെ ശക്തരാക്കണമേ. എല്ലാറ്റിനുമുപരിയായി ഇപ്പോള്‍ ഞങ്ങള്‍ യാചിക്കുന്ന പ്രത്യേക അനുഗ്രഹം (പ്രത്യേക ആവശ്യം പറയുക) അങ്ങയുടെ തിരുക്കുമാരന്റെ സന്നിധിയില്‍ ഉണര്‍ത്തിച്ച് ഞങ്ങള്‍ക്ക് സാധിച്ചുതരികയും ചെയ്യണമേ. ആമ്മേന്‍.
സുവിശേഷ വായന
(ഏതെങ്കിലുമൊരുഭാഗം വായിക്കുക)
ലൂക്കാ 1:26-38, യോഹ 2:1-12, 19:25-27
കാര്‍മ്മി. വിശുദ്ധ ലൂക്കാ യോഹന്നാന്‍ അറിയിച്ച നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സുവിശേഷം
സമൂഹം: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി.
(വി.ഗ്രന്ഥത്തില്‍ നിന്നും സുവിശേഷം വായിക്കുന്നു. വായിച്ചു കഴിയുമ്പോള്‍ ആവശ്യമെങ്കില്‍ ചെറിയൊരു സന്ദേശം നല്‍കുന്നു).
സമൂഹപ്രാര്‍ത്ഥന
കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും ഭക്തിയോടും കൂടെനിന്ന് റോസ മിസ്റ്റിക്ക മാതാവിനെ ധ്യാനിച്ചുകൊണ്ട് 'റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്ന് പ്രാര്‍ത്ഥിക്കാം.
സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
കാര്‍മ്മി: ഞങ്ങളുടെ അമ്മയായ പരിശുദ്ധ മറിയമേ, അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിതരായ ഞങ്ങളേയും. എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും പൈശാചികശക്തികളുടെ ഉപദ്രവങ്ങളില്‍ നിന്നും കാത്തുരക്ഷിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.
സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
കാര്‍മ്മി: പരിശുദ്ധയും നിര്‍മ്മലയുമായ കന്യാകാമാതാവേ, വിവാഹജീവിതം നയിക്കുന്ന എല്ലാ ദമ്പതികളും പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും വളര്‍ന്നു വരുവാനും മക്കളെ ഭക്തിതീക്ഷണതയില്‍ വളര്‍ത്തുവാനും വേണ്ട അനുഗ്രഹത്തിനായി ഞങ്ങള്‍ അപേക്ഷിക്കുന്നു.
സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
കാര്‍മ്മി: യേശുവിനെ ഉദരത്തില്‍ വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച പരിശുദ്ധ മറിയമേ, സന്താനസൗഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് സന്താനസൗഭാഗ്യം ലഭിക്കുന്നതിനുവേണ്ടി ഞങ്ങള്‍ അപേക്ഷിക്കുന്നു.
സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
കാര്‍മ്മി: ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളും ക്ഷമാപൂര്‍വ്വം തരണം ചെയ്ത പരിശുദ്ധ മാതാവേ, ഞങ്ങളുടെ അനുദിന ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളിലും പ്രയാസങ്ങളിലും അസ്വസ്ഥരാകാതെ സമചിത്തതയോടെ അവയെ നേരിടുവാനുള്ള അനുഗ്രഹത്തിനായി ഞങ്ങള്‍ അപേക്ഷിക്കുന്നു.
സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
കാര്‍മ്മി: സ്വന്തമായി ഭവനം ലഭിക്കാതെ ബേത്‌ലഹെമിലെ കാലിത്തൊഴത്തില്‍ ഉണ്ണിയേശുവിന് ജന്മമേകിയ പരിശുദ്ധ മറിയമേ, ഭവനമില്ലാത്തവര്‍ക്ക് ഭവനവും ജോലിയില്ലാത്തവര്‍ക്ക് ജോലിയും കടബാദ്ധ്യതയില്‍പെട്ട് വിഷമിക്കുന്നവര്‍ക്ക് ആശ്വാസവും ലഭിക്കുന്നതിനുവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
കാര്‍മ്മി. വിവിധരോഗങ്ങളാല്‍ ആശുപത്രികളിലും വീടുകളിലും കഴിയുന്നവര്‍ക്ക് സൗഖ്യം ലഭിക്കുവാനും പരാശ്രയമില്ലാതെ വിഷമിക്കുന്ന വൃദ്ധജനങ്ങള്‍ക്കും അനാഥര്‍ക്കും ആശ്വാസം ലഭിക്കുവാനുംവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
കാര്‍മ്മി: ബേത്‌ലഹെംമുതല്‍ കാല്‍വരിവരെ യേശുവിന്റെ രക്ഷാകരപദ്ധതിയില്‍ അവനെ പിന്‍തുടര്‍ന്ന പരിശുദ്ധ മാതാവേ സ്വര്‍ഗം ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ ജീവിതയാത്രയില്‍ വഴിതെറ്റാതെ മുന്നേറുവാന്‍ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.
സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
കാര്‍മ്മി: ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റേയും മനുഷ്യരുടേയും മുമ്പില്‍ പ്രീതിയിലും ഉണ്ണീശോയെ വളര്‍ത്തിയ പരിശുദ്ധ മറിയമേ ഞങ്ങളുടെ മക്കളെ ചീത്തകുട്ടുകെട്ടുകളില്‍ നിന്നും ദു:ശ്ശീലങ്ങളുടെ അടിമത്തത്തില്‍നിന്നും കാത്തുസംരക്ഷിക്കണമെന്നും ദൈവികജ്ഞാനത്തിലും ശക്തിയിലും വളര്‍ന്നുവരുവാന്‍ അവരെ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
കാര്‍മ്മി: തിരുകുടുംബത്തിന്റെ നാഥയായ പരിശുദ്ധ മറിയമേ, വിവാഹപ്രായം കഴിഞ്ഞിട്ടും പലവിധകാരണങ്ങളാല്‍ വിവാഹം കഴിക്കാന്‍ സാധിക്കാതെ വിഷമിക്കുന്ന യൂവതീയുവാക്കള്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളികളെ ലഭിക്കുന്നതിനുവേണ്ടി ഞങ്ങള്‍ അപേക്ഷിക്കുന്നു.
സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
കാര്‍മ്മി: നിത്യസമര്‍പ്പിതയായ പരിശുദ്ധ മറിയമേ, തിരുസഭയില്‍ സമര്‍പ്പിതരായി കഴിയുന്ന എല്ലാ വൈദികര്‍ക്കും സന്ന്യാസിനീ സന്ന്യാസികള്‍ക്കും ജീവിതവിശുദ്ധിയില്‍ നില്‍നില്‍ക്കുന്നതിനാവശ്യമായ അനുഗ്രഹം ലഭിക്കുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂഹം: റോസ മിസ്റ്റിക്ക മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
കാര്‍മ്മി: ഓരോരുത്തരുടെയും പ്രത്യേക നിയോഗങ്ങള്‍ അമ്മയുടെ സന്നിധിയില്‍ സമര്‍പ്പിക്കുക.
കൃതജ്ഞതാപ്രകാശനം
കാര്‍മ്മി: പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയാല്‍ നമുക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങളെയും ഓര്‍ത്ത് പരിശുദ്ധ മറിയത്തോടു ചേര്‍ന്ന് നമുക്കും ദൈവത്തെ സ്തുതിക്കാം.
മറിയത്തിന്റെ സ്‌തോത്രഗീതം (ലൂക്കാ 1: 46-55)
(സമൂഹവും ചേര്‍ന്ന്)
എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും. അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു ശക്തന്‍മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു. എളിയവരെ ഉയര്‍ത്തിവിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍കൊണ്ട് സംതൃപ്തരാക്കി. സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.
സമാപനനാശിര്‍വാദം (വൈദികനുള്ളപ്പോള്‍)
കാര്‍മ്മി: തന്റെ പ്രിയപുത്രനായ ഈശോമിശിഹായുടെ അമ്മയാകുവാന്‍ പരിശുദ്ധ കന്യകാമറിയത്തെ തെരഞ്ഞെടുക്കുകയും ഉത്ഭവപാപത്തില്‍ നിന്നും രക്ഷിക്കുകുയും പ്രസാദവരത്താല്‍ നിറയ്ക്കുകയും ചെയ്ത ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. തന്റെ അമ്മയായ മറിയത്തെ മനുഷ്യകുലത്തിന് മുഴുവന്‍ അമ്മയും മദ്ധ്യസ്ഥയുമായി നല്‍കിയ മിശിഹാ നിങ്ങളെ അനുഗ്രഹിക്കട്ടെ. ആ അമ്മയുടെ സംരക്ഷണയില്‍ നിര്‍മ്മലരും പരിശുദ്ധരുമായി ജീവിക്കുവാന്‍ അവിടുന്നു നിങ്ങളെ സഹായിക്കട്ടെ. നിങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും പ്രവര്‍ത്തനമണ്ഡലങ്ങളിലും മറിയത്തിന്റെ സംരക്ഷണം നിത്യം നിലനില്‍ക്കട്ടെ. നിങ്ങളുടെ ആവശ്യങ്ങള്‍ മറിയത്തിന്റെ പ്രാര്‍ത്ഥനവഴി ദൈവം നിങ്ങള്‍ക്കായി സാധിച്ചുതരട്ടെ.എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും കഷ്ടതകളിലും ദുരിതങ്ങളിലും നിന്ന് കര്‍ത്താവു നിങ്ങളെ കാത്തു സംരക്ഷിക്കട്ടെ. എല്ലാറ്റിനുമപരി പാപത്തില്‍നിന്നൊഴിഞ്ഞ് ജീവിക്കുവാനും ദൈവസ്‌നേഹത്തില്‍വളര്‍ന്ന് നിത്യസൗഭാഗ്യം പ്രാപിക്കുവാനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും സംരക്ഷണവും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും
സമൂഹം: ആമ്മേന്‍
വൈദികനില്ലാത്തപ്പോള്‍ ചൊല്ലാവുന്ന സമാപന പ്രാര്‍ത്ഥന
കാര്‍മ്മി: ഈശോമിശിഹായുടെ അമ്മയാകുവാന്‍ പരിശുദ്ധ കന്യകാമറിയത്തെ തെരഞ്ഞെടുത്ത പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. തന്റെ അമ്മയായ മറിയത്തെ മനുഷ്യകുലത്തിന് മുഴുവന്‍ മാതാവായി നല്‍കിയ മിശിഹാ നമ്മെ എല്ലാവരെയും അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. ദൈവഹിതത്തിന് പൂര്‍ണ്ണമായി കീഴ്‌വഴങ്ങിയ പരിശുദ്ധ അമ്മയെ അനുകരിച്ച് ദൈവവചനമനുസരിച്ച് ജീവിച്ചുകൊണ്ട് നിത്യജീവിതത്തിന് അവകാശികളായിത്തീരാന്‍ മിശിഹാ നമ്മെ സഹായിക്കട്ടെ. റോസ മിസ്റ്റിക്ക മാതാവിന്റെ മാദ്ധ്യസ്ഥവും സംരക്ഷണവും നാമെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും.
സമൂഹം: ആമ്മേന്‍
സമാപനഗാനം (ഈ സമയം കാര്‍മ്മികന്‍ വിശ്വാസികളുടെമേല്‍ പനിനീര്‍ തളിക്കുന്നു).
പരിമളനാഥേ മാതാവേ
വാഴ്ത്തുന്നു നിന്‍ തിരുനാമം
റോസാ മിസ്റ്റിക്ക മാതാവേ
പാടുന്നു നിന്‍ സ്തുതിഗീതം (പരിമളനാഥേ...)
നന്ദിയെഴും നല്‍സ്തുതി പാടാം
മുദ്രമൊടു ജപമാലയുമേകാം
മിഴിനീര്‍പൂക്കള്‍ ചേര്‍ത്തുകൊരുത്തൊരു
പൂമാലയുമര്‍പ്പിച്ചിടാം (2) (പരിമളനാഥേ...)
നീയാണമ്മേ മാദ്ധ്യസ്ഥം
നീയാണമ്മേ എന്‍ശരണം
എന്‍ഹൃദയത്തില്‍ പരിമളമേകും
പനിനീര്‍പുവൂം നീയമ്മേ (2) (പരിമള നാഥേ...)
താതന്നും തന്‍ സുനുവിനും
റൂഹായ്ക്കും പ്രിയ താരകമേ
ത്രീലോകത്തില്‍ ഭാഗ്യമെഴുന്നൊരു
സ്വര്‍ണ്ണകിരീടം നീയമ്മേ (2) (പരിമള നാഥേ...)