പ്രത്യേകമായ അനുഗ്രഹങ്ങള്‍ക്കോ ഉപകാരസിദ്ധിക്കോ, അപേക്ഷകള്‍ക്കോവേണ്ടി നടത്തപ്പെടുന്ന, ഒന്‍പതു ദിവസം നീണ്ട ഒരു പ്രാര്‍ത്ഥനാ പരമ്പരായാണ് നൊവേന.  ഇത് സ്വകാര്യമായോ സമൂഹമായോ നടത്താവുന്നതാണ്.

ലത്തീന്‍പദമായ (Novem)-ല്‍ (ഒന്‍പത് എന്നര്‍ത്ഥം) നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. നൊവേനകളുടെ ഉത്ഭവത്തെപ്പറ്റി പല കാഴ്ചപ്പാടുകളുമുണ്ട്.  ആദിമ ക്രൈസ്തവസഭയുടെ സാമൂഹികചുറ്റുപാടുകള്‍, ദൈവശാസ്ത്രവീക്ഷണങ്ങള്‍, വിശുദ്ധലിഖിതങ്ങളിലെ സംഭവവിവരണങ്ങള്‍ എന്നിങ്ങനെ പലതുമായും ബന്ധപ്പെട്ടവയാണ് ഇവയൊക്കെയും തന്നെ. 

പ്രധാനമായും നാലു വിഭാഗം നൊവേനകളാണുള്ളത്.  വിലാപത്തിന്റെ, ഒരുക്കത്തിന്റെ, പ്രാര്‍ത്ഥനയുടെ, കരുണയുടെ. ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ക്കും, പ.കന്യാമറിയത്തിന്റെയും സഭയിലെ വിശുദ്ധരുടെയും മാദ്ധ്യസ്ഥം അപേക്ഷിച്ചുകൊണ്ടും മറ്റുമുള്ള പല നൊവേനകളും  പ്രചാരത്തിലുണ്ട്.  ലിറ്റര്‍ജിയില്‍ പ്രത്യേക സ്ഥാനമില്ലെങ്കിലും പ.സിംഹാസനം അനുവദിച്ചിട്ടുള്ളതും, ശുപാര്‍ശ ചെയ്യുന്നതുമായ ഒരു ഭക്താനുഷ്ഠാനമാണ് നൊവേനകള്‍.