ഞാന്‍ ഭൂമി ഉണ്ടാക്കി, അതില്‍ മനുഷ്യനെ സൃഷ്ടിച്ചു. എന്റെ കരങ്ങളാണ് ആകാശത്തെ വിരിച്ചത്. ഞാന്‍ തന്നെയാണ് ആകാശസൈന്യങ്ങളോട് ആജ്ഞാപിച്ചതും (ഏശയ്യാ  45:12).

ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും (മത്തായി 19:5).

നിന്റെ യൗവനത്തിലെ ഭാര്യ, അനുഗൃഹീതയായിരിക്കട്ടെ; അവളില്‍ ആനന്ദം കൊള്ളുക (സുഭാഷിതങ്ങള്‍ 5:18).

ഉത്തമയായ ഭാര്യ ഭര്‍ത്താവിന്റെ കിരീടം; അപമാനം വരുത്തിവയ്ക്കുന്നവള്‍ അവന്റെ അസ്ഥികളിലെ അര്‍ബുദവും (സുഭാഷിതങ്ങള്‍ 12:4).

സൂര്യനു കീഴേ ദൈവം നിനക്കു നല്‍കിയിരിക്കുന്ന വ്യര്‍ഥമായ ജീവിതം നീ സ്‌നേഹിക്കുന്ന ഭാര്യയോടൊത്ത് ആസ്വദിക്കുക, കാരണം, അതു നിന്റെ ജീവിതത്തിന്റെയും സൂര്യനു കീഴേ നീ ചെയ്യുന്ന പ്രയത്‌നത്തിന്റെയും ഓഹരിയാണ് (സഭാപ്രസംഗകന്‍ 9:9).

ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും (ഉല്‍പത്തി 22:17).

നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും (സങ്കീര്‍ത്തനങ്ങള്‍ 37:5).

അവന്‍ നിന്നെയും നിന്റെ കുടുംബത്തെയും സ്‌നേഹിക്കുകയും നിന്നോടുകൂടെ താമസിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നതുകൊണ്ട്, ഞാന്‍ നിന്നെ പിരിഞ്ഞുപോവുകയില്ല (നിയമാവര്‍ത്തനം 15:16 ).