രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥന

ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യം എന്നരുളിച്ചെയ്തുകൊണ്ട് രോഗികളോടും പീഢിതരോടും അവശരോടും അങ്ങ് സവിശേഷമായ പരിഗണനയും സ്‌നേഹവും പ്രകടിപ്പിക്കുന്നു. ആത്മീയമായും ശാരീരികമായും അവശത അനുഭവിക്കുന്ന രോഗികളെ അങ്ങ് സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും സൗഖ്യപ്പെടുത്തുകയും ചെയ്യുന്നു. അങ്ങേ മാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റേയും ഞങ്ങളുടെ പ്രത്യേകമദ്ധ്യസ്ഥരായ വിശുദ്ധരുടേയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടേയും സുകൃതങ്ങളും പ്രാര്‍ത്ഥനകളും പരിഗണിച്ച് രോഗത്താല്‍ വലയുന്ന ഞങ്ങളുടെ ഈ സഹോദരനോട് / സഹോദരിയോട് (പേര് പറയുക) കരുണ കാണിക്കണമേ. എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനും ഉപകരിക്കത്തക്കവിധം ക്ഷമയോടും സന്തോഷത്തോടും ദൈവതിരുമനസ്സിനോടുള്ള വിധേയത്വത്തോടുംകൂടെ  ശാന്തമായി സ്വീകരിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‌കേണമേ. ഇയാളെ (ഇവരെ) ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്നവരെ അങ്ങ് അനുഗ്രഹിക്കേണമേ. രോഗികളുടെ ആശ്രയമായ ഈശോയെ, ഈ സഹോദരന്റെ സഹോദരിയുടെ പക്കല്‍ അങ്ങ് കാവലിരിക്കുകയും പാപപ്പൊറുതിയും ശരീരസൗഖ്യവും നല്കി അനുഗ്രഹിക്കുകയും ചെയ്യണമേ. ആമ്മേന്‍.

തിരുവചനം

അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു. നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു (സങ്കീര്‍ത്തനങ്ങള്‍ 103:3).  

അപ്പോള്‍ തങ്ങളുടെ കഷ്ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു.  അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു. അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി, വിനാശത്തില്‍നിന്നു വിടുവിച്ചു (സങ്കീ 107:19-20).

നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്‍മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ.  വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും. കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും, അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും (യാക്കോബ് 5:14-15).

+++