ഗര്‍ഭിണികളുടെ പ്രാര്‍ത്ഥന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍. മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിക്കുകയും പുരുഷനു പിതൃത്വവും സ്ത്രീക്കു മാതൃത്വവും നല്കുകയും ചെയ്ത ദൈവമേ എന്നെ ഒരു മാതാവാക്കി ഉയര്‍ത്തിയതിന് അങ്ങയോടു ഞാന്‍ നന്ദി പറയുന്നു. അങ്ങയുടെ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയാകുവാന്‍ അനുവദിച്ച അങ്ങുതന്നെ, എന്റെ ഉദരത്തില്‍ ഉത്ഭുതമായിരിക്കുന്ന ശിശുവിനെ ആരോഗ്യവും സൗന്ദര്യവും നല്കി അനുഗ്രഹിക്കണമേ. ആശയും ആശങ്കയും മാറി മാറി വരികയും ഞാന്‍ ബലഹീനയായി ഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ അങ്ങയുടെ ദിവ്യസാന്നിദ്ധ്യത്താലും ചൈതന്യത്താലും എന്നെ ധൈര്യവതിയാക്കണമേ. മാതൃത്വംവഴി സ്ത്രീ അനുഗൃഹീതയാകണമെന്ന് ആഗ്രഹിക്കുന്ന ദൈവമേ, മാതൃത്വത്തോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ആശങ്കകളേയും ക്ലേശങ്ങളേയും സമചിത്തതയോടെ നേരിടുവാന്‍ പ്രാപ്തയാക്കണമേ. വേദന സഹിച്ചുകൊണ്ടാണെങ്കിലും ഒരു കുഞ്ഞിന്റെ മുഖം കണ്ടു സന്തോഷിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ എന്നെ നയിക്കേണമേ. പരിശുദ്ധ കന്യകാമറിയത്തെ അങ്ങയുടെ  തിരുസൂതന്റെ മാതാവാക്കി ഉയര്‍ത്തികൊണ്ടു മാതൃത്വത്തെ മഹത്വപ്പെടുത്തിയ ദൈവമേ,  എന്നേയും എന്റെ ശിശുവിനെയും അനുഗ്രഹിച്ച് ആശീര്‍വദിക്കണമേ . ആമ്മേന്‍. 

 

ദൈവമാതാവായ കന്യാമറിയമേ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. മാതാക്കളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജരാര്‍ദേ, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.

തിരുവചനം 

കര്‍ത്താവിന്റെ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും (സങ്കീര്‍ത്തനങ്ങള്‍ 127:3)

മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു, ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു, ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു (ജറെമിയാ 1:5).

എനിക്കു രൂപം ലഭിക്കുക്കുന്നതിനുമുന്‍പുതന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു, എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു. ദൈവമേ, അവിടുത്തെ ചിന്തകള്‍ എനിക്ക് എത്ര അമൂല്യമാണ് അവ എത്ര വിപുലമാണ് (സങ്കീര്‍ത്തനങ്ങള്‍ 139:16-17).

അവള്‍ കഴിവും അന്തസ്സും അണിയുന്നു, ഭാവിയെ നോക്കി പുഞ്ചിരിക്കുന്നു (സുഭാഷിതങ്ങള്‍ 31:25).

+++