കുഞ്ഞുങ്ങളെ  ലഭിക്കുവാന്‍ ദമ്പതികളുടെ പ്രാര്‍ത്ഥന

പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍. ആമ്മേന്‍. സ്‌നേഹപിതാവായ ദൈവമേ, ഞങ്ങളെ ദാമ്പത്യജീവിത്തില്‍ പ്രവേശിപ്പിച്ച അങ്ങയോടു ഞങ്ങള്‍ നന്ദിപറയുന്നു. ഞങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നന്നായി അറിയുന്ന കര്‍ത്താവേ, ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമേ. പിതൃത്വത്തിന്റെയും മാതൃത്വത്തിന്റേയും നാഥനായ അങ്ങ്, ഞങ്ങളെ ആശീര്‍വദിക്കണമേ. നിര്‍മ്മല കന്യകയായിരുന്ന മറിയത്തെ അത്ഭുതകരമാംവിധം മാതാവാക്കി ഉയര്‍ത്തിയ ദൈവമേ, അബ്രാഹത്തെയും, സാറായെയും, വാര്‍ദ്ധക്യത്തില്‍  മാതാപിതാക്കളാക്കിയ പിതാവേ, ഞങ്ങള്‍ക്കും മാതാപിതാക്കളാകുവാനുള്ള അനുഗ്രഹം നല്കണമേ. ഒരു കുഞ്ഞിന്റെ നിര്‍മ്മലമായ സാന്നിദ്ധ്യത്താലും സ്‌നേഹത്താലും  ഞങ്ങളുടെ ജീവിതത്തെ ധന്യമാക്കണമേ. അങ്ങനെ അങ്ങയുടെ സ്‌നേഹാമൃതം ഈ ലോകത്തില്‍ അനുഭവിച്ചു ധന്യരാകുവാന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്യണമേ. ആമ്മേന്‍.

തിരുവചനം 

ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിച്ചത്, എന്റെ പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു (1 സാമുവല്‍ 1:27).

കര്‍ത്താവിന്റെ ദാനമാണ് മക്കള്‍,ഉദരഫലം ഒരു സമ്മാനവും (സങ്കീര്‍ത്തനങ്ങള്‍ 127:3)

ഉത്തമവും പൂര്‍ണവുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു (യാക്കോബ് 1:17).

കര്‍ത്താവേ, ഞാന്‍ എന്താണു കാത്തിരിക്കേണ്ടത് എന്റെ പ്രത്യാശ അങ്ങയിലാണല്ലോ (സങ്കീര്‍ത്തനങ്ങള്‍ 39:7).

+++