ജീവിത പങ്കാളിയെ ലഭിക്കുവാന്‍ പ്രാര്‍ത്ഥന

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ച അങ്ങയെ ഞാന്‍ സ്തുതിക്കുന്നു. അവരെ ദാമ്പത്യത്തിലേക്ക് നയിക്കുകയും മാതാപിതാക്കന്‍മാരാക്കി ഉയര്‍ത്തുകയും ചെയ്ത അങ്ങയുടെ അനന്തപരിപാലനയെ ഞാന്‍ വാഴ്ത്തുന്നു. ദാമ്പത്യജീവിതത്തിനുള്ള അഭിലാഷവും പ്രേരണയും നല്കി എന്നെ അനുഗ്രഹിച്ച അങ്ങയോടു ഞാന്‍ നന്ദി പറയുന്നു. അങ്ങയുടെ തിരുഹിതമനുസരിച്ചു ദാമ്പത്യജീവിതം നയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഹൃദയാഭിലാഷങ്ങളും പ്രതീക്ഷകളും നന്മയും എന്നേക്കാള്‍ നന്നായി അറിയുന്ന കര്‍ത്താവേ, എനിക്ക് ഏറ്റം യോജിച്ച ഒരു ജീവിതപങ്കാളിയെ അങ്ങുതന്നെ എനിക്കായി തിരഞ്ഞെടുത്തു തരണമേ. എനിക്ക് അനുയോജ്യമായ വധുവിനെ/ അനുയോജ്യമായ വരനെ കണ്ടെത്തുവാന്‍ വേണ്ടി എന്റെ പ്രിയപ്പെട്ടവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ സഫലമാക്കണമേ. തോബിയാസിനെയും സാറായെയും അത്ഭുതകരമായി തിരഞ്ഞെടുത്ത്,  അവരെ  സൗഭാഗ്യകരമായ ദാമ്പത്യത്തിലേക്കുയര്‍ത്തിയ കര്‍ത്താവേ, അനാദി മുതലേ എനിക്കായി അങ്ങു തെരഞ്ഞെടുത്തിട്ടുള്ള വധുവിനെ (വരനെ), എനിക്കു കാണിച്ചു തരണമേ. ഞങ്ങളുടെ വിവാഹം യഥാകാലം മംഗളകരമായി നടക്കുവാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ! ആമ്മേന്‍.

തിരുവചനം 

കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക, സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ  എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ, അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും (സുഭാഷിതങ്ങള്‍ 3:5-6). നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക, നിന്റെ പദ്ധതികള്‍ ഫലമണിയും (സുഭാ 16:3).

നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും (മത്തായി 6:33).

കര്‍ത്താവേ എന്റെ ശക്തിയും പരിചയുമാണ്, കര്‍ത്താവില്‍ എന്റെ ഹൃദയംശരണംവയ്ക്കുന്നു, അതുകൊണ്ട് എനിക്കു സഹായം ലഭിക്കുന്നു. എന്റെ ഹൃദയം ആനന്ദിക്കുന്നു, ഞാന്‍ കീര്‍ത്തനമാലപിച്ച് അവിടുത്തോടു നന്ദിപറയുന്നു (സങ്കീര്‍ത്തനങ്ങള്‍ 28:7).

+++