വൈദികര്‍ക്കു വേണ്ടിയുള്ള  പ്രാര്‍ത്ഥന
നിത്യ പുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദികര്‍ക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്‍കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറും എടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുകൊള്ളണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്‌നേഹം  അവരെ ലോകതന്ത്രങ്ങളില്‍നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്‌നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ  ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമ്മേന്‍.

ലോകരക്ഷകനായ ഈശോ, അങ്ങേ പുരോഹിതരെയും വൈദികശുശ്രൂഷകരെയും ശുദ്ധീകരിക്കണമേ. വൈദികരുടെ രാജ്ഞിയായ പരി.മറിയമേ, വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമ.

തിരുവചനം 

നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ.  യേശുക്രിസ്തുവഴി  ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിതജനമാവുകയും ചെയ്യട്ടെ ( 1 പത്രോസ് 2:5).

നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും  വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നും തന്റെ  അത്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം ( 1 പത്രോസ് 2:9).

+++