ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെട്ടവരുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥന
സര്‍വ്വശക്തനും പിതാവുമായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. സ്വന്തം  ഛായയില്‍ മനുഷ്യനെ സൃഷ്ടിക്കുകയും പാപം മൂലം അധ:പതിച്ച മനുഷ്യകുലത്തെ രക്ഷിക്കാന്‍ വേണ്ടി തന്റെ തിരുക്കുമാരനെ അയയ്ക്കുകയും ചെയ്ത സ്‌നേഹത്തെ ഓര്‍ത്ത് അങ്ങേക്കു ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോയിലൂടെ ഞങ്ങളെ മാനസാന്തരത്തിലേക്കു ക്ഷണിക്കുകയും നിത്യജീവിതത്തിലേക്കാനയിക്കുകയും ചെയ്ത കര്‍ത്താവേ... എന്ന ദു:ശ്ശീലത്തിന്റെ/തിന്മയുടെ അടിമയായിരിക്കുന്ന (പേര് പറയുക) എന്ന സഹോദരന്റെ / സഹോദരിയുടെ മേല്‍ കരുണയുണ്ടായിരിക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മാനസാന്തരപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ നശിക്കും എന്നരുളിചെയ്തുകൊണ്ട് പാപവും പാപസാഹചര്യങ്ങളും വിട്ടകലുവാന്‍ ആഹ്വാനം ചെയ്ത  കര്‍ത്താവേ, തിന്മയെയും അതിന്റെ സാഹചര്യങ്ങളെയും ഉപേക്ഷിക്കാന്‍ ആവശ്യമായ എല്ലാ കൃപകളും കൊണ്ട് ഈ സഹോദരനെ/സഹോദരിയെ അനുഗ്രഹിക്കണമേ. അങ്ങയുടെ പ്രിയപുത്രന്‍ സഹിച്ച  പാടുപീഡകളെയും കുരിശു മരണത്തെയും ഓര്‍ത്ത് തിന്മയുടെ എല്ലാ ബന്ധനങ്ങളിലും നിന്ന് ഈ സഹോദരനെ/സഹോദരിയെ മോചിപ്പിക്കുകയും അങ്ങയുടെ തിരുക്കുമാരനായ ഈശോയേയും അവിടത്തെ ആത്മാവിനെയും സ്വീകരിക്കുവാന്‍ തക്കവിധം ഇയാളുടെ ഹൃദയത്തെ തുറക്കുകയും ചെയ്യണമേ. പാപമോചനത്തിനായി അവിടന്നു കുരിശില്‍ ചിന്തിയ തിരുരക്തം തളിച്ച് ഇയാളെ വിശുദ്ധീകരിക്കുകയും എല്ലാവിധ പൈശാചികശക്തിയില്‍ നിന്നും, പാപഫലങ്ങളില്‍ നിന്നും അവിടുത്തെ വി.കുരിശിന്റെ ശക്തിയാല്‍ രക്ഷിക്കുകയും ചെയ്യണമേ.

അങ്ങേ പ്രിയപുത്രനായ ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവമക്കളാകുവാനുള്ള വരം നല്‍കിയിരിക്കുന്ന ദൈവമേ,  ഈശോയില്‍ വിശ്വസിക്കുവാനും, അവിടത്തെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ദൈവമായ അങ്ങയെ പിതാവേ എന്നു വിളിക്കുവാനും ഇയാളെ അനുഗ്രഹിക്കണമേ. അങ്ങനെ ഞങ്ങളെല്ലാവരും ഒത്തൊരുമിച്ച് അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുവാനും അങ്ങയെ മഹത്വപ്പെടുത്തുവാനും ഞങ്ങള്‍ക്കിടയാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദധാത്മാവുമായ സര്‍വ്വേശ്വരാ ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.  

തിരുവചനം 

തങ്ങളുടെ ദുഷ്ടതയില്‍ നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്സുമാറ്റി. അവരുടെ മേല്‍ അയയ്കുമെന്നു പറഞ്ഞ തിന്മ അയച്ചില്ല (യോനാ 3:10).

കാര്‍മേഘം പോലെ നിന്റെ തിന്മകളേയും മൂടല്‍മഞ്ഞുപോലെ നിന്റെ പാപങ്ങളെയും ഞാന്‍ തുടച്ചുനീക്കി. എന്നിലേക്കു തിരിച്ചുവരുക, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു (ഏശയ്യാ 44:22).

തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന് ഐശ്വര്യമുണ്ടാവുകയില്ല. അവ ഏറ്റുപറഞ്ഞ് പരിത്യജീക്കുന്നുവന് കരുണ ലഭിക്കും (സുഭാഷിതങ്ങള്‍ 28:13).

കര്‍ത്താവ് അരുളിചെയ്യുന്നു ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍ (ജോയേല്‍ 2:.12).

+++