വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രാര്‍ത്ഥന
എന്റെ ഹൃദയത്തില്‍ വസിക്കുന്ന ത്രീത്വയ്ക ദൈവമേ, അങ്ങയെ ഞാന്‍ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേക്കു നന്ദി പറയുകയും ചെയ്യുന്നു. എന്നെ തിന്മയിലേക്കു നയിക്കുന്ന എല്ലാ ആസക്തികളെയും, ചിന്തകളെയും, വികാരവിചാരങ്ങളെയും നിയന്ത്രിച്ച് മനസ്സിനെയും, ബുദ്ധിയെയും, യേശുവിന്റെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ. എന്റെ മാതാപിതാക്കളേയും ഗുരുഭൂതരെയും സ്‌നേഹിക്കാനും, അനുസരിക്കാനും എന്നെ പഠിപ്പിക്കണമേ. ബോധജ്ഞാനത്തിന്റെയും അറിവിന്റെയും ഉറവിടമായ ഈശോയെ, എന്നെ പൂര്‍ണ്ണമായി ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ സഹായകനായ പരിശുദ്ധാത്മാവേ, പഠനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ എന്നെ സഹായിക്കണമേ, നേരായ ബുദ്ധി, ഓര്‍മ്മ, അറിവ് എന്നിവയാല്‍ നിറച്ച്, പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മിക്കുവാന്‍ അങ്ങ് എന്നെ സഹായിക്കണമേ. പരിശുദ്ധ അമ്മ വഴി ഞാന്‍ സമര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന സ്വീകരിക്കണമേ. ആമ്മേന്‍ . യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്‌തോത്രം.
തിരുവചനം
നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക. നിന്റെ പദ്ധതികള്‍ ഫലമണിയും(സുഭാഷിതങ്ങള്‍ 16:3). സ്വന്തം ബുദ്ധിയില്‍ വിശ്വാസം അര്‍പ്പിക്കുന്നവന്‍ ഭോഷനാണ്. ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിക്കുന്നവന്‍ സുരക്ഷിതനായിരിക്കും (സുഭാ 28:26).
മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം (റോമാ 9:16).
ദൈവം സോളമന് അളവറ്റ ജ്ഞാനവും ഉള്‍ക്കാഴ്ചയും കടല്‍ത്തീരംപോലെ വിശാലമായ ഹൃദയവും പ്രദാനം ചെയ്തു (1 രാജാക്കന്മാര്‍ 4:29).
എന്റെ ശരീരവും മനസും ക്ഷീണിച്ചു പോയേക്കാം, എന്നാല്‍ ദൈവമാണ് എന്റെ ബലം (സങ്കീര്‍ത്തനങ്ങള്‍ 73:26).
+++